Followers

Friday 27 August 2010

നടക്കട്ടെ ഇരുളിനോപ്പം..


ക്ഷേത്രത്തിനു മുന്‍പിലുള്ള കൈതക്കാട് മിഴി തുറക്കുന്നത് ഗ്രാമീണ നന്മ
ഉണരുന്ന തീവണ്ടിപാതയിലേയ്ക്ക്.
സന്ധ്യകളില്‍, ദീപാരാധനയ്ക്കു ശേഷം കുട്ടികളുടെ കുസൃതികള്‍ നോക്കി കുളക്കടവില്‍ ഇരിക്കുമ്പോഴാവും കുളപ്പടവ് കുലുങ്ങി തീവണ്ടിയുടെ വരവ് അറിയിക്കുക.
കുട്ടികളപ്പോള്‍ കൈകോര്‍ത്ത്‌ പിടിച്ചു, ഒരു കാല്‍ പടവിലും മറ്റേതു വെള്ളത്തിലും ആഴ്ത്തി,പതുക്കെ കുളത്തിന്‍റെ തണുപ്പ്‌ തൊട്ടറിയുകയാവും. പടവ് കുലുങ്ങേണ്ട താമസം തട്ടിപ്പിടഞ്ഞു എഴുനേറ്റു ഒരോട്ടമാണ്.എന്‍റെ വെപ്രാളം പകര്‍ന്ന ഞെട്ടലില്‍ തിരിഞ്ഞു നോക്കി,
ഒരു നിമിഷം ശങ്കിച്ച് എനിയ്ക്ക് പുറകെ അവരും.ഒടുവില്‍ തീവണ്ടിയ്ക്കൊപ്പം കിതച്ചു കൊണ്ട് ഞങ്ങളും..
അരണ്ട വെളിച്ചം നിറച്ച പെട്ടിക്കൂടുകള്‍ അമര്‍തിക്കിതച്ചു കടന്നുപോകുമ്പോള്‍ പാതയ്ക്ക് സമാന്തരമായ് ഓടി കൈവീശി പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍...

"ഈ അമ്മയ്ക്ക് ഒരു നാണവും ഇല്ലേ, വയസ്സുകാലത്ത് ഈ തടിയും വെച്ച് ഇങ്ങനെ ഓടാന്‍...?",ആമിയുടെ സ്നേഹ ശാസനം...

ഉണ്ണിയെ ചേര്‍ത്തുപിടിച്ചു അവളെ നോക്കി കണ്ണ് ഇറുക്കുമ്പോള്‍ ,
എന്‍റെ കൈകള്‍ തട്ടിമാറ്റി , ഒരു മത്സരത്തിന്റെ ലഹരി കെട്ടടങ്ങാത്ത തന്‍റെ മിഴികള്‍
അകന്നു പോകുന്ന തീവണ്ടിയ്ക്കൊപ്പം പായ്ക്കുന്ന അവന്‍...
തിരിച്ചു കൈതക്കാടിറങ്ങി,ക്ഷേത്രവും ,കുളവും കടന്നു അലസമായി ഒരു നടത്തം,ഒട്ടും ധൃതി വെക്കാതെ...

ഈ ക്ഷേത്രവും, കുളപ്പടവും,കൈതക്കാടും തീവണ്ടിപ്പാതയും ഇന്നെനിക്കന്ന്യമാവുന്നത് ഞാനറിയുന്നു...അല്ലെങ്കില്‍ ഈ ഓര്‍മ്മകളില്‍ നിന്ന്,ഈ സത്യങ്ങളില്‍ നിന്ന് ,അങ്ങകലെയ്ക്ക് ഒളിച്ചോടാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്?
മുന്പ് ഇവിടെ വന്നാല്‍ ഗ്രാമീണ സൌന്ദര്യം മിഴികളിലും മനസ്സിലും ആവാഹിയ്ക്കാന്‍ തിടുക്കം കൂട്ടിയിരുന്ന ഞാന്‍ ഇപ്പോഴെന്തേ നാല് ചുവരുകള്‍ക്കുള്ളില്‍ ,പുസ്തക കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഇലചുരുട്ടി പുഴുവിനെ പോലെ... പതുങ്ങി...?നഗരരാത്രികള്‍ സമ്മാനിച്ച തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ,തേഞ്ഞു തീരാറായ ചന്ദ്രക്കലയില്‍ ഏറി,മിഴികള്‍ ആകാശം തുഴയുമ്പോള്‍,നക്ഷത്രകണ്ണുകള്‍ ചിമ്മി മേഘപരപ്പുകള്‍ വകഞ്ഞുമാറ്റി ഇരുളില്‍ അലിയുന്ന ഗഗനചാരികള്‍...തീവണ്ടിപ്പാതകളുടെ പൂര്‍ണ്ണത പോലെ വിമാനങ്ങളുടെ സഞ്ചാരപഥം സങ്കല്‍പ്പിക്കാന്‍ എനിക്കൊരിക്കലും കഴിയാറില്ല.അവ എനിക്കെന്നും അമൂര്തങ്ങളായ നിശാചരികള്‍ ആയിരുന്നു.എന്‍റെ ചിന്തകളുടെ അപൂര്‍ണ്ണത പോലെ തെളിഞ്ഞും മറഞ്ഞും അവ..
ഇമയടച്ച് തുറക്കുന്ന വേഗത്തില്‍ രാത്രി പകലാകുമ്പോള്‍, ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും എനിക്കന്യമാവുന്നു...പകലിന്‍റെ കത്തുന്ന രശ്മികള്‍ എന്നെ അന്ധയാക്കുമ്പോള്‍, യാന്ത്രികതയ്ക്കൊപ്പം ഒഴുകുന്ന ഞാനും എന്‍റെ ആത്മാവും..എങ്കിലും ചിന്തകളുടെ സ്വകാര്യതയില്‍ മനസ്സിലെ ഓര്‍മ്മകൂട് തുറക്കുമ്പോള്‍ അറിയാതെ രാത്രിയാവാന്‍ മോഹിച്ചുപോവുന്നു...
വെറുതെ ഇരുളിനോപ്പം മാനത്തേയ്ക്ക് നോക്കി,തീവണ്ടിപ്പാതയിലൂടെ ലക്‌ഷ്യം തെറ്റാതെ മുന്നോട്ടു കുതിയ്ക്കാന്‍...ഗഗനചാരികളുടെ സഞ്ചാരപഥം തേടി..

19 comments:

  1. പ്രിയപ്പെട്ട ജോ,
    ജീവിതം ഒരു പാട് മാറ്റങ്ങളുടെ ആകെത്തുകയല്ലേ?ഓടാനും ചാടാനും വെമ്പുന്ന മനസ്സ് ന്ഷ്ടപ്പെടാത്തവര്‍ ഭാഗ്യമുള്ളവര്‍.രാത്രിയെനിക്ക് പേടിയാണ്.വല്ലാതെ.
    ഒരു തീവണ്ടി യാത്രക്ക് ഞാന്‍ ഒരുങ്ങുന്നു.ഒരു പാട് ഓര്‍ത്തു ഒരു പാട് മറക്കാന്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സിലൂടെ,
    പൂര്‍ണതയുള്ള തീവണ്ടിപാത പോലെ,
    വായനക്കാരനും ഇതിലെ വരികളിളുടെ സഞ്ചരിച്ചു എത്തുന്നത്‌
    സങ്കല്പങ്ങള്‍ക്ആതീതമായ പ്രപഞ്ചസത്യങ്ങള്‍ പോലെ .....
    ഇരുളില്‍ ഗഗനചാരികളുടെ സഞ്ചാരപഥം തേടുന്ന ആ മനസ്സ് പോലെ.....
    ഏതോ വിങ്ങലുകള്‍ക്കു നടുവിലുള്ള ഒരു ലോകത്തെയ്കാന്നു .....
    ഇത് വായിച്ചു തീരുന്നിടത് നിന്നും വീണ്ടും അലയുന ഒരു മനസ്സുമായി ....
    വിമാനങ്ങളുടെ സഞ്ചാരപഥം തേടി..... അതിന്റെ നേരറിയാന്‍...

    എഴുത്തിന്റെ ഒരു വ്യതസ്ത ശൈലി വളരെ നന്നായി ഇഷ്ടപ്പെട്ടു ..മനോഹരം
    പ്രത്യേകിച്ച് ഈ വരികള്‍ ...

    നഗരരാത്രികള്‍ സമ്മാനിച്ച തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ,തേഞ്ഞു തീരാറായ ചന്ദ്രക്കലയില്‍ ഏറി,മിഴികള്‍ ആകാശം തുഴയുമ്പോള്‍,നക്ഷത്രകണ്ണുകള്‍ ചിമ്മി മേഘപരപ്പുകള്‍ വകഞ്ഞുമാറ്റി ഇരുളില്‍ അലിയുന്ന ഗഗനചാരികള്‍...

    ReplyDelete
  3. പഴമയുടെ പല ചേലുകളും ഇന്ന് നഷ്ടപ്പെട്ടിരിക്കയാണ്. ഓര്‍മ്മകളില്‍ നമ്മളവ സൂക്ഷിക്കുമ്പോഴും പുതിയ കാലത്തിന്റെ കുത്തൊഴുക്കില്‍ പലതും ഉടച്ചു വാര്‍ക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ ഉടച്ച് വര്‍ക്കെണ്ടിയിരിക്കുന്നു. അങ്ങിനെ മാത്രമേ നാട് മുന്നോട്ട്‌ കുതിക്കു. അവിടെ നമുക്ക്‌ ഇഷ്ടമുള്ള പലതും നഷ്ടപ്പെടുന്നുണ്ട് തിരിച്ച് വരാനാവാത്ത വിധത്തില്‍. ഒരു നൊമ്പരത്തോടെ നമ്മളവ സ്വീകരിക്കേണ്ടിയിരിക്കുന്നു.
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍.

    ReplyDelete
  4. കവിത തുളുമ്പുന്ന എഴുത്ത്..... ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും കൌതുകവും എല്ലാം മനോഹരമായി വരച്ചിരിക്കുന്നു.ഒപ്പം നഷ്ടസ്മൃതിയും ആധുനികതയുടെ വേവലാതിയും.
    അവിടെ 'മണിമുത്തുകള്‍' പെറുക്കാന്‍ വന്നതിനു വളരെ നന്ദി,അല്ലെങ്കില്‍ ഈ 'നിലാവെട്ടം' ഞാന്‍ കാണാതെ പോയേനെ.... ഇരുളില്‍ തപ്പിത്തടഞ്ഞു നഷ്ടപ്പെട്ടേനെ...

    ReplyDelete
  5. ഇപ്പോള്‍ എഴുത്തുകാരില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന തനിമയുള്ള ഭാഷാശൈലിയാണ് സൃഷ്ടിയില്‍ കാണാനായത്. നമ്മളില്‍ നിന്നും നഗരജീവിതം തട്ടിപ്പറിച്ചെടുത്ത സൌഭാഗ്യങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വമാര്‍ന്ന ചിന്തകളില്‍ അകൃത്രിമമായ ശൈലി പ്രശോഭിക്കുന്നു. എഴുതുക ഇനിയും.

    ReplyDelete
  6. കോട്ട കൊത്തളങ്ങള്‍
    പോലെ നിരന്നു നില്ക്കുന്ന
    ഫ്ളാറ്റുകള്‍ക്കു മുന്നിലായി
    മരവിച്ചു നിന്ന മനസ്സില്‍
    ഭൂതകാലത്തിന്റെ
    കണ്ണാടിത്തിളക്കം
    തൊടികള്‍ ഇടവഴികള്‍
    പൈക്കിടാങ്ങള്‍ തൊട്ടു
    താലോടും ഇളംകാറ്റും....

    ഹൃദയവര്‍ജ്ജകമായ ഈ കഥ
    രചനാ സവിശേഷത കൊണ്ടും
    വേറിട്ടു നില്ക്കുന്നു.

    ReplyDelete
  7. നല്ല ഒഴുക്കുള്ള എഴുത്ത്....നന്നായിരിക്കുന്നു...
    ആശംസകൾ

    ReplyDelete
  8. നല്ല എഴുത്ത്‌ ... ആശംസകള്‍ ...

    ReplyDelete
  9. സാഹിത്യം നിറഞ്ഞ് നില്‍ക്കുന്ന വരികള്‍..

    ReplyDelete
  10. True jyostna, In your busy schedule,under the flouroscent light tied up to your seat, from morn to eve,eyes glued to the monitor, how could onr get the solace of the innocent breeze muttering sweet nothings unto your ears, and those little birds chirping yonder on the distant barks, well,, your work makes me too nostalgic.

    ReplyDelete
  11. ഈ ക്ഷേത്രവും, കുളപ്പടവും,കൈതക്കാടും തീവണ്ടിപ്പാതയും ഇന്നെനിക്കന്ന്യമാവുന്നത് ഞാനറിയുന്നു...

    ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
    നന്നായിരിക്കുന്നു...

    ReplyDelete
  12. Only a person with innocence similar to that of a child can play with kids in their wave length. Sparing time for kids and hand holding them to the small small good things in the country side , is one of the best things that parents can give to kids..... Sure your kids, when grow up, will identify those as the treasures in their life...

    For those who are fed up with the flooding of normal "memoirs / nostalgia " , filled with lot of words like " paadam, varambu, thumba , onathumbi, etc.... This piece of writing will be really a refreshing expereience.. standing apart from usual style.. Once again reminds me that ability to writeis really a gift from god and you have been blessed with it..

    ReplyDelete
  13. ashaya saundharyam niranju nilkkunn avarikal......... aashamsakal.............

    ReplyDelete
  14. ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും എനിക്കന്യമാവുന്നു...പകലിന്‍റെ കത്തുന്ന രശ്മികള്‍ എന്നെ അന്ധയാക്കുമ്പോള്‍, യാന്ത്രികതയ്ക്കൊപ്പം ഒഴുകുന്ന ഞാനും എന്‍റെ ആത്മാവും..എങ്കിലും ചിന്തകളുടെ സ്വകാര്യതയില്‍ മനസ്സിലെ ഓര്‍മ്മകൂട് തുറക്കുമ്പോള്‍ .........
    ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും അന്യമാവുന്നവന്റെ ഉള്ളിനെ തുറന്നു കാട്ടിയിരിക്കുന്നു.

    ReplyDelete
  15. പ്രിയപ്പെട്ട ജോ..

    എന്താ പറയ്യാ..ഇത് വായിക്കുമ്പോള്‍ അറിയുന്നു ഞാന്‍ നിന്‍ മനസ്സ് തേടുന്ന
    പൂര്‍ണതയുള്ളതും അമൂര്തങ്ങളുമായ സഞ്ചാരപഥങ്ങള്‍,പക്ഷെ നീ കാണുന്ന
    പൂര്ര്‍ണതയുള്ള തീവണ്ടിപാതകല്‍ള്‍ക്ക് ദിശയും ലക്ഷ്യവും ഒന്നേ ഉള്ളു..
    മുന്നില്‍ വരുന്ന തടസ്സങ്ങള്‍ക്ക് പോലും വഴിമാറി കൊടുക്കാന്‍ പറ്റാത്തൊരു സഞ്ചാരപഥം,
    എന്നാല്‍ യാന്ത്രികമായ ഒരന്ധതയില്‍ നിന്നും നഗരരാത്രികളിലേക്ക് വഴുതുമ്പോള്‍,
    അറിയുക നീ.... തെളിഞ്ഞും മറഞ്ഞും, നിന്റെ സങ്കല്പങ്ങള്‍ക് അതീതമെന്ന് കരുതിയ ഗഗനചാരികളുടെ
    സഞ്ചാരപഥത്തിനു അതിസൂക്ഷ്മമായ പൂര്‍ണത ഉണ്ടായിരിന്ന്നു എന്ന്...
    നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും ഗ്രാമീണ നന്മയിലേക്ക് മിഴികള്‍ തുറക്കുന്ന സാന്ത്വനത്തിന്റെ സഞ്ചാരപഥം.

    എഴുത്തും വിഷയവും മനോഹര ബിംബങ്ങളായി മനസ്സില്‍ തങ്ങുന്നു ...തുടരുക ..പിന്തുടുരാം ...

    ReplyDelete
  16. നല്ല എഴുത്ത് ആശംസകള്‍

    ReplyDelete