Followers

Saturday, 21 August 2010

സ്വപ്നങ്ങളുടെ തുമ്പസ്മിതം

മനസ്സാകും പൂക്കൂടയില്‍ ഒരായിരം വസന്തങ്ങളുടെ കാക്കപൂക്കളും മുക്കുറ്റികളും
വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പൊന്നോണം...
ഈ ദിനം എനിയ്ക്ക് ,കഴിഞ്ഞുപോയ കാലം നെഞ്ചില്‍ നിറച്ച സൌഭഗങ്ങളുടെയും വരാനിരിക്കുന്ന സന്ത്വനങ്ങളുടെയും കണക്കെടുപ്പിന്റെ നാള്...
എന്തിനോ വേണ്ടി പൂത്തുകൊഴിയുന്ന നാലുമണിപൂക്കളുടെ
സൌരഭ്യം എന്നെ വെറുതെ ഭ്രമിപ്പിച്ചിരുന്നു...
കാത്തുകാത്തിരുന്നു ഒടുവില്‍ വിടര്‍ന്നു പുഞ്ചിരിയ്ക്കുന്ന
അവയ്ക്കും എന്റെ സ്വപ്നങ്ങളോളം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
എങ്കിലും, മഴനൂല്‍ കനപ്പിച്ച മലരുകള്‍ പോലെ നീയെന്ന സാന്ത്വനം ഉള്ളില്‍
പകര്‍ന്ന നിര്‍മ്മലമായ നോവുകള്‍...
തേകി തെളിഞ്ഞ മനസ്സില്‍ സ്വപ്നത്തിന്റെ ഉറവ പൊട്ടിയൊഴുകുന്നത്
ഞാനറിഞ്ഞു തുടങ്ങിയ നാളുകള്‍...
രൂപവും ഭാവവുമില്ലാത്ത സ്വപ്നങ്ങള്‍ക്ക് ഞാന്‍ നല്‍കിയ നിറചാര്‍ത്തുകള്‍...
അവ തെച്ചിയായും ചെമ്പരത്തിയായും കോളാമ്പിപൂക്കളായും വിടര്‍ന്ന നാളുകള്‍...
മനസ്സില്‍ ഒരു തുമ്പപാടം ഉയര്‍ത്തിയ,ഉണര്‍ത്തിയ നേരുകള്‍...
കൂടെ വന്നു കൂട്ട് നിന്ന് , ഞാനുണ്ട് കൂടെയെന്ന് ,നീയറിയിച്ച നിമിഷങ്ങള്‍..
മനസ്സിലെ മഞ്ഞുരുക്കുന്ന ഇളം വെയിലായി നീ മാറിയ ദിനങ്ങള്‍...
നിനവുകളില്‍ നിറഞ്ഞ നീയെന്ന നാദം ഉള്ളിലുയര്‍ത്തിയ ഓണപൂവിളികള്‍...
അതില്‍, ഒരു നിറവായി,നിനവായി ,സ്വപ്നമായി,മഴമേഘങ്ങളായി,പൂവിതളായി ,
പൊന്‍തുവലായി
വെറുതെ തെന്നി നീങ്ങിയ മനസ്സ്..വരണ്ട മരുഭൂവില്‍ ഒരു നീര്‍മണിസ്മിതം..
എഴുകടലും കടന്നു പരന്നൊഴുകിയ നിലാസ്മിതത്തില്‍ ഓളങ്ങള്‍ക്കൊപ്പം
ചാഞ്ചാടി നീയും ഞാനും
പിന്നിട്ട നിര്‍മ്മമതയുടെ നാള്‍വഴികള്‍...
പിന്നെ ഒരു സാമീപ്യത്തിന്റെ നനുത്ത സാന്ത്വനമായി എനിക്കൊപ്പം ചേര്‍ന്ന നിന്റെ വാക്കുകളും.
കല്ലില്‍ കനവു കടഞ്ഞ് ,വാക്കില്‍ കവിത വിരിയിച്ച്,എന്നെ തൊട്ടറിഞ്ഞ നീ ഇന്നെവിടെയാണ്‌?
കാതില്‍ നേര്‍ത്ത സംഗീതമായി,ഹൃദയതാളമായി നീ പതിച്ച നാളുകള്‍...
മധുരതരമായ ഒരു സ്വപ്നം പോലെ ഉണര്‍ന്നു എഴുനേറ്റപ്പോള്‍ മാഞ്ഞുപോയ നീ...
വീണ്ടും കണ്ണീര്‍ തണുപിച്ച കവിള്‍തടങ്ങളുമായി ഇവിടെ ഞാന്‍ ....
ആ കണ്ണീരില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പെരുമഴക്കാലം തീര്‍ക്കാന്‍
ഞാ ന്‍കാത്തിരിക്കുന്നുണ്ടാവാം എന്ന ബോധ്യത്തോടെ അങ്ങകലെ നീയും...???????
ഉള്ളില്‍ വീണ്ടുമൊരു തിരുവോണപുലരി ...
കാലം അണിയിക്കുന്ന മായാപൂക്കളങ്ങള്‍...
സ്വപ്നങ്ങളുടെ തുമ്പസ്മിതം ...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...


3 comments:

 1. Dear joe,
  മനസ്സിലെ പൂക്കുടയില്‍ വര്‍ണങ്ങള്‍ വിതറിയ പൂവുകളുടെ കൂടെ....
  ഒരു ഓണകാലത്തിനപ്പുറം നിലനില്‍ക്കുന്ന വര്‍ണ്ണങ്ങളും,നിനവുകളും, നാദങ്ങളും,എല്ലാം
  ഒരു നദിയാക്കി നിന്നെ തൊട്ടറിഞ്ഞു ഒഴുകിയ അവന്‍ ഒരു സ്വപ്നമായി മാറിയതോ?
  അതോ തണുത്ത കവിള്‍ത്തടങ്ങളില്‍ ഒരുമിച്ചു അലിഞ്ഞു ഒഴുകിയ ചുടുകണ്ണീരിന്റെ പെരുമഴക്കാലവുമായി...
  കാലം ഒരുക്കുന്നത് മായാപൂക്കളങ്ങള്‍ അല്ലെന്ന സത്യം,അത് ഒരു കാത്തിരിപ്പിന്റെ അവസാനം ,എന്ന് പറയാന്‍ വേണ്ടി മാത്രം ആകുമോ ?
  എല്ലാവര്ക്കും ഓണാശംസകള്‍

  ReplyDelete
 2. നല്ല വരികള്‍.
  ഓണാശംസകള്‍.

  ReplyDelete
 3. മനോഹരമാക്കിയ വരികള്‍.
  ഓണാശംസകള്‍

  ReplyDelete