Followers

Wednesday 5 October 2011

ദേവാന്വിത


പുറംലോകത്തെ  ആകര്‍ഷിക്കതക്കതായി ഒരു മോടിയും ഈ വീടിനില്ല.മുഖം മിനുക്കാത്ത ചെങ്കല്‍ ചുമരും പൂപ്പും പായലും പിടിച്ചു വഴുവഴുത്ത കറുപ്പടിഞ്ഞ ഓടുകളും.  ദിക്കുനോക്കി  അച്ഛന്‍ നട്ട ദേവതരുവും .കരിമരവും വെപ്പും കണികൊന്നയും അല്ലാതെ ,  മുറ്റത്തു ,വെട്ടിയൊതുക്കി നിരയോപ്പിച്ച കുറ്റിചെടികളോ  പുല്‍ത്തകിടിയോ  ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്പ് മോള്‍ക്ക്‌ പള്ളിക്കൂടം സമ്മാനിച്ച  മഹാഗണി,നീലാകാശം പുണരാന്‍ വെമ്പി ശൂന്യതയിലേയ്ക്കു പടര്‍ന്നു കയറുന്നു.ഒപ്പം  ഒട്ടും  യുക്തിബോധമില്ലാതെ ഞാന്‍ നട്ട്  കാടുകയറിയ വേലിയരിപൂക്കളും,മതില്‍പച്ച ചേക്കേറിയ ചെടിച്ചട്ടികളില്‍ നട്ട നന്ദ്യാര്‍വട്ടവും  കാശിതുമ്പയും പിന്നെ ഇതളുകളില്‍ പ്രണയം കിനിയുന്ന , കുലകുലയായി വിടര്‍ന്നു ചിരിക്കുന്ന ചെമ്പനീര്‍ പൂക്കളും.
എങ്കിലും ഏറെ വൈകി,  തളര്‍ച്ച്ചയെല്ലാം  ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു വന്നു കയറുമ്പോള്‍ പടിപ്പുരയ്ക്കു അപ്പുറത്ത് നിന്ന് തന്നെ  മാടി വിളിയ്ക്കുന്ന എന്‍റെ സ്വപ്നക്കൂട് ,മടുപ്പില്ലാതെ ഇരുകൈകളും നീട്ടി വാരിയെടുത്തു ഇവളെന്നെ  മടിയിലിരുത്തും
അകത്തളങ്ങളില്‍ ചുമരുകളുടെ അതിരുകളില്ലാതെ ആകാശനീലിമയില്‍ അലിഞ്ഞുറങ്ങാന്‍ ,
 സ്വപ്നത്തിന്റെ പച്ചപ്പില്‍ നിറഞ്ഞ്‌ ചിരിക്കാന്‍ ,
സ്നേഹത്തിന്റെ പനിനീര്‍ വര്‍ണ്ണത്തില്‍ കളികോപ്പുകള്‍ നിറയ്ക്കാന്‍ ,
ഇവളുടെ ഓരോ മുറികളിലും ചാലിച്ച്ചിരിയ്ക്കുന്നത്   എന്‍റെ സ്വപ്നങ്ങളുടെ  വര്‍ണ്ണം.
ഇത് എന്‍റെ ആത്മാവ്  ഉറങ്ങുന്നിടം.
ആകാശത്തിന്റെയും കടലിന്റെയും അനന്തനീലിമ തൂവിയ ഈ പ്രപഞ്ചം എനിയ്ക്ക് മാത്രം സ്വന്തം.
സ്വപ്‌നങ്ങള്‍ കാണാനും സ്വപ്‌നങ്ങള്‍ പങ്കുവെക്കുവാനും ഉറക്കെചിരിയ്ക്കാനും കിന്നാരം പറയാനും സ്വയം മറക്കാനും കൂട്ടിനെന്റെ കണ്ണനും, പിന്നെ കവിതകളും ,സംഗീതവും , ഒരു കുന്നോളം പുസ്തകങ്ങളും.
ഇത് എന്‍റെ സ്വപ്നം.
ജനാലയ്ക്കപ്പുരത്തെ അനന്തതയിലേയ്ക്ക് നീളുന്ന എന്‍റെ സ്വപ്നം.
വീട് ഒരു മനസ്സാണ്.
ഓരോ പ്രണയിനിയുടെയും മനസ്സ്.