Followers

Tuesday, 22 December 2009

et tu brute............ബ്രുട്ടസ് നീയും...


'..............ഇതിപ്പോ ഏട്ടനു ഒരേ വാശി...എന്ടരന്‍സ് കോച്ചിംഗ് സൗകര്യം
തൃശ്ശൂര്‍ ആണത്രേ.ഇന്നലെ മോളെ അവിടെ കൊണ്ട് ചെന്ന് വിട്ടു,ബോര്‍ഡിങ്ങില്‍..പറയു ചേച്ചി..
ഞാനെന്തു ചെയ്യണം?ഞാനിവിടെ ഒന്നുമല്ലാതായി തീരുന്നു.
ഇതിപ്പോ കേള്‍ക്കുന്നവര്‍ക്ക് തോന്നുന്നത് ഞാന്‍ എന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി മോളുടെ ഭാവി നശിപ്പിക്കുകയാണെന്നാ..എന്റേത് വെറും ബാലിശമായ പിടിവാശി
ആണെന്ന്...ചേച്ചി തന്നെ പറയു..ആണോ?പഠിക്കുന്നവര്‍ എവിടെ പഠിച്ചലെന്താ...സാഹചര്യം ഈ നാട്ടിലും ഇല്ലേ? അത് പോരെ?
മൂന്നു പേരും മൂന്നിടത്ത്... ഇതാണോ ചേച്ചി ജീവിതം?..."
സജു പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു...തേങ്ങലിനിടയില്‍ ചിതറിതെരിച്ച്ച്ച വാക്കുകളെ പെറുക്കിക്കൂട്ടാന്‍ എനിയ്ക്ക് ഒട്ടൊന്നു പണിപ്പെടേണ്ടി വന്നു.

"സജു, കരയാതെ...ഞാനിതാ അങ്ങോട്ട്‌ വരുന്നു...നിനക്ക് തിരക്കൊന്നുമില്ലെങ്കില്‍ നമുക്കൊന്ന് കറങ്ങി വരാം..ടി ബി എസ് ഇല്‍ നിന്ന് കുറച്ചു ബുക്സ് വാങ്ങാനുണ്ട്...പിന്നെ രുചിയില്‍ നിന്നും നിന്റെ പ്രിയപ്പെട്ട മസാലദോശയും...എന്ത് പറയുന്നു..."
'ഞാനെപ്പഴേ റെഡി...!സജുവിന്റെ വാക്കുകളിലെ ഉത്സാഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

പോകാനുള്ള തിരക്കില്‍ യാന്ത്രികമായി ജോലികള്‍ ചെയ്തു തീര്‍ക്കുമ്പോള്‍ മനസ്സില്‍ വീണ്ടും സജുവിന്റെ സ്വരം..." എല്ലാവരുമുണ്ട് ചുറ്റിലും..എങ്കിലും വയ്യ ഈ ഏകാന്തത ..ആരോട് പറയാന്‍...ആര്‍ക്കു മനസ്സിലാവാന്‍... പണം,പ്രശസ്തി,ആരോഗ്യം,ബുദ്ധി...കാണുന്നവര്‍ക്ക് അസൂയ തോന്നുന്ന ജീവിതം.എന്നിട്ടും...ഐ ഡോണ്ട് ഫീല്‍ എനിബഡീസ് പ്രസന്‍സ് അരൌണ്ട് മീ...എല്ലാവരും അവനവന്റെ ലോകം തീര്‍ത്തു ഒരു കൊക്കൂണി്നുള്ളില് തപസ്സാണ്.മടുത്തു...ഒരു ജോലിയുള്ളത് ..അതും കളഞ്ഞു...ഞാന്‍ വല്ലതും പറഞ്ഞു പോയാല്‍ ടെന്‍ഷന്‍ മനസ്സിലാക്കുന്നില്ലെന്നു പരാതിയും...വന്നു വന്നു ടെന്‍ഷന്‍ മനസ്സിലാക്കി പെരുമാറുന്ന പുതിയ സൌഹൃദങ്ങളും കിട്ടീരിക്കുന്നെ..."

കുട്ടീ..ഞാനെന്തു പറഞ്ഞു ആശ്വസിപ്പിക്കണം?ജീവിതം വെറും സുഖദുഖഃങ്ങളുടെ സമ്മേളനമല്ലെന്നും അത് തികച്ചും ഗൌരവമേറിയ ഒന്നാണെന്നും തിരിച്ചറിയാന്‍ നാമെന്തേ ഇത്ര വൈകുന്നു?..കവികള്‍ വാഴ്ത്തി പാടിയ വിപ്രലംഭ ശൃംഗാരത്തിന്റേ മാധുര്യം പലരും മറന്നു തുടങ്ങിയിരിക്കുന്നു.മങ്ങുന്ന പ്രണയക്കാഴ്ചകള്‍ വേദനയോടെ നമുക്ക് മുന്നില്‍ തെളിയുന്നു...ചാറ്റ് റൂമുകളുടെ സ്വകാര്യതകളില്‍ പേരറിയാത്ത സൌഹ്ര്ദങ്ങളില്‍ ജീവിതം ഹോമിക്കപ്പെടുമ്പോള്‍ നഷ്ടമാവുന്ന ആത്മാവിന്റെ പ്രണയ ഭാവം..അത് തിരിച്ചു കൊണ്ടുവരാന്‍ ഇനി എത്ര ജന്മങ്ങള്‍ വേണം?എങ്കിലും പ്രതീക്ഷിക്കാം...എല്ലാ പ്രവര്തനങ്ങള്‍ക്കുമുണ്ടാകുമല്ലോ ഒരു പൂരിതഘട്ടം..എല്ലാം കലങ്ങിതെളിഞ്ഞു ആത്മശുദ്ദീകരണം നടത്തി വീണ്ടുമൊരു ജന്മം കൂടി...

പിന്നെ ഞാനൊരു പ്രോഫെഷനല്‍ ഉപദേശക ഒന്നുമല്ല കേട്ടോ.മനസ്സില്‍ ഇളകി മറിയുന്ന ചിന്തകള്‍ കൂട്ടുകാര്‍ക്കായി വീതം വെച്ച് ഓരോ ദിവസവും ആഘോഷമാക്കുന്ന വെറും സാധാരണക്കാരി. നമ്മുടെ പൂര്‍വ്വികരേക്കാളേറെ സുഖസൌകര്യങ്ങള്‍ ഉണ്ടായിട്ടും ഇന്നന്തേ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഈ കനത്ത ഏകാന്തത...........?കാലപ്രവാഹത്തിനിടയില്‍ എവിടെയോ നഷ്ടപ്പെട്ടു പോയ ബന്ധങ്ങളുടെ ഊഷ്മളത തേടി ,കളഞ്ഞു പോയ കളിപ്പാട്ടത്തിനായി വാശി പിടിക്കുന്ന കുഞ്ഞിനെ പോലെ ഈ ഞാനും...
സജുവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കൊരുത്തെടുത് അവളുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍
മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വിരിയിച്ചു അദ്ദേഹത്തിന്റെ തിരുവചനം...മാസത്തില്‍ നാലഞ്ച് ദിവസം എന്റര്‍ടിന്‍മെന്റ് ഒന്നുമില്ലാതെ ഞങ്ങള്‍ പുരുഷന്മാര്‍ എങ്ങനെ ....ഈ സ്ത്രീജനങ്ങളുടെ ഒരു കാര്യമേ...
ശരിയാ ,അപ്പൊ പിന്നെ പോളിഗാമിയുടെ പേരില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ...?
ശോ ...
അല്ലെങ്കിലും ഞാനിങ്ങനെയാ...
തോന്നേണ്ടത് വൈകിയേ തോന്നു...
അല്ലെങ്കില്‍ തന്നെ ഇപ്പോഴാണോ ഇക്കാര്യം പറയേണ്ടത്?
സംഗതി സാങ്ങ്ഷന്‍ ആയിട്ട് കൊല്ലമോന്നു കഴിഞ്ഞില്ലേ..!
പക്ഷെ കാലമെത്ര കഴിഞ്ഞാലെന്താ, ഏതു കാലത്തെയ്ക്കും ആവശ്യമുള്ള
സംഭവങ്ങള്‍ ആകുമ്പോള്‍ അവയുടെ പ്രസക്തി നശിക്കുന്നില്ലല്ലോ...
അനുഭവം ഗുരു എന്നാണല്ലോ..സഞ്ചാരിയായ വലതു ഭാഗത്തിന്റെ യാത്രകള്‍ തുടര്‍കഥയായപ്പോഴാണ്,
'അദ്ദേഹത്തിന്റെ ' ഈ വാക്കുകള്‍ ഒരു കുളിര്‍ മഴയായ് ഉള്ളില്‍ പെയ്തിറങ്ങിയത്...

ഫ്രെന്‍സ്,സിസ്റ്റേഴ്സ് ,മദേഴ്സ്,വിടോസ്, ആന്‍ഡ്‌ ഓള്‍ ദ വിമെന്‍ ഫോക് ,
ഫ്രാങ്ക്ലി സ്പീകിംഗ് ,ഹി ഈസ്‌ സച് ആന്‍ ഒനരബില്‍ മാന്‍.ഞാന്‍ അദ്ദേഹത്തെ മനസ്സറിഞ്ഞൊന്നു വാഴ്ത്ത്തട്ടേ.അദ്ദേഹം തികച്ചും ആദരണീയന്‍ തന്നെ...
അല്ലെങ്കിലും പെണ്‍ബുദ്ധി പിന്‍ബുദ്ധി തന്നെ..അല്ലെങ്കില്‍ സ്ത്രീകളുടെ ഭാവശുദ്ദിയ്ക്ക് പേര് കേട്ട ആര്‍ഷ ഭാരതത്തിലെ വിരഹദുഖഃമനുഭവിക്കുന്ന എല്ലാ ശീ്ലാവതികള്ക്കും ആശ്വാസമേകുന്ന തരത്തില്‍ ഒരു മഹാ പ്രഖ്യാപനം 'അദ്ദേഹം' നടത്തിയിട്ടും ആ മഹാനെ ആദരിയ്ക്കാന്‍ എന്തെ ഒരു മഹിളാമണി പോലും മുന്നോട്ടു വന്നില്ല...ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്നു ആര്ക്കാണല്ലെങ്കില് അറിയാത്തത്? മഹാബലന്മാരായ പുരുഷകേസരികള്‍ കേവലം അഞ്ച് ദിവസം അനുഭവിക്കുന്ന തീവ്രാനുരാഗ വേദന കാണാന്‍ കഴിയുന്ന അദ്ദേഹത്തിന് തീര്‍ച്ചയായും നമ്മെ കാര്‍ന്നു തിന്നുന്ന വിരഹദുഃഖവും ഏകാന്തതയുടെ കാഠിന്യവും മനസ്സിലാകും..
കാശു്ണ്ടായിരുന്നെങ്കില് വജ്രഖചിതമായ ഒരു സ്വര്‍ണ്ണ പതക്കം ആ തിരുമാറില്‍ ഞാന്‍ അണിയിച്ചേനെ...
അതുകൊണ്ട് പ്രവാസികളും സഞ്ചാരികളുമായ ഭര്‍ത്താക്കന്മാരെ...ജാഗ്രതൈ..ഞങ്ങള്‍ക്കീ ഏകാന്തത മടുത്തു തുടങ്ങിയിരിക്കുന്നു...ലേഡീസ്,ലെറ്റ്‌'സ് സെലിബ്റേറ്റ് പോളിയാണ്ട്രി ...

പ്രിയപ്പെട്ടവര്‍ക്ക് നടുവിലും ഏകാന്തതയുടെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന എല്ലാ സ്ത്രീകളെയും സ്മരിച്ചുകൊണ്ട്...
വീണ്ടും സന്ധിയ്ക്കും വരേയ്ക്കും വണക്കം...

Sunday, 25 October 2009

കണ്‍ഫഷന്‍സ് ഓഫ് എ ഫെസിലിറ്റേറ്റര്‍ അഥവാ ഒരു അധ്യാപികയുടെ കുമ്പസാരം


"അല്ലെങ്കിലും ഇവറ്റകളൊക്കെ ഇങ്ങന്യാ .സ്വാര്‍ത്ഥകള്‍ ...ബാക്കി ഉള്ളോരു എത്ര വിഷമിച്ചാലും സ്വന്തം കാര്യം നടക്കണം എന്നെ ഉള്ളു...കണ്ടില്ലേ ചാടിക്കേറി ഇരുന്നത്..?
കൊടുക്കൂലാ .........എണീറ്റ്‌ കൊടുക്കൂലാ ഇവറ്റകള്‍....എനിക്കീ വര്‍ഗത്തിനെയൊക്കെ നന്നായി അറിയാം...എന്റെ പെങ്ങള്‍ കുട്ടീനേം കൊണ്ട് കേറിയപ്പോ ഞാന്‍ കണ്ടതാ...ഒരൊറ്റ എണ്ണവും സ്ഥലം കൊടുത്തില്ല...കേറി ഞെളിഞ്ഞങ്ങു ഇരുന്നോളും...കണ്ടാല്‍ നല്ല ആരോഗ്യമുണ്ടല്ലോ...ബസ്സിലാണെങ്കില്‍ സീറ്റ്‌ സംവരണവും.. എന്നിട്ടും ആണുങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇടം പോലും കൈയ്യേറും... നോക്ക് ,നോക്ക് ...ആ പെണ്ണിന്റെ മുഖത്ത്‌ വല്ല ഉളുപ്പും ഉണ്ടോന്നു...ചമഞ്ഞു ഒരുങ്ങി ഇറങ്ങിക്കോളും..."അയാള്‍ പിന്നെയും പലതും പുലമ്പികൊണ്ടിരുന്നു...

സ്വപ്നമാണോ..?
മിഴിയാന്‍ മടികാണിച്ച കണ്ണിണകളെ വലിച്ചുതുറന്നു പരിഭ്രാന്തിയോടെ ചുറ്റും നോക്കി...
എല്ലാ മുഖങ്ങളും എനിക്ക് നേരെ...
പലഭാവങ്ങള്‍...പരിഹാസം,സഹതാപം,നിസ്സഹായത...
എന്താണാവോ കാര്യം!ഞാന്‍ തിരിഞ്ഞു നോക്കി...
പുറകില്‍ നിന്ന യുവാവിന്റെയാണീ രൂക്ഷ വിമര്‍ശനം..
കേന്ദ്ര കഥാപാത്രം ഈ ഞാന്‍ തന്നെ.
സൂചികുത്താന്‍ ഇടമില്ലാത്ത ബസ്സില്‍ നുഴഞ്ഞു കയറി ,ആളൊഴിയാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിച്ച് ,ഒടുവില്‍ ഒഴിഞ്ഞ സീറ്റ് കണ്ടുപിടിച്ച് ഞാന്‍ തള്ളിക്കയറി ഇരുന്നതാണ് വിഷയം...
എന്തോ മഹാപാപം ചെയ്ത മട്ടില്‍ എന്റെ ശിരസ്സിനു ഭാരം കൂടുന്നതായെനിയ്ക്ക് തോന്നി. അടുത്തിരുന്ന യുവതി എന്നെ സഹതാപത്തോടെ നോക്കി...അന്തം വിട്ട ഭാവത്തോടെ ഞാന്‍ അവരെയും,ഒരല്പം നിസ്സഹായതയോടെ.

ആളുകളുടെ ആകാംഷയ്ക്ക് അറുതി വരുത്തി കൊണ്ടു തൊട്ടു പുറകിലിരുന്ന യുവാവിന്റെ പ്രതികരണം..."ഒന്നു നിര്‍ത്തുന്നുണ്ടോ..?നിങ്ങള്‍ക്കിപ്പ എന്താ വേണ്ടേ?സീറ്റ് ആണോ?ഓ ...ഞാനങ്ങ് എഴുനേറ്റു തന്നെയ്ക്കാം പോരെ?ബസ്സില്‍ ആണുങ്ങള്‍ക്ക്‌ സീറ്റ് ഇല്ലാന്ന് അറിഞ്ഞുടെ ? ബാക്കിയെല്ലാം ജനറല്‍ ആണ്.പിന്നെ ഈ ബസ്സിനകത്ത് ഉള്ളവരെല്ലാം തന്നെ പല ചിന്തകളും വെവേലാതിയുമായി ഒരു ദിവസത്തെ ലാഭനഷ്ടങ്ങളൊക്കെ കണക്കു കൂട്ടി വീട്ടിലേയ്ക്ക്‌ നെട്ടോട്ടം ഓടുന്നവരാണ്.അതിനിടയ്ക്ക് ഇത്തരം അഭ്യാസം കാണിച്ചു മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്‌.."

പരിപുര്‍ണ്ണ നിശബ്തത ...എല്ലാ മുഖങ്ങളിലും വീണ്ടും പഴയപോലെ നിസ്സംഗത...
എനിക്ക് വേണ്ടിയല്ല ആ പ്രതികരണമെന്ന് അറിയാമായിരുന്നെങ്കില്‍ കൂടി , അദേഹത്തിന്റെ ഇടപെടലിനോട് എനിക്ക് ആദരവ്‌ തോന്നി.തന്റെ ഗാഢമായ ചിന്താധാരയുടെ ചരട് മുരിച്ചവനോടുള്ള അമര്‍ഷമായിരുന്നു ആ സ്വരം മുഴുവന്‍,ഒപ്പം അതിന് കാരണക്കാരിയായ എന്നോടും!
എങ്കിലും ആശ്വാസം.പരിഹാസ വചനങ്ങള്‍ക്ക് ഒരറുതി ആയല്ലോ ..സര്‍വവും സ്വസ്ഥം,ശാന്തം...
മനസ്സില്‍ കനത്ത നിശബ്ദതയെ തകര്ത്തു കൊണ്ട് ചിന്തകളുടെ ഉരുള്‍പൊട്ടല്‍..ഒരു ദിനാന്ത കുറിപ്പിന്‍റെ വേലിയേറ്റം...

"ഗംഗാ തരംഗ രമണീയ ..."എസ് പി ബി യുടെ ശിവസ്തുതിക്കൊപ്പം ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന ഒരു ദിനത്തിന്റെ ആദ്യഘട്ടം ,8.45 നു തുടങ്ങുന്ന ദുരിത യാത്രയോടെ അവസാനിക്കുന്നു...
സംഭവ ബഹുലമായ ഈ രണ്ടാംഘട്ടത്തിന് ഒരു പ്രകാശവര്ഷത്തിനുമപ്പുറം ദൈര്‍ഘ്യമുന്ടെന്നു എപ്പോഴുമെനിക്ക് തോന്നി പോവാറുണ്ട്..ഉണ്ടാവണമല്ലോ...അതാണല്ലോ നമ്മുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടാനെന്ന വണ്ണം എങ്ങിയും വലിഞ്ഞും കുലുങ്ങിയും ശകടങ്ങളെല്ലാം തന്നെ മാനസികരോഗ ആശുപത്രി വഴിയേ പോകുന്നത്! അത് വഴി കടന്നു പോകുമ്പൊള്‍ ഞാന്‍ ഒട്ടൊരു തമാശയോടെ ചിന്തിക്കാറുണ്ട് ...ആ വലിയ മതില്‍ കെട്ടിപൊക്കിയിരിക്കുന്നത് അകത്തേയ്ക്കോ,അതോ പുറത്തേയ്ക്കോ?യഥാര്‍ത്ഥത്തില്‍ മതിലിനകത്ത് ആരാണ്?
ഇപ്പുറത്തുള്ളവരെ പോലെ തന്നെ അപ്പുറത്തുല്ലവര്ക്കും തോന്നുന്നുണ്ടാവില്ലേ പുറത്തുള്ള ഭ്രാന്തന്മാരില്‍ നിന്നും തങ്ങള്‍ സുരക്ഷിതരാണെന്ന്?
ചുമ്മാ ഓരോന്ന് ചിന്തിക്കുന്നതാണെ...വല്ല വാഹനവും വരുന്നതു വരെ വേറെന്തു പണി!

അനന്തമായ കാത്തിരിപ്പിനൊടുവില്‍ ഒരു ചെറുചിരിയോടെ മുന്നില്‍ വണ്ടി നിര്‍ത്തുന്ന ചിരപരിചിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ .അകത്തുള്ള മറ്റു മൂന്നു പേരുടെ മുഖത്ത് പ്രകടമായ അനിഷ്ടവും അതൃപ്തിയും കണ്ടില്ലെന്നു നടിച്ചു അകത്തു കയറിപറ്റി ഇരുന്നെന്നു വരുത്തി...ഓട്ടോയുടെ ഉള്ളില്‍ നിന്നും ശരീരം വലിച്ചു പുറത്തിട്ടു ചില്ലറ തപ്പുമ്പോള്‍ അശരീരി പോലെ ഡ്രൈവറുടെ സ്വരം."ഒരു വണ്ടി വാങ്ങിക്കൂടെ ടീച്ചറെ...".
മറുപടി പുഞ്ചിരിയില്‍ ഒതുക്കി അടുത്ത ലക്ഷ്യത്തിലേയ്ക്ക്...

മത്സരിച്ചോടുന്ന വണ്ടികള്‍ക്കൊപ്പം കബഢി കളിച്ചു ഒരു വിധം കയറിപറ്റലാണ് ആദ്യത്തെ കടമ്പ.നീളക്കുറവുള്ളവരെ പരിഹസിക്കാനെന്ന മട്ടില്‍ ഉയരെ ഘടിപ്പിച്ച കമ്പിയില്‍ അതി വിദഗ്ധമായി
കൈ എത്തിപിടിക്കുകയാണ് അടുത്ത സംരംഭം.കൈയ്യടക്കം ശീലിച്ച ഇടതുകൈയ്യില്‍ തൂവാലയും എണ്ണിപെറുക്കി വെച്ച നാലുരൂപതുട്ടുകളും ഒളുപ്പിച്ചു ഒത്ത നടുവിലായി കാണുന്ന തൂണില്‍ ച്ചുറ്റിപിടിക്കുന്നെടത്ത് എന്റെ ദേഹഭാവം പൂര്‍ത്തിയാകുന്നു.(ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാകാത്ത പക്ഷം ഒരദ്ധ്യാപികയുടെ പതനം ഏവര്‍ക്കും ദര്‍ശിക്കാമെന്ന ചിന്ത എന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപെടുത്തുന്നു!)
ഇനിയങ്ങോട്ടൊരു ചാഞ്ചാട്ടമാണ്
...ഇടത്ത്...
വലത്ത്...
ചെരിഞ്ഞമര്‍ന്നു...
ഉയര്‍ന്നുപൊങ്ങി...അങ്ങനെയങ്ങനെ..
.ഇതിനിടയ്ക്ക് ചിലപ്പോള്‍ കറങ്ങിചെന്നു മുന്നില്‍ നില്‍ക്കുന്നവരുടെ മുതുകത്ത്‌...തോളില്‍ തൂങ്ങിയാടുന്ന സഞ്ചിയുടെ ഭാരം വര്‍ധിക്കുന്നു...എന്റെ കൈ കഴച്ചുതുടങ്ങിയിരിക്കുന്നു.പാതി ലക്ഷ്യമായ 5 കി മി പിന്നിടുമ്പോഴെയ്ക്കും സമയം 9.20 കഴിഞ്ഞിരിയ്ക്കും.ഇവിടുന്നങ്ങോട്ട്‌ ആഞ്ഞു പിടിച്ചു ഓടി അടുത്ത ബസ്സ് പിടിച്ചാലും നേരത്തിനു എത്തുന്ന കാര്യം കടം തന്നെ.കൂടെ ചുവടുപിടിക്കുന്ന സ്ത്രീജനങ്ങള്‍ക്കൊപ്പം മത്സരിച്ചോടി നിരനിരയായി നിര്‍ത്തിയിട്ട ഓട്ടോ യില്‍ ഒന്നിലെയ്ക്ക് ശരീരം വലിച്ചിട്ടു കണ്ണടച്ച് ഒരു ഇരിപ്പാണ്."വണ്ടി നേരെ ആശ്രമത്തിലേയ്ക്ക് വിട്ടോളൂ".

വിശാലമായ മൈതാനം താണ്ടി പിന്നാമ്പുറത്തുള്ള ഹയര്‍ സെക്കന്ററി ബ്ലോക്കിലെ പടികള്‍ ഓടി കയരുംപോഴെയ്ക്കും പ്രാര്ത്ഥന തുടങ്ങിയിരിക്കും..".............നല്ലതേ തോന്നാവൂ ,നല്ലതേ ചെയ്യാവൂ ,നല്ലതേ ചൊല്ലാവൂ നിന്‍ കൃപയാല്‍..."പിന്നെ ഒരു പടയോട്ടം...ക്ലാസ്സുകളില്‍ നിന്നും ക്ലാസ്സുകളിലെയ്ക്ക്...ആംഗലേയ സാഹിത്യം..നാടകം..സിനിമ ..കവിത...കഥ...മണിക്കൂറുകള്‍ നീളുന്ന സാരോപദേശം...പര്യാലോചന...ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളില്‍ സ്റ്റാഫ്‌ റൂമിലെ കലാമൂലയിലെ കവിതലാപനങ്ങളും വിഷയദാരിദ്ര്യമില്ലാത്ത നീണ്ട ചര്‍ച്ചകളും.4.30 കഴിഞ്ഞു ...
സംഭവ ബഹുലമായ ഒരു അധ്യയന ദിനത്തിന് താല്കാലികവിരാമം.
ഇനി മടക്കയാത്ര...
നേരം കടന്നുപോയ്ക്കൊണ്ടിരുന്നു...
വഴിതെറ്റിവരുന്ന ബസ്സിനായ് അനന്തമായ കാത്തിരിപ്പ്‌...
10 കി മി അപ്പുറത്തുള്ള വീട് മറ്റൊരു സൂര്യനായ്‌ മാറുന്നു........
നഗര വികസനത്തിനൊരു രക്തസാക്ഷി കൂടി...
മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സമയനിഷ്ഠ പാലിക്കുന്നതില്‍ ഇളവുനല്‍കാനായി നല്കിയ ദയാഹരജിയിന്മെല് തീര്‍പ്പുകല്‍പ്പിക്കുന്നതും കാത്തു നിമിഷങ്ങളെണ്ണി കാത്തുനില്‍ക്കുകയാണ് ഞാന്‍.
ബസ്സ്-സ്റ്റോപ്പ്‌ ഏതാണ്ട് ശൂന്യമായി തുടങ്ങി.
ഒജിന്‍ ബയിക്സ്‌ നു മുന്നില്‍ 'വട്ടം കറങ്ങണ കോയീനെ' കാണാന്‍ ആകാംഷയോടെ നിന്ന കുട്ടികളും മടങ്ങി കഴിഞ്ഞു ...
തീരം വിട്ടൊഴിഞ്ഞ തിരമാല കണക്കെ ക്ഷീണവും തളര്‍ച്ചയും വീണ്ടു അലയടിച്ചുയരാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു...

"....ഇവറ്റകള്‍ക്കൊന്നും മനസ്സില്ലേ...ആ പെങ്കൊച്ച് കുഞ്ഞിനെയും കൊണ്ടു കേറീട്ട് അറിഞ്ഞ ഭാവം കാണിക്കുന്നുണ്ടോന്നു നോക്ക്...." രോഷാകുലനായ ആ മനുഷ്യന്റെ സ്വരം ഉള്ളില്‍ പ്രതിധ്വനിക്കുന്നു...അറിയാതെയെങ്കിലും എനിക്ക് വേണ്ടി പ്രതികരിച്ച ചെറുപ്പക്കാരനെ അലിവോടെ തിരിഞ്ഞു നോക്കി കൊണ്ടു ഞാന്‍ ബസ്സിറങ്ങി..ഓട്ടോ ഒന്നും കാണുന്നില്ല...നടന്നു താണ്ടാന്‍ മൈലുകള്‍ ഇനിയും ബാക്കി.ഒപ്പം എനിക്കൊപ്പം ചുവടുവെച്ചു എന്റെ ഭ്രാന്തന്‍ ചിന്തകളും..

സഹോദരാ ..
എന്റെ മൗനം കുറ്റസമ്മതം ആയിരുന്നില്ല..
അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞു ന്യായീകരിക്കണം...എന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവുമോ?
ഒന്നു മാത്രം അറിയുക...ഞാന്‍ നിങ്ങള്‍ കരുതുന്നത് പോലെ അത്രയ്ക്ക് ഹൃദയശൂന്യയല്ല ...
നിങ്ങള്‍ അറിയുക ...ദിനാന്തത്തില്‍ ,കൂടണഞ്ഞാലും കാത്തിരിക്കുന്ന മൂന്നാംഘട്ട ജോലികള്‍...ഇതിനെല്ലമിടയ്ക്കു ,
ലോട്ടറി പോലെ,ഭാഗ്യം കടാക്ഷിച്ചാല്‍ മാത്രം കിട്ടുന്ന അല്‍ഭുതമാണ് ഇത്തരത്തിലൊരു സീറ്റ്..പലപ്പോഴും പലര്‍ക്കും എഴുനേറ്റു കൊടുക്കണമെന്ന മനസ്സിന്റെ ആഗ്രഹതിനോട് ശരീരം സമ്മതം പ്രകടിപ്പിക്കാറില്ല...ഞാനും എന്നെപോലെ മറ്റുപലരും ഊര്‍ജ്ജസ്വലതയുടെയും പുഞ്ചിരിയുടെയും മൂടുപടതിനുള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന തളര്‍ച്ച നിങ്ങള്‍ കാണാതെ പോകുന്നതില്‍ ഞങ്ങള്ക്ക് പരിഭവമില്ല...എങ്കിലും ..എങ്കിലും...ഞങ്ങളെ ഹൃദയമില്ലാത്തവര്‍ എന്ന് വിളിക്കരുതേ എന്നൊരപേക്ഷ മാത്രം..
ഇതൊരു കുമ്പസാരമല്ല...
വെറുതെ..വെറുതെ ഒന്നു ചിന്തിയ്ക്കാന്‍ മാത്രം..
എന്നെ പോലെ ,ഇതുപോലുള്ള കൂര്‍ത്ത വാക്കുകളുടെ ശരശയ്യയില്‍ വീണു രക്തം വാര്‍ന്നു തളരുന്ന ഒരുപാടു സ്ത്രീകള്‍ക്ക് വേണ്ടി..വിദ്യാഭ്യാസത്തിന്റെ ഭാരം മുതുകില്‍ പേറുന്ന ,സീറ്റ് ഉണ്ടെങ്കിലും ഇരിക്കാന്‍ അര്‍ഹതയില്ലാത്ത,എങ്ങാനും ഇരുന്നുപോയാല്‍ പരിഹാസ ശരങ്ങളേറ്റു പിടയുന്ന ,ലക്ഷകണക്കിന് കുഞ്ഞു മനസ്സുകള്‍ക്ക് വേണ്ടി...

Saturday, 10 October 2009

മമതയ്ക്കെന്താ മില്‍മാബൂത്തില്‍ കാര്യം??????????

സഹയാത്രികന് സ്നേഹപൂര്‍വ്വം ...
പതിവു പോലെ ഓടിക്കിതച്ചു സ്റ്റേഷനില്‍ എത്തുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞിരുന്നു.(നിന്റെ ആളെ കളിയാക്കുന്ന ആ ചിരി എനിക്ക് കാണാം)പതിവു യാത്രക്കാരായ ഞങ്ങളില്‍ ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ എന്നത്തേയും പോലെ പരിസരം ഏതാണ്ട് ശൂന്യം.വൈകി ഓടുന്ന വണ്ടി,സ്ഥിരം കാഴ്ചകളിലെ അസ്ഥിരത തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു..

സിഗ്നല്‍ ഫ്ലാഗുമായി കൂനിക്കുടി നീങ്ങാറുള്ള നിന്റെ ഉറക്കംതൂങ്ങി അമ്മാവന് ബദലായി പുതിയൊരു കഥാപാത്രം അവതരിച്ചിരിയ്ക്കുന്നു.അരണ്ട വെളിച്ചത്തില്‍ നീണ്ടുമടങ്ങി ചലിയ്ക്കുന്ന അയാളുടെ നിഴല്‍ ചിത്രങ്ങള്‍ മുത്തശ്ശികഥകളിലെ മന്ത്രവാദിനികളെ ഓര്‍മ്മിപ്പിച്ചു!
വാന്‍ഗോഗ് ചിത്രങ്ങളെ അനുസ്പരിപ്പിക്കുന്ന ആകാശത്തിനോളം തലയെടുപ്പോടെ നിവര്‍ന്നു നില്ക്കുന്ന ഇല പൊഴിഞ്ഞ ആ ഒറ്റ മരത്തില്‍ ഇന്നും നൂറോളം കാവതിക്കാക്കകള്‍ ഉണ്ടായിരുന്നു.സ്റ്റേഷനില്‍ മണി മുഴങ്ങുമ്പോഴും ,അല്ലെങ്കില്‍ ദൂരെ ഓട്ടുകമ്പനിയില്‍ നിന്നും സൈറണ്‍ മുഴങ്ങുമ്പോഴും കൂട്ടത്തോടെ ആര്‍ത്തലച്ചു പറന്ന് പൊങ്ങുന്ന കാക്ക കൂട്ടം.ചേക്കേറാന്‍ തിരക്കിട്ട് പറക്കുന്ന പ്രാവുകള്‍ ...
ദിവസത്തെ വിശേഷം പങ്കു വെക്കുവാനും വിശ്രമിക്കാനും മാത്രമായി പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒത്തുകൂടുന്ന ചെമ്മണ്ണും വിയര്‍പ്പും അണിഞ്ഞ തമിഴന്മാര്‍ .അവരുടെ ചട്ടികള്‍ക്കും തൂമ്പകള്‍ക്കും ചുറ്റും പ്രതീക്ഷയോടെ മണം പിടിച്ചു നടക്കുന്ന ശുനകന്മാര്‍ .

പതിവെങ്കിലും ഈ കാഴ്ചകള്‍ എന്നില്‍ മടുപ്പുളവാക്കുന്നില്ലെന്നു ഞാന്‍ പറയേണ്ടകാര്യമില്ലല്ലോ..എപ്പോഴത്തെയും പോലെ നിത്യാനുഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇന്നും ഞാന്‍ .പുതിയൊരു പ്രഭാതത്തിനു ഇപ്പുറമുള്ള നവപ്രതീക്ഷകളുടെ സന്ധ്യ..ഓരോ ദിനവും നിമിഷങ്ങളും പുതിയത്..അനുഭവങ്ങളും.എന്തിനേറെ ഈ ഞാന്‍ പോലും ..ഇന്നു കണ്ട എന്നെയല്ലല്ലോ നാളെ കാണുന്നത്!പുതിയ ദിനം,പുതിയ ഞാന്‍,പുതിയ ചിന്തകള്‍... ഇങ്ങനെ കാണാന്‍ കഴിയുമ്പോഴല്ലേ ജീവിതം നമ്മെ വല്ലാതെ മോഹിപ്പിയ്ക്കുന്നത്?
ലൈഫ് ഈസ്‌ റിയെലി ബ്യുടിഫുല്‍ ,ഇസിന്റ്റ്‌ ഇറ്റ്‌ യാര്‍...?

ജാസ് മ്യുസികിന്റെ മാസ്മരിക സംഗീതം പാടി ഒടുവിലവള്‍ കൂകിയെത്തി..പ്രൌഢയായ ഒരു റാണിയെ പോലെ...വനിതാ കംപാര്‍ത്ടുമെന്റിലെ "കെയര്‍ ഫുള്ളി കെയര്‍ ലെസ്സ് ഗാള്സ്"നെ ഞാനിന്നു വെറുതെ വിട്ടു.ഇന്നു ജെനറല്‍ ആയിരുന്നു എന്റെ തട്ടകം. നമ്മുടെ പെട്ടിക്കാരന്‍ കോയാക്ക എനിക്കുവേണ്ടി വിന്‍ഡോ സീറ്റ് റിസര്‍വ്‌ ചെയ്തിരുന്നു.പകരമായി ഇന്നു ഞാന്‍ ആ പാണ്ടോമാസ്‌ ബോക്സില്‍ നിന്നും ഒരു കല്ലുവച്ച ബിന്ദി വാങ്ങിച്ചു കേട്ടോ. ഇന്നലെ നമ്മള്‍ കണ്ട നീല റിബ്ബനുകള്‍ക്ക് പകരം ഇന്നു ചുവപ്പും കറുപ്പുമാണ്‌.ഒപ്പം പലവര്‍ണങ്ങളിലുള്ള,തിളക്കമേറിയ കല്ലുകളും മുത്തുകളും പതിച്ച വിലകുറഞ്ഞ കമ്മലുകളും ,പിന്നെ എന്റെ പ്രിയപ്പെട്ട കുപ്പിവളകളും.ഇതെല്ലാം കണ്ടു ,നീ പറയാറുള്ളതുപോലെ "കോലുമുട്ടായി കണ്ട കുട്ടിയുടെ ഭാവം"വരുത്താതിരിക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കിയിരുന്നു.
'പരദേശി' മാര്‍വാടി കുട്ടികള്‍ സ്ഥിരം പാട്ടു മാറ്റി. ഇന്നു പുതിയ ഐറ്റം ആണ് ..."ദില്‍ കെ അര്‍മാന്‍ ആന്സുവോം മേം ബഹെ ഗയെ .." എന്താണെന്നറിയില്ല ഈ ഗാനമെന്നും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടാകും.
ചണം കൊണ്ടുള്ള ബ്രഷ് തറയിലെ കപ്പലണ്ടി തോടും പൊടിയും മറ്റും തൂത്ത് വൃത്തിയാക്കി ഒന്നും മിണ്ടാതെ സുമന്നുസ്സുകളുടെ മുന്‍പില്‍ കൈ നീട്ടിയിരുന്ന ആ ബാലനെ ഈയിടെയായി കാണാനെ ഇല്ലല്ലോ...അവന്റെ ശാന്തതയും മൌനവും എന്നെ ഒട്ടൊന്നുമല്ല ചിന്തിപ്പിക്കുന്നത്.അവന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടു കേട്ടിട്ടേയില്ലല്ലോ... നീട്ടിയ കൈകളില്‍ ഒന്നും വന്നു വീണില്ലെങ്കിലും വീണ്ടും തല കുനിച്ച് കുന്തിച്ചിരുന്ന് നിരങ്ങി തന്റെ ജോലി തുടരുന്ന ഒരു അത്ഭുതം...അപ്പ്രീഷിയബില്‍ ... അല്ലെ?നിനക്കെന്തു തോന്നുന്നു?

ഇനിയാണ് ആ പുതിയ അതിഥിയുടെ വരവ് .(നീ കൂടെ ഇല്ലാതിരിക്കുമ്പോള്‍ മാത്രം ഈ പതിവുകള്‍ തെറ്റുന്നത് ഒരത്ഭുതം തന്നെ...)
ശുഭ്രവസ്ത്രധാരിയായ ഒരു ചെറുപ്പക്കാരന്‍...കൂപ്പുകൈ.. വസ്ത്രവും ഭാവവും മുരടനക്കിയുള്ള അവന്റെ സംസാരവും ഒറ്റനോട്ടത്തില്‍ അവനൊരു രാഷ്ട്രീയക്കരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.മൂന്നു തവണ കൈകള്‍ കൂട്ടിയടിച്ചു ആളുകളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു അവന്‍ തുടങ്ങി.."സുഹൃത്തുക്കളെ..,ഞങ്ങള്‍ അവതരിച്ചിരിക്കുന്നു ...മമതയുടെ തൃണമൂല്‍... നിങ്ങള്‍ക്കറിയില്ലേ കൂട്ടുകാരെ...ആയിരത്തി തൊള്ളയിരത്തി എഴുപത്തിയേഴ് മുതലുള്ള ഇടതു ഭരണം ഞങ്ങള്‍ ബംഗാളികള്‍ക്ക് മടുത്തിരിക്കുന്നു...(ഓഹോ!ഇങ്ങേര്‍ ബംഗാളിയാണോ...കണ്ടാലും കേട്ടാലും പറയൂലാ ട്ടോ ...)
ഒരു ഭരണമാറ്റം അനിവാര്യം..അത് വരുത്താന്‍ തൃണമൂല്‍ തന്നെ വേണം.മമത എന്‍ ഡി എ യില്‍ അലിഞ്ഞാലും തൃണമൂല്‍ ഒരു കുളിരായി എന്നും നമ്മുടെ ഉള്ളില്‍ ഉണ്ടാകണം... കാരണം ഇടതു ഭരണത്തിന്റെ ചൂടു കുറയ്ക്കാന്‍ അവര്‍ക്കേ സാധിയ്ക്കുകയുള്ളൂ. കത്തിജ്ജ്വലിക്കുന്ന വേനലില്‍ തണുത്ത സംഭാരം നമ്മുടെ ഉള്ളു കുളിര്‍പ്പിയ്ക്കുന്നത് പോലെ...നമ്മുടെ ചിന്തകളെ ഉണര്‍ത്തുന്നത് പോലെ.....അതെ...ഇങ്ങോട്ട് നോക്ക് സുഹൃതുക്കളെ...നമുക്കു ഒരുമിച്ചു ചിന്തകളെ ഉണര്‍ത്താം ."

ഇത്രയും പറഞ്ഞ ശേഷം ആ മാന്യ ദേഹം എന്തിനാണാവോ അടുത്ത് നിന്നുമൊരു ബക്കറ്റ്‌ വലിച്ചെടുത്തത് .എന്റെ കൃഷ്ണാ ...ബക്കറ്റില്‍ ഇന്നും ഓരോ മില്‍മസംഭാര പൊതികള്‍ യാത്രക്കാരായ ഞങ്ങളുടെ മടിയിലെയ്ക്കിട്ടു തികച്ചും ഗൌരവത്തോടെ അവന്‍ തുടര്‍ന്നു ..."മില്‍മ സംഭാരം സര്‍...വെറും എട്ടുരൂപ സര്‍..."
ശൂ....... ഊതി വീര്‍പ്പിച്ച ബലൂണില്‍ നിന്നും കാറ്റു പോണ പോലൊരു മര്‍മ്മരം...പൊട്ടിച്ചിരികള്‍...
മമത ജനങ്ങള്‍ക്കിടയിലെയ്ക്ക്...
ചെറുപ്പക്കാരന്റെ മുഖത്ത് പ്രതീക്ഷയുടെ സ്ഫുലിംഗം ...
ഈ സംഭാരത്തിന്റെ കുളിര് മമത അറിയുന്നുവോ?
ജനങ്ങള്‍ അറിയുന്നുവോ?
അല്ലെങ്കില്‍ ഈ ചെറുപ്പക്കാരന്‍ എന്ത് ചെയ്യും..?സംഭാരം പുളിച്ചു പുളിച്ചു പുളി കെടുമോ?
വിറ്റഴിക്കാന്‍ പറ്റാത്ത സംഭാരത്തിന്റെ ഭാരവും പേറി നിരാശയോടെ അവന്‍ നടന്നു നീങ്ങി...
ദൂരെ ഒരു പ്രകാശ ധൂളിയി അവന്‍ മിന്നി മറയുന്നത് വരെ എന്റെ മിഴികള്‍ അവന് അകമ്പടി ചെന്നു..

എന്റെ മനസ്സു ഇവര്‍ക്ക് വേണ്ടി തപിച്ചു കൊണ്ടിരിക്കുന്നു...
പണ്ടോമസ് ബോക്സില്‍ ജീവിതം നിറച്ച കൊയക്കയ്ക്ക് വേണ്ടി..
കണ്ണീരില്‍ മുങ്ങിയ ജീവിത അഭിലാഷങ്ങളെ കുറിച്ചു പാടുന്ന നാടോടികള്‍ക്ക് വേണ്ടി..
തൂത്തും തുടച്ചും ജീവിതവണ്ടിയോട്ടുന്ന ആ കൊച്ചു ബാലന് വേണ്ടി..
ജീവിതത്തില്‍ സംഭാരത്തിന്റെ കുളിര് നിറയ്ക്കുന്ന ആ ചെറുപ്പക്കാരന് വേണ്ടി...
അന്നും,ഇന്നും,എന്നും..

വാല്‍ക്കഷ്ണം...
സംഭാരക്കുട്ടനെ ഇന്നലെ വീണ്ടും ഞാന്‍ കണ്ടു...
മറ്റൊരു വണ്ടിയില്‍.. നോക്കിലും വാക്കിലും വേഷത്തിലും വിപ്ലവത്തിന്റെ വീര്യം നിറച്ച്..
"വലത് ഭരണത്തിന്റെ ചൂടു തണുപ്പിയ്ക്കാന്‍ സഖാവിനെ കഴിയു..."
അവന്‍ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു....

Sunday, 20 September 2009

നിലാവും മുല്ലപ്പുക്കളും


നിലാവും മുല്ലപ്പൂകളും എന്നോളം തന്നെ എനിയ്ക്ക് പ്രിയപ്പെട്ടതാണെന്ന് ആദ്യമായ്‌ ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്.
കടുത്ത വേനല്‍ പകലുകളുടെ താപശരങ്ങളേറ്റ് മുറിഞ്ഞ മനസ്സുമായ്‌ വേദനയോടെ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച ആ ദിവസം.നിറഞ്ഞമിഴികളോടെ , അനന്തമായ ആകാശത്തിലേയ്ക്ക് കുതിയ്ക്കനായ്‌ വെമ്പലോടെ ഓടിച്ചെന്നപ്പോള്‍ അന്ന് പെയ്ത നിലാമഴ എന്നില്‍ പകര്‍ന്ന പുതു ജീവന്‍..
"നീയാണ് സത്യം..നീ മാത്രം..തളരരുത്‌..."
ഉള്ളിലിരുന്നു ആരോ പറഞ്ഞുകൊണ്ടേയിരുന്നു.നീറുന്ന കൈത്തലങ്ങള്‍ തഴുകിയ രശ്മികള്‍ രക്തവര്‍ണ്ണമായ് മാറി.എന്റെ മിഴികളിലെ ആഴത്തിലേയ്ക്ക് ഊളിയിട്ടു നക്ഷത്രകുഞ്ഞുങ്ങള്‍ പറഞ്ഞു..
"നീ എത്രമാത്രം നിന്നെ പ്രണയിക്കുന്നെന്ന സത്യം എന്തെ നീ തിരിച്ചറിയാതെ പോയി?ആര്ക്കും നിന്നോളം നിന്നെ പ്രണയിക്കാനാവില്ലാ."
അതെ...അവന്‍ എനിക്ക് ചുറ്റും നെയ്തത് സ്വാര്‍ത്ഥതയുടെ ചിലന്തിവലകളാണെന്നു ഞാനിന്നറിയുന്നു.വലയ്ക്കുള്ളിലെന്നെ കുടുക്കി നിര്‍ത്തി പുറത്ത്‌ ഇരകളുമായ് രമിക്കുന്ന കൂറ്റന്‍ ചിലന്തികളെ ഞാന്‍ കാണുന്നു. അതിനെക്കാള്‍ എത്റയോ ഉയരെയാണ് എന്റെ ഈ ജന്മമെന്നു ഞാനിന്നറിയുന്നു.നിന്റെ മൌനം എന്റെ ഹൃദയത്തില്‍ നിറച്ച വേദന,നിന്റെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും വിളിച്ചോതിയ സത്യങ്ങള്‍...ഞാനറിയാതെ എന്നെ തേടി വന്ന ശാപവചനങ്ങള്‍..
നീ നീയും,ഞാന്‍ ഞാനുമായി ദേഹം വിട്ടൊഴിഞ്ഞിട്ടു മാസങ്ങളാകുന്നു.ഇനിയൊരിക്കലും നീയെന്ന പ്രതീക്ഷ ഈ മുല്ലവള്ളിയില്‍ പൂ വിടര്‍ത്തില്ല.ഈ ഉറച്ച മണ്ണില്‍ പ്രണയത്തിന്റെ നാമ്പ് മുളപൊട്ടില്ല .നിന്റെ വാക്കുകള്‍ ഇനിയൊരിക്കലും ഒരു തെന്നലായ്‌ എന്റെ ചിന്തകളില്‍ ഒഴുകില്ലാ....
പച്ചപുക്കൊടിതുമ്പിലെ
മഞ്ഞുതുള്ളിയില്‍ തെളിയുന്ന മഴവില്ലുകളേക്കാള്‍ ,കരിഞ്ഞ പുല്‍നാമ്പിലെ ഇനിയും നശിക്കാത്ത പ്രതീക്ഷകളുടെ പച്ചപ്പ്‌ ഇന്നെന്നെ മോഹിപ്പിയ്ക്കുന്നു.
എന്റെ ആകാശത്തില്‍ ഇനി നീയെന്ന സുര്യനില്ല...
ഞാനെന്ന നിലാവ് മാത്രം..ഒപ്പം എന്റെ നക്ഷത്രകുഞ്ഞുങ്ങളും ,മുല്ലപൂക്കളുടെ സുഗന്ധവും..
ഞാനിപ്പോള്‍ എന്നെ ഒരുപാടു പ്രണയിക്കുന്നു...

Sunday, 13 September 2009

എന്‍റെ അമ്മ ,നിങ്ങളുടെയും...

ഇരുണ്ട രാവിന്റെ വരണ്ട മാറിലായ്
തളര്‍ന്നു പാടുമീ ഉടഞ്ഞ തന്ത്രികള്‍ 
താരട്ടുപാടിയും മാറോടു ചേര്‍ത്തിയും
ഓമനിക്കുന്നിതാ നഷ്ടസ്വപ്നങ്ങളെ.
ഒട്ടു വരണ്ടു ചുളിഞ്ഞൊരാകൈത്തലം
കൊണ്ടു മറയ്ക്കുന്നു ,ചുവന്ന മിഴികളെ.
വരണ്ട കണ്ണുനീര്‍ ചാലുകള്‍തീര്‍ത്തൊരാ
കരിഞ്ഞകവിള്‍ത്തലം തെല്ലോന്നമര്‍ത്തിയും.
കൊരിചോരിയുന്നു ശാപ വചസ്സുകള്‍
പെയ്തോഴിയത്തൊരാ പേമാരി പോലവര്‍.
തന്‍ സതീര്‍ത്ഥ്യനെ നിര്‍ദയം വെട്ടിയോന്‍,
സ്വപുത്രനല്ലേതോ അസുരവിത്താണവന്‍ .
വരണ്ട മാറില്‍ ചുരത്തിയ വാല്‍സല്യം
കാളകൂടമായ് തീര്ന്നതറിഞ്ഞീല ഞാന്‍
പെറ്റുവളര്‍ത്തരുതാരുമി പുത്രരേ
പും നരകതിലെയ്ക്കഴ്ത്തുന്നു നമ്മളെ.
അമ്മ തന്‍ സ്വപ്‌നങ്ങള്‍ ഹൃത്തില്‍ കരിയുമ്പോള്‍
സൌഹാര്‍ദ ജാഥകള്‍ ഘോഷിക്കുന്നു ചുറ്റിലും.
മാന്യന്മാര്‍ ,കാവല്‍ കുപ്പായമണിയുന്നോര്‍
കാണാതെ പോകുന്നോരീ മാതൃ മാനസം.
അതിരുകളില്ല ഇവള്‍ക്ക് അത്താണിയുമില്ല
കല്ലെറിയുന്നോര്‍ക്കുമവള്‍ ഏകി മധുരസം
വിട്ടയയ്ക്കുകീ കാരാഗ്രഹത്തില്‍ നിന്നെന്നമ്മ
പറയുന്നു,ദയാപൂര്‍വ്വം ഞങ്ങളെ.
പതിയെ നീക്കിയോരോല മറയിലൂടെ
അരിച്ചിറങ്ങിയ നേരിയ വെട്ടത്തില്‍
കണ്ടു ഞാനാ വിറയാര്‍ന്ന കോലത്തിന്‍
പ്രച്ചണ്ട ഗംഭീര തീഷ്ണ നയനങ്ങള്‍.

Monday, 31 August 2009

അഴഹാന സിന്തനൈകള്‍


ചിലപ്പോള്‍ ഞാനിങ്ങനെയാണു....
ശൂന്യമായ
മനസ്സുമായി അലഞ്ഞു തിരിയും...
എന്താ
ഒരു കഥയില്ലായ്മ...?
സ്റ്റേഷന്‍ കിട്ടുന്നില്ലേ...........??????????
വക കളിയാക്കലിനോട് തികച്ചും നിസ്സന്ഗമായി പ്രതികരിക്കും...
അതേയ്
...മൈ തോട്സ് ആര്‍ അറ്റ്‌ ഹൈബര്‍നേഷന്‍ ....ചിന്തകളുടെ ശൈത്യകാല നിദ്ര .ഹിമാലയസാനുക്കളില്‍ നിന്നും രക്ഷതേടി കുതിച്ചു പാഞ്ഞു,പാറക്കെട്ടുകളില്‍ തട്ടിയും മുട്ടിയും താഴേയ്ക്ക് പതിക്കാന്‍ വെമ്പി ആര്‍ക്കുന്ന നദികളെ പോലെ ,അണമുറിയാത്ത ചിന്തകളുമായി ഉടന്‍ ഞാന്‍ ഉണര്‍ന്നു വരും...
അത്
വരെ നിങ്ങള്‍ക്ക് തരാനായി ഇതേ ഉള്ളു ...
ഉണര്‍ന്നു
ചിന്തിക്കാനായി എന്‍റെ ഓണസമ്മാനം .......
എന്‍റെ
പ്രിയപ്പെട്ട നാലു വരികള്‍ ...എന്നെ ഞാനാക്കുന്ന...
ഊണിലും
ഉറക്കത്തിലും ഞാന്‍ മുടങ്ങാതെ ഉരുവിടുന്ന അഴഹാന സിന്തനൈ..........

"കൂടിയല്ല ജനിക്കുന്ന നേരത്തും,
കൂടിയല്ല മരിയ്ക്കുന്ന നേരത്തും..
മധ്യേയിങ്ങനെ കാണുന്ന നേരത്ത്,
മത്സരിചീടുന്നതെന്തിന്നു നാം വൃഥാ..."

സമൃദ്ധിയുടെയും ഒരുമയുടെയും സ്നേഹത്തിന്റ്റേയും പോന്നോണം നേര്‍ന്നു കൊണ്ട് സ്നേഹത്തോടെ......

Thursday, 13 August 2009

പച്ചമാങ്ങ പച്ചമാങ്ങ...


അവനവന്‍ കഴിക്കുന്ന അന്നത്തില്‍ അവനവന്റെ നാമം എഴുതപ്പെട്ടിരിക്കുന്നു എന്ന ആപ്ത വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഓരോ അധ്യയന നിമിഷങ്ങളും മണിക്കൂറുകളായും ദിനങ്ങളായും വര്‍ഷങ്ങളായും കടന്നുപോയ്ക്കൊണ്ടിരുന്നു.പുതുവര്‍ഷത്തിലെ ആറാം അധ്യായ ദിനത്തില്‍ തലയെണ്ണിയപ്പോഴാണ്എന്റെ സുഹൃത്തും രണ്ടാം വര്‍ഷ മാനവിക വിഷയ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ്‌ അധ്യാപികയും പൂര്‍ണതയുടെ പര്യായമായിതീരണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന പദ്മിനി ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്...
മീനാകുമാരി ഈസ്‌ മിസ്സിംഗ്‌...
ആരോടും കൂട്ട് കൂടാതെ ഒറ്റയ്ക്ക് നടക്കുന്ന, വഴിവക്കില്‍ നിന്നും പാക്കറ്റ്‌ അച്ചാറും ഉപ്പിലിട്ടതും വാങ്ങി നുണഞ്ഞു ഒരു സ്വപ്നലോകത്തില്‍ വിഹരിക്കുന്ന കറുത്ത് മെലിഞ്ഞ,വലിയകല്ലുള്ള മൂക്കുത്തിയിട്ട മീനാകുമാരിയുടെയും എളിയില്‍ തിരുകിയ തുണിസഞ്ചിയില്‍ നിന്നും ഒറ്റരൂപ തുട്ടുകള്‍എണ്ണിപ്പെറുക്കിയെടുക്കുന്ന ഒരു തമിഴത്തിയുടെയും രൂപം കണ്മുന്നില്‍...
വായില്‍ നിറഞ്ഞുകവിയുന്ന മുറുക്കാന്‍, വിരലുകള്‍ക്കിടയിലൂടെ വിദഗ്ദമായി നീട്ടിത്തുപ്പി
" ഇത് തെകയോ മാഷ്ടെ ഇവളെ പഠിപ്പിക്കാന്‍..." എന്ന് ചോദിക്കുന്ന മീനയുടെ അമ്മ..

"ജോ ,എന്താപ്പോ ചെയ്യാ?"ചിന്തയുടെ ചരട് മുറിച്ചു കൊണ്ടു പദ്മിനിയുടെ സ്വരം."
അഡ്മിഷന്‍ സമയത്തു തന്ന ഫോണ്‍ നമ്പരില്‍ വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല..."
പദ്മിനിയുടെ ആത്മഗതം.
"വിഷമിക്കേണ്ട,അഡ്രസ്‌ തപ്പിയെടുക്ക്.വീട് തപ്പി നമുക്കു പോയ്ക്കളയാം."
വെല്ലുവിളികള്‍ നേരിടാന്‍ സദാ സന്നധയായ എന്നിലെ പരോപകാരി മറുപടി നല്കി.
അഡ്മിഷന്‍ രജിസ്ടറിലെ അഡ്രെസ്സില്‍ കണ്ണുകളുടക്കി.
മീനാകുമാരി,ബാംഗ്ളാദേശ് കോളനി...
മയക്കുമരുന്ന് മാഫിയക്കും കൊലപാതകങ്ങള്‍ക്കും എല്ലാവിധ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രമായിരുന്ന കോളനി, പത്രതാളുകളില്‍ നിറഞ്ഞു നിന്ന സമയമായിരുന്നു അത്.
"എന്റീശ്വരാ,എന്താപ്പോ ചെയ്യാ... തനിക്ക് വല്ലോം തോന്നണുണ്ടോ?"
"എന്ത് തോന്നാന്‍!പോകാന്‍ തീരുമാനിച്ചാല്‍ പോകണം.അത്ര തന്നെ..."
ഞാന്‍ ആവേശഭരിതയായി.
അങ്ങനെ പ്രധാനാദ്യാപകന്റെ സമ്മതവും വാങ്ങി സ്റ്റാഫ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാ ചുണ്ടുകളും ഒരുമിച്ചു ചലിച്ചു...
"അപ്പൊ ഒരുങ്ങിതന്നെയാണല്ലേ?"
കണ്ണിറുക്കിക്കാണിച്ചു ബാഗും തൂക്കി പുറത്തു കടന്നു.ഏറെ വൈകാതെ തന്നെ ബസ്സും വന്നു.സ്ഥലം എത്തിയാല്‍ മനസ്സിലാക്കാന്‍ സൌകര്യമുള്ള ഒരു സീറ്റില്‍ ഇടം പിടിച്ചു.
"രണ്ടു....കോളനി ".
കണ്ടക്ടരുടെ ഭാവം കണ്ടിട്ടാകണം ,പദ്മിനി ,സ്വതസിദ്ധമായ നമ്പൂരി സ്റ്റൈലില്‍ പറയാന്‍ തുടങ്ങി... "അതേയ്..അവ്ട്ന്നൊരു കുട്ടിണ്ടാര്‍ന്നെ ന്റെ ക്ലാസ്സില്...ഇപ്പൊ കൊറേയായിട്ടു വരണില്യ...എന്ത് പറ്റ്യോ ആവോ...അല്ല...ഒന്നറയണല്ലോ......."
"മതി,വിശദീകരിച്ചു കുളമാക്കല്ലേ.....!"ഞാന്‍ പദ്മിനിയെ ആഞ്ഞൊന്നു തട്ടി.
"അയ്യോ ന്റെ ടീച്ചറമാരെ...ആ പേരു പറയല്ലേ..
അടി പാര്‍സലായിട്ടു വരും.ശാന്തി നഗര്‍ കോളനി എന്ന ഇപ്പോഴത്തെ പേര്"
ആദ്യപാഠം പഠിപ്പിച്ചു തന്ന കണ്ടക്ടറോട് ബഹുമാനം തോന്നി.

മുക്കിയും മൂളിയും ബസ്സ് അവിടെയെത്തുമ്പോള്‍ നേരം നട്ടുച്ച.
"ടീച്ചറമ്മാരെ ഏറങ്ങിക്കോളീ.."
വലതു കാല്‍ വെച്ചു കോളനിയിലേയ്ക്ക് പ്രവേശിച്ചു.
തീപ്പെട്ടികൂടുകള്‍ പോലെ കൊച്ചുകൊച്ചു കൂരകള്‍ .ഇതില്‍ ഏതാവും മീനയുടെ വീട്?സര്‍വ്വം ശാന്തം.കടല് പോലും ശ്വാസം പിടിച്ചുറങ്ങുന്നത് പോലെ...
പബ്ലിക്‌ ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്ന രണ്ടു സ്ത്രീകളോട് ചോദിച്ചു...
"ഈ മീനാകുമാരീടെ വീടെതാ?ഞങ്ങള്‍ അയാള്‍ പഠിക്കണ സ്കൂളീന്ന് വരികയാ..."
ഒരു നിമിഷം ശങ്കിച്ചു,പരസ്പരം എന്തോ പിറുപിറുത്ത് ,ഒരു ഇടവഴിയ്ക്ക് നേരെ കൈചൂണ്ടി പറഞ്ഞു"അതിലെ പോയാ മതി.."
ഓരോ കുരയില്‍ നിന്നും സംശയപൂര്‍വ്വം എത്തിനോക്കുന്ന തലകള്‍.
ആകെ പന്തികേട്‌ തോന്നി.ഒടുവില്‍ ചോദിച്ചു ചോദിച്ചു മീനയുടെ വീടിനു മുന്‍പില്‍ എത്തുമ്പോഴേയ്ക്കും ഞങ്ങള്‍ക്കൊപ്പം ഇടത്തും വലതും എന്തിനും പോന്ന, തന്റെടികളായ നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു.

"ഓയ് മീനേ ....ആരോക്ക്യ വന്നേന്നു നോക്കിയേ "

ആശങ്കയോടെ ചുറ്റും നോക്കി.
ചുറ്റുമുള്ള കൂരകളില്‍ നിന്നും കൊത്തിവലിയ്ക്കുന്ന നോട്ടങ്ങള്‍.
ശൃംഗാരച്ചിരി...
എന്റെ കൃഷ്ണാ ,എല്ലാവരും കൂടി ഇളകി വന്നാല്‍ രക്ഷപ്പെടാന്‍ വഴിയൊന്നും കാണുന്നില്ലല്ലോ...മുന്നില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഭയപ്പെടുത്തുന്ന ശാന്തതയോടെ കടലമ്മയും..
ആ കുരയില്‍ അടുത്ത കാലത്തായി മരാമത്ത് പണി നടത്തിയിരിക്കുന്നു.പുതുതായി പൂശിയ പെയിന്റിന്റെ ഗന്ധം,ഉണക്കമത്സ്യത്തിന്റെ മണവുമായി ഇഴുകിചെര്‍ന്നു തീര്ത്തും അപരിചിതമായ മറ്റൊരു ഗന്ധം..

ഒരു വളകിലുക്കം.

ശോഷിച്ച ശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ മടികാണിക്കുന്ന ഒരു കൊച്ചുവയര്‍ "എന്നെ കണ്ടോ"എന്ന മട്ടില്‍ തള്ളിപിടിച്ചു ,ഒരു കൈയ്യില്‍ പാതി കടിച്ച പച്ചമാങ്ങയുമായി മീന വാതുക്കല്‍ എത്തി.ഞങ്ങളെ കണ്ടിട്ടും ഞെട്ടലില്ല,അത്ഭുതമില്ല,അകത്തേക്കിരിക്കാന്‍ ക്ഷണമില്ല.നാണിച്ചൊരു ചിരി മാത്രം.

എന്റെ ദൈവമേ...മാര്‍ച്ച് 31 വരെ ഞങ്ങള്‍ക്കൊന്നും തോന്നിയില്ലല്ലോ...

"കണ്ടില്ലേ ടീച്ചറമ്മാരെ ഒപ്പിച്ചത്‌...ഇതിപ്പോ മാസം അഞ്ചാ..ഒടുക്കം രണ്ടിനേം തപ്പിയെടുത്ത്‌
കഴിഞ്ഞയാഴ്ച കല്യാണം നടത്തി...ഉസ്കൂളീന്നു ചാടിയതാ...അവക്കടെ അപ്പന്റെ പെങ്ങടെ മോന്‍ തന്ന്യാ...മതീലെ പഠിപ്പും പത്രാസും.ഓക്ക് പടിക്കണ്ടാത്രേ...

വിഡ്ഢിച്ചിരിയും ചിരിച്ചു ഞങ്ങള്‍ രണ്ടു അധ്യാപകര്‍ .." എന്നാല്‍ ഞങ്ങളിറങ്ങുന്നു..എന്ത് പറ്റിയെന്നറിയാന്‍ വന്നതാണ്.എപ്പഴാണെന്ന് വെച്ചാല്‍ ടി സി യും എസ്സ്‌ എസ്സ്‌ എല്‍ സി ബുക്കും വന്നു വാങ്ങിച്ചോളൂ" . ഗൗരവം ഒട്ടും ചോരാതെ പദ്മിനിയുടെ വാക്കുകള്‍...
തികട്ടി വന്ന നിസ്സഹായമായ പൊട്ടിച്ചിരി അടക്കി തിരിച്ചു നടന്നു.മീനാകുമാരിയുടെ ഗര്‍ഭഗാഥകള്‍ പാടി പുറകില്‍ അകമ്പടിക്കാരും.ഒടുവില്‍ വല്ലപ്പോഴും വന്നു പോകുന്ന ബസ്സിന്റെ ഇരമ്പലിനായി കാതോര്‍ത്തു പൂഴിമണലിലെ സിമെന്റ് ബെഞ്ചില്‍ ഇരുന്നു പരസ്പരം വേദനയോടെ നോക്കി പൊട്ടിച്ചിരിച്ചത് മാത്രം ഓര്‍മ്മയുണ്ട്.

ആക്ടിവിറ്റി ഓറിയെന്റ്ട് പെടഗോജി ....അവനവനു താല്പര്യമുള്ള മേഖല അവനവനു തെരഞ്ഞെടുക്കാം...ഞങ്ങള്‍ അധ്യാപകര്‍ നിങ്ങളെ ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്ന വഴികാട്ടികള്‍ മാത്രം..."ന്നാലും ന്റെ പദ്മിനി ,ത്രേം വേണ്ടാര്‍ന്നു ട്ടോ "

"അല്ല ടീച്ചറമ്മാരെ,ഇപ്പൊ മടങ്ങുന്നെ ഉള്ളോ?"
രാവിലെ കയറിയ ബസ്സ്‌ മുന്നില്‍ നില്ക്കുന്നു."അതേയ്,ആ കുട്ടീടെ കല്യാണം കഴിഞ്ഞു ട്ടോ "ബസ്സില്‍ കയറുമ്പോള്‍ പദ്മിനിയുടെ വിശദീകരണം.
"ന്നാലും അവര്‍ക്കൊന്നു ഉസ്കൂളില്‍ അറീക്കാര്ന്നു അല്ലെ ടീച്ചറെ..."

വാല്‍ക്കഷ്ണം ---തുടുത്തു ചുവന്ന ഒരു പെണ്കുഞ്ഞിനെയും ചുമന്നു മാസങ്ങള്‍ക്ക് ശേഷം മറ്റൊരു കര്‍ക്കിടകത്തില്‍ മീനാകുമാരി വീണ്ടും സ്കൂളിന്റെ പടികയറി വന്നു.ടി സി യും സര്ടിഫിക്കറ്റുകളും
വാങ്ങാന്‍.കുഞ്ഞിന്റെ ഇരുപത്തിയെട്ടിനു വിളിക്കാത്തിനുള്ള പദ്മിനിയുടെ പരിഭവത്തിനു നാണിച്ചച്ചിരി സമ്മാനമായി നല്കി ,കുഞ്ഞിനെ അരുമയോടെ ചേര്‍ത്ത് പിടിച്ചു മൂര്‍ധാവില്‍ ചുംബിച്ചു അവള്‍ വീണ്ടും പടിയിറങ്ങി.







Sunday, 9 August 2009

സര്‍പ്പദൃഷ്ടി


സര്‍പ്പങ്ങളെ ഞാന്‍ ഭയപ്പെടുന്നു,
കുറ്റിക്കാടുകളുടെ ഇരുളില്‍ മറഞ്ഞിരുന്നു
ആഞ്ഞുകൊത്തി,
വിഷാദത്തിന്റെ വേദനയും,
സ്വാര്‍ത്ഥതയുടെ വിഷവും
എന്നിലേക്ക്‌ പകര്‍ന്നു,
അഹംഭാവത്തോടെ പിന്തിരിഞ്ഞു നോക്കി
ഇഴഞ്ഞു മറയുന്ന വിഷസര്‍പ്പങ്ങള്‍.
തെളിനീര്‍ചോലകളിലെ
വെള്ളാരം കല്ലുകള്‍ക്കിടയില്‍
പതിയിരുന്നു,അമര്‍ഷത്തോടെ,
മനസ്സില്‍ വിഷപല്ലുകലഴ്ത്തുന്ന
അന്നം മുടക്കികള്‍.
മധുരമായ നോക്കും
വശ്യമായ വാക്കും കൊണ്ടു
ആശ്ളേഷിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു
മതിമറന്നു ആഹ്ലാദിക്കുന്ന ഇഴജന്തുക്കള്‍.
നിലവറയിലെ വിറങ്ങലിച്ച ഇരുട്ടില്‍
വഴുവഴുത്ത മേനിയാല്‍
രേഖാചിത്രങ്ങള്‍ കോറിയിട്ടു
വഴി തെറ്റിക്കുന്ന ,
ഭയപ്പെടുത്തുന്ന,സര്‍പ്പങ്ങള്‍.
അവയെ എനിയ്ക്ക് പണ്ടേ പേടിയാണ്.
എങ്കിലും അവയെ അടിച്ച് കൊല്ലാനോ,
കായം കലക്കി തുരത്താനോ ഞാനില്ല.
മറിച്ചു, ഞാന്‍ വഴി മാറി നടന്നോളാം.
അവയെ കാണാതെ,അവയ്ക്ക് കാണാതെ...
എല്ലാം ഓരോ ജന്മ സത്യങ്ങള്‍...
ഒരമ്മയുടെ മക്കള്‍...ഒരുമയുടെ മക്കള്‍.

Saturday, 18 July 2009

സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ...


സ്വപ്നങ്ങളുടെ അര്‍ത്ഥം തേടിയുള്ള എന്റെ സഞ്ചാരങ്ങള്‍ എന്നും എന്നില്‍ അമ്പരപ്പ് മാത്രം അവശേഷിപ്പിക്കുന്ന അന്വേഷണങ്ങളുടെ ഒരു അപൂര്‍ണ്ണതയാണ്.സ്വപ്‌നങ്ങള്‍ യാത്ഥാര്‍ത്ഥ്യമാവുകയില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ?യഥാര്‍ത്ഥത്തില്‍ അവ സ്വപ്നങ്ങളോ അതോ ആറാം ഇന്ദ്രിയത്തിന്റെ കണ്‍കെട്ടുവിദ്യയോ?എന്ത് തന്നെയായാലും എന്റെ ഏകാന്ത നിമിഷങ്ങളില്‍ തികട്ടി വരുന്ന ചിന്തകളുടെ അര്‍ത്ഥമറിയാത്ത ചിത്രങ്ങളിലൊന്നാണ് എനിക്കിന്നീ സ്വപ്‌നങ്ങള്‍.

ചില സ്വപ്നങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നില്‍ അശാന്തി സൃഷ്ടിക്കാറുണ്ട്.കുഞ്ഞുനാളില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അപരിചിതമായ ഒരു നാലുകെട്ടും ,വലിയ നാഴികമണിയും,ആടിയുലഞ്ഞ് ആഞ്ഞുവീശി വഴിമുടക്കിയിരുന്ന ഭീമാകാരമായ പെന്‍റ്റുലവും,ഭ്രാന്തമായി എന്നെ ഓടിച്ചിരുന്ന വെളുത്ത പട്ടിയും ....പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മാമാങ്കത്തിന്റെ നാട്ടിലൊരു അജ്ഞാതവാസം.അന്നെനിക്ക് അഭയമേകിയത് പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു നാലുകെട്ടായിരുന്നു..അവിടെ കപടസ്നേത്തിന്റെ ചങ്ങലയില്‍ എന്നെ തളച്ചു വഴിമുടക്കിയ ,കണ്ണില്ലാത്ത ഹൃദയവും പേറി നടന്നൊരു മാന്യന്‍.ഒടുവില്‍ ചങ്ങല പൊട്ടിച്ചു നാട്ടിലെത്തിയപ്പോഴും വിടാതെ പിന്തുടര്‍ന്ന് എന്നെ ഓടിച്ചുകൊണ്ടിരുന്ന സ്വാര്‍ത്ഥതയുടെ ധാര്‍ഷ്ട്യം.

ഒരിക്കല്‍ സ്വപ്നത്തില്‍ ഞാനൊരു പുഴയോരം കണ്ടു.രാവേറെ വൈകിയിരിക്കുന്നു.അരണ്ട നിലവെളിച്ചത്തില്‍ തിരിച്ചറിഞ്ഞു, ഞാനവിടെ തനിച്ചല്ല...തണുത്ത കാറ്റേറ്റ് വിറപൂണ്ട് കുറെ ഈറന്‍ രൂപങ്ങള്‍.ആരുടേയും മുഖം വ്യക്തമല്ല.എങ്കിലും ഒരു മുഖം ഞാന്‍ തിരിച്ചറിഞ്ഞു,അച്ഛന്റെ ജ്യേഷ്ഠസഹോദരന്റ്റെ മകള്‍.നേരം പുലര്‍ന്നിട്ടും സ്വപ്നം എന്നില്‍ നിറച്ച അകാരണമായ അശാന്തി വിട്ടൊഴിയാതെ പീഡിപ്പിച്ചു കൊണ്ടിരുന്നു.ഒടുവില്‍ കുഞ്ഞെട്ടനോട് സ്വപ്നം എന്നില്‍ തീര്‍ത്ത കനത്ത മ്ലാനതയെ കുറിച്ചു സൂചിപ്പിച്ചു."ഹും,തൊടങ്ങി അവളുടെ ...എന്തിനാടോ വെറുതെ ഓരൊന്നാലോചിച്ചു കൂട്ടി ഇല്ലാത്ത ടെന്‍ഷന്‍ ഉണ്ടാക്കുന്നേ?വിട്ടുകള..."ഒന്നും മിണ്ടാതെ കനം തുങ്ങിയ മനസ്സുമായി മുറിയിലേയ്ക്ക്.അടുത്ത ദിവസം എല്ലാവരെയും ഉണര്‍ത്തിയത് കോളിങ്ങ് ബെല്ലിന്റെ സ്വരമാണ്.മുറ്റത്ത്‌ നാട്ടില്‍ നിന്നും അച്ഛന്റെ അനിയത്തിയുടെ മകന്‍.."കണ്ണന്‍ വല്യച്ചന്‍ പോയി...മിനിയാന്ന് ...രാത്രി തന്നെ എല്ലാം..."തളര്‍ന്നിരിക്കുന്ന അച്ഛന്‍.കൂടപ്പിറപ്പിന്റെ മരണം സൃഷ്‌ടിച്ച ആഘാതത്തിനപ്പുറം ,വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടും വീടും വിട്ടു കുടുംബത്തോടൊപ്പം എവിടെ എത്തപ്പെട്ട ഈ അനിയന്റെ വരവിനായി ആരും കാത്തുനിന്നില്ലെന്ന സത്യം ... അതിനിടയില്‍ ഞെട്ടിക്കുന്ന
തിരിച്ചറിവ്...മിനിയാന്ന് രാത്രി...സ്വപ്നത്തില്‍ ചേച്ചിയുടെ വിളറിയ മുഖം..അവിടെ വല്യച്ഛന്റെ ചിതയെരിയുമ്പോള്‍ ഞാന്‍ അര്ത്ഥമറിയാ സ്വപ്നത്തിന്റെ പൊരുള്‍ തേടുകയായിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍ എനിയ്ക്ക് മരണത്തിന്റെ നിസ്സഹായതയും,ജീവിതത്തിന്റെ മാധുര്യവും പകര്‍ന്നു തന്നുകൊണ്ടിരിക്കുന്നു...കാളകൂടവിഷത്തിന്റെ കയ്പ്പും പറന്ന് അകലുന്ന ജീവന്‍ തോണ്ടയിലവശേഷിപ്പിക്കുന്ന വരള്‍ച്ചയും കണ്ണില്‍ നിറഞ്ഞൊഴുകുന്ന നിസ്സഹായതയും എനിയ്ക്ക് കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു...അഥവാ അറിയിച്ചുകൊണ്ടേയിരിക്കുന്നു.ഞെട്ടിയുണര്‍ന്ന് , വിഷാദത്തോടെ ,നനഞ്ഞ മിഴിയിണകള്‍ വലിച്ചു തുറക്കുമ്പോള്‍ ഉള്ളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ തംബുരു മീട്ടുന്നു.ഒരു ജന്മത്തിന്റെ നിറഞ്ഞ ആഹ്ലാദമായി...

കണ്ടറിഞ്ഞ സ്വപ്നങ്ങള്‍ക്ക് മേല്‍ യാത്ഥാര്‍ത്ത്യത്തിന്റെ തൂവല്‍ സ്പര്ശമേല്ക്കുമ്പോള്‍ സ്വപ്നം എന്ന വാക്കിന് പുതിയ അര്‍ത്ഥവും വ്യാഖ്യാനവും തേടാന്‍ ഞാന്‍ പ്രെരിതയാവുകയാണ് എല്ലാമറിയുന്ന മനസ്സ് പ്രാര്ത്ഥിയ്ക്കുന്നു,സ്വപ്‌നങ്ങള്‍ കാണാതിരിയ്ക്കാന്‍..
കാണുന്നതെല്ലാം സത്യമാവാതിരിയ്ക്കാന്‍...
സത്യമായവ വെറുമൊരു സ്വപ്നമാവാന്‍..
സങ്കല്‍പ്പമാവാന്‍...
അപ്പോഴും പിടികിട്ടാത്ത സത്യങ്ങളായി സ്വപ്നദര്‍ശനങ്ങള്‍ എന്നില്‍ നിറയുകയാണ്...

Friday, 10 July 2009

വെളിപാടുകള്‍


ജീവിതം ചിലപ്പോള്‍ കനത്ത പ്രതിസന്ധികളിലേക്ക് നമ്മെ തള്ളി വിടാറുണ്ട് .ശരിയും തെറ്റും ഏതെന്ന് വിവേചിച്ചറിയാനാവാത്തവിധം കുഴഞ്ഞു മറിഞ്ഞ പ്രതിസന്ധികള്‍.അങ്ങനെ വരുമ്പോള്‍
അപ്രിയ സത്യമോ, ആശ്വാസമേകുന്ന നിര്‍ദോഷമായ അസത്യമോ അഭികാമ്യം എന്ന ചിന്ത എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കാറുമുണ്ട് .ഒടുക്കം ചിന്തിച്ചു ചിന്തിച്ചു ഉത്തരം കിട്ടാത്ത ചോദ്യമായി ഞാനും എന്റെ ചിന്തകളും മാത്രം അവശേഷിക്കും.പ്രതിസന്ധികള്‍ അടുത്ത ഇരയെത്തേടി അതിന്റെ പാട്ടിനു പോവുകയും ചെയ്യും.മനസ്സിനേറ്റ ക്ഷതങ്ങളും നീറുന്ന മുറിവുകളുമായി ചിന്തകളെ മനസ്സിലെവിടെയോ കുഴിച്ചുമൂടി ഞാനും കാലത്തിനൊപ്പം ഒഴുകും.പിന്നീട് എന്റെ ഏകാന്തതകളില്‍ ഈ ഓര്‍മ്മകളും ചിന്തകളും വീണ്ടും ചുരമാന്തുന്നു,ഉമിത്തീ പോലെ നീറ്റുന്നു.കാലചക്രം പോലെ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.ഒരു നിയോഗം പോലെ...ഇതാണ് മനുഷ്യജന്മത്തിന്റെ അദ്വിതീയതയും.
ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലുള്ള നീറ്റല്‍ അനുഭവിക്കാത്തവരുണ്ടോ? അന്വേഷണത്തിലാണ് ഞാന്‍.
പലപ്പോഴും നമുക്കു കിട്ടുന്ന പ്രഹരങ്ങള്‍ അപ്രതീക്ഷിത ദിശകളില്‍ നിന്നാവും.അതെന്നെ ആകെ തളര്‍ത്തുന്നു.ഇലപൊഴിഞ്ഞ മരം പോലെ,ഞെട്ടറ്റ പുഷ്പം പോലെ അപ്പോള്‍ നിസ്സംഗത എന്നില്‍ നിറയും.മനസ്സു ശുന്യമാവും .ഒന്നു പോട്ടിത്തെറിക്കാനോ പൊട്ടിക്കരയാനൊ ആവാത്ത വിധത്തിലുള്ള നിസ്സംഗത..ഒരു ലഹരിയായി എന്നെ കീഴടക്കുന്ന നിസ്സംഗത.ചത്ത കണ്ണുകളും,വരണ്ടചിരിയുമായി വിദുരതയിലെയ്ക്കു കണ്ണും നാട്ടു,ഒരു ഭ്രാന്തിയെ പോലെ...
ഒരിക്കല്‍ തകര്‍ന്നാല്‍ തിരിച്ചടുക്കാന്‍ പറ്റാത്തത് എന്തെന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ സംശയലേശമന്യേ ഞാന്‍ പറയും "വിശ്വാസം"..പലതിലും പലരിലും വിശ്വാസം നഷ്ടപ്പെടുമ്പോഴും കാര്‍മേഘത്തിനു അപ്പുറത്തുള്ള വെള്ളിരേഖകള്‍ എന്നില്‍ പ്രതീക്ഷയുടെ മഴവില്ല് തീര്‍ക്കുന്നു.കാതില്‍ മു‌ളുന്ന ഈറക്കുഴല്‍ വിളി ഒരു തുമന്ദഹാസം എന്നില്‍ നിറയ്ക്കുന്നു...യഥാര്‍ത്ഥത്തില്‍ ചില ബോധ്യങ്ങളും വിശ്വാസങ്ങളും അല്ലെ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും?നമ്മള്‍ ഹൃദയത്തോട് ചേര്ത്തു പിടിയ്ക്കുന്നവരെ കുറിച്ചു പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാം ആകാശഗോപുരങ്ങളായിരുന്നെന്നറിയുമ്പോള്‍...?ഉത്തരം തെടുംപോഴെയ്ക്കും നമ്മിലെ ഭ്രാന്തി വീണ്ടും ചങ്ങല തകര്‍ത്തു ആര്‍ത്തലച്ചു ലക്ഷ്യമില്ലാതെ ഓടുകയായി...സ്വയം പീഢിപ്പിച്ചുകൊണ്ട്...ഒരു തിരയിളക്കം പോലെ...ഒടുവില്‍ ഓളങ്ങള്‍ അടങ്ങി ശാന്തമാവുമ്പോള്‍ ...ശാന്തമായ കടല്‍ പോലെ,ആളിക്കത്തുന്ന പടുതിരി പോലെ...കാറും കോളും അടങ്ങിയ തിരുവാതിര പോലെ ...
പുതിയൊരു മുടുപടമണിഞ്ഞു,കടംകൊണ്ട ചിരിയുമായി വീണ്ടും അരങ്ങത്തേയ്ക്ക്...തിരശീല വീഴുന്നത് വരെ.
ആരും നമുക്കായി കാത്തു നില്‍ക്കുന്നില്ല.നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...

Sunday, 28 June 2009

പെയ്തൊഴിഞ്ഞ ബാല്യം...



മഴ എനിക്കെന്നും ആവേശമാണ്...
മഴ കേള്‍ക്കാന്‍...
മഴ കാണാന്‍...
മഴ അറിയാന്‍...
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴയാണ് എനിക്കിഷ്ടം.
കൊച്ചു കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ ചെരിഞ്ഞ മഴ...
സൂചിമുനകള്‍ പോലെ ഭൂമിയില്‍ പതിച്ചു ചിതറിത്തെറിക്കുന്ന സ്ഫടികചീളുകള്‍
പോലുള്ള മഴ.
ചിലപ്പോള്‍ ചരല്‍കല്ലുകള്‍ വാരിയെറിഞ്ഞത് പോലെ ചറപറ പെയ്യുന്ന മഴ...
മറ്റുചിലപ്പോള്‍ നനുത്ത തൂവല്‍ സ്പര്‍ശം പോലെ ഇക്കിളിപ്പെടുത്തുന്ന ചാറ്റല്‍ മഴ...
ഇനിയും ചിലപ്പോള്‍ ഇതളുകളായ് ഊര്‍ന്നു വീണു അടിമുടി പെയ്തിറങ്ങുന്ന പ്രണയമഴ...

മഴയുടെ ഗന്ധം എന്നെ ചിലപ്പോള്‍ ഉന്മാദിനിയാക്കും...
മഴത്തുള്ളികള്‍ കുടിച്ചു ആശ്വസിച്ച മണ്ണിന്റെ നിശ്വാസത്തിന്റെ ഗന്ധം...
മഴയോടൊപ്പം പെയ്തിറങ്ങുന്ന തണുപ്പിന്റെ ഗന്ധം...
തണുപ്പില്‍ പുതഞ്ഞ രാത്രിയുടെ ഗന്ധം...

മഴയുടെ സംഗീതം എന്നും എന്നെ ലഹരിപിടിപ്പിക്കാറുണ്ട് ...
കാറ്റിനോട് കിന്നാരം പറയുന്ന മഴനൂലുകളുടെ മര്‍മ്മരം...
സ്വകര്യങ്ങളൊഴുക്കുന്ന ഈറക്കാടുകളുടെ പുല്ലാംകുഴല്‍ വിളി...
ദലമര്‍മ്മരങ്ങള്‍...

അന്നൊക്കെ ഏട്ടന്മാരോടൊപ്പം മഴകാണാന്‍
ഉമ്മറപ്പടിയില്‍ ഇരിക്കുന്നത് ഒരു ആഘോഷമായിരുന്നു...
മേഘങ്ങള്‍ ഇരുണ്ടു കൂടി മാനം കറുത്ത് , തണുത്ത കാറ്റു വീശി തുടങ്ങുമ്പോള്‍ ഏട്ടന്‍ പറയും..
"ഇന്നു മഴ പെയ്യും.."
ഉടന്‍ ഉമ്മറവാതില്‍ തുറന്നു മഴയെ കാത്തിരിക്കുകയായി...
അപ്പൂപ്പന്‍ താടിയുടെ ലാഘവത്തോടെ, മാനത്തേക്ക് പെയ്തുകയറാന്‍
ഒരു ആവേശത്തോടെ കാത്തുനിന്ന ബാല്യം...
പുതുമഴ മുറ്റത്ത്‌ തീര്‍ക്കുന്ന കുഞ്ഞരുവികളുടെ സഞ്ചാരപഥം നോക്കി,
ആഞ്ഞു പതിക്കുന്ന മഴത്തുള്ളികളുടെ ആവേശം തണുപ്പിച്ച
കവിളുകളില്‍ വിരലോടിച്ചുകൊണ്ട്,
മഴനൂലുകളില്‍ സ്വപ്നം നെയ്തു...ഞാനിതാ...ഇവിടെ...ഇങ്ങനെ...
വീണ്ടുമെത്താ മഴക്കാലത്തിനായി കാതോര്‍ത്തു...
കണ്‍പാര്‍ത്ത്...

Sunday, 7 June 2009

അനുവിന്റെ ആകുലതകള്‍...

"നീയെന്താ ഇങ്ങനെ ആയെ?
ജന്തു...രണ്ടാം ക്ലാസ്സിലെ കുട്ട്യോള് ചെയ്യണ മല്‍ടിപ്ളിക്കേഷനും ഡിവിഷനും അറിയില്ല പോലും...അറിയില്ലെങ്കില്‍ ചെയ്യണ്ട...അത്ര തന്നെ..."
ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്ത്തു നന്ദയുടെ നേരെ രൂക്ഷമായി കണ്ണെറിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവളുടെ പൊട്ടിച്ചിരി..."അമ്മേടെ മൂക്കെന്താ ദേഷ്യം പിടിക്കുമ്പോ വിറയ്ക്കുന്നെ?"
മേലാസകലം ചൂടുകയറി അവള്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അതാ വരുന്നു അടുത്ത അസ്ത്രം...
"അമ്മയെനിക്കു പറഞ്ഞു തരാഞ്ഞിട്ടല്ലേ എനിക്ക് മാത്സ്ന് മാര്‍ക്ക് കൊറയണെ?നിഷയുടെ അമ്മ എപ്പളും അവളെ പഠിപ്പിയ്ക്കുംന്നു പറഞ്ഞല്ലോ?ഇവിടെ അമ്മക്കാണെങ്കില്‍ എപ്പോ നോക്കിയാലും
ഒരു ഗ്രേഡിങ്ങും ,മോണിറ്ററി്ങ്ങും, ട്രെയിനിങ്ങും..."നിശ്ചലയായി അവളെ നോക്കാനേ അപ്പോള്‍ സാധിച്ചുള്ളൂ."അതിന് നിഷേടെ അമ്മയ്ക്ക് ജോലിയില്ലല്ലോ...അമ്മ മോള്ക്കൊക്കെ വേണ്ടിയല്ലേ ഇങ്ങനെ കഷ്ടപ്പെടുന്നേ?"
"അപ്പൊ ഗായത്രീന്റെ അമ്മയോ?"
ഉത്തരം മുട്ടി ...
"മോളുപോയി കിടന്നോളൂ..നാളെ അമ്മ ലീവാ..പരീക്ഷയ്ക്ക് പോകണേന് മുന്‍പ്‌ അമ്മ പറഞ്ഞു തരം ട്ടോ ..."
വീണ്ടും ' എന്റെ കഥ'യില്‍ മുഴുകി ചാരി കിടക്കുമ്പോ മുന്നില്‍ തെളിഞ്ഞത്‌ മഹിയുടെ പരിഹാസച്ചിരി .
"ആയമ്മക്ക്‌ വട്ടാ...!"

ഇരച്ചു വന്ന ദേഷ്യം ഉള്ളിലൊതുക്കി പിറുപിറുത്തു...

ദാറ്റ് ബ്രിങ്ങ്സ് ഔട്ട് യുവര്‍ മെയില്‍ ഷോവ്വനിസം...
കണ്ഫഷന്‍സ് വട്ടാണോ?
എങ്കില്‍ എനിക്കും വട്ടു തന്നെ ...

ഇവിടെ ഞാനും മാധവിക്കുട്ടിയെ പോലൊരു ഗിനി പിഗ് .സ്ട്റപ് ടീസ് ചെയ്തു ആത്മാവ് കാണിക്കാന്‍ ശ്രമിച്ചാലും അത് മനസ്സിലാക്കാത്ത ഈ ആണ്കൊയ്മയുടെ ലോകത്തില്‍ എനിക്കെന്തിനനൊരിടം?
എനിക്കെന്റെ ലോകം മതി..
അവിടെ ഞാനും സുരയ്യയും സദാചാരമുത്തശ്ശിയും എസ് സി ആര്‍ ടി യും ഓപന്‍ സ്കൂളും പ്രോജക്റ്റും ക്രിയേറ്റീവ് റക്കോഡ്സും ,എല്ലാം കൂടൊരു കുടുംബസംഗമം നടക്കാന്‍ പോകുന്നു...

ഈശ്വരാ... നാളെയാണ് മോനിട്ടെറിങ്ങ് കമ്മിറ്റിയുടെ ആഗമനം.ഉദ്ദേശം ശുദ്ധം..മലയാളം പോലും നേരം വണ്ണം എഴുതാനറിയാത്ത ജീവനെ കൊണ്ട് എ ജെ ക്രോനിനിന്റെ ചെറുകഥകളുടെ കംപാരിടീവ് സ്റ്റഡി നടത്തണം , എഴുതിക്കണം ..ആംഗലേയത്തില്‍! മിടുക്കനാണവന്‍..എത്ര നന്നായി എഴുതിയിരിക്കുന്നു!ഗൈഡ് മാഫിയ ജയ്..!

ഇനി എന്നാണാവോ തലസ്ഥാന നഗരിയിലെയ്ക്ക്‌?
അവിടെ
,മുറിയില്‍ ആമത്തിരിപുകയ്ക്കിടയില്‍ നിന്നും ശ്വാസം മുട്ടിയുള്ള പൊട്ടിച്ചിരികള്‍ മുഴങ്ങട്ടെ..
ഒരല്പം ഗോസ്സിപ്‌...മറ്റവള്‍ തീരെ ശെരിയല്ല കേട്ടോ...
ഹമ്... പിന്നെ നമ്മളാണോ ശരി!
നിഗൂഢമായി പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു...എല്ലാം അറിയുന്ന കൊമ്പുള്ള സാക്ഷി...
നാളെ തോഴുവങ്ങോട് ഭഗവതിയ്ക്ക് പട്ടും മാലയും...ഗുഡ് നൈറ്റ്‌ ഫ്രണ്ട്...

ബീപ്...
അടുത്ത ബെഡിലെ രാധുവിന്റെ മൊബൈല്‍ വിറയ്ക്കുന്നു... എസ് എം എസ് എന്ന സ്വന്തക്കാരന്‍.സൌഹൃദത്തിന്റെ പേരില്‍ അശ്ലീല ചുവയുള്ള സന്ദേശമയച്ചു തൃപ്തിയടയുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പറ്റി പറഞ്ഞവള്‍ തേങ്ങിയത് ഓര്‍ത്തു...
സദാചാര മുത്തശ്ശി വീണ്ടും കണ്ണുരുട്ടി..
മുത്തശ്ശിയെ നോക്കി കണ്ണിറുക്കി കാണിച്ചു തിരിഞ്ഞു കിടന്നു...
സ്വപ്നത്തില്‍ രാധുവും സദാചാര മുത്തശ്ശിയും വീണ്ടും വന്നു..
'എന്താ നീയിങ്ങനെ ആയെ?മക്കളെ ഓര്‍ത്തുടെ?..അവരുടെ ഭാവി നിന്റെ കൈയ്യിലല്ലേ? "
ചിരിയാണ് വന്നത്.
ഇറ്റ്'സ് പ്യൊര്‍ലി ഇന്ഡിവിഡൌല്‍...
ഓരോരത്തരുടെ ഭാവി അവരവരുടെ കൈയ്യില്‍ ..
ഈ മനോഹര തീരത്ത് ഇനി എന്തായാലും ഒരു ജന്മം കൂടി വേണ്ട...
ഹെക്ടിക് ലൈഫ് ...
ന്യൂ എയ്ജ്‌ ഫ്രീക്‌ ഹസ്ബന്‍ഡ്..
പെസ്റ്ററിംഗ് കിഡ്സ്‌..
ഹൊറിബള്‍...ആരത് പറഞ്ഞെ?ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...

സ്വപ്നത്തിലെപ്പോഴോ കണ്ടു പഴയ കോലായപ്പടിയില്‍ ശര്‍ക്കര നുണഞ്ഞിരിക്കുന്ന ആ പെറ്റിക്കോട്ടുകാരിയെ .. അവള്‍ക്ക് ഏട്ടന്‍ പുസ്തകം പൊതിഞ്ഞുകൊടുക്കുന്നത് കൗതുകത്തോടെ നോക്കുന്ന മറ്റൊരു കുറുമ്പന്‍..ചെമ്പരുത്തിക്കാടും, കക്കു കളിയും ...

"അമ്മ എന്തിനാ കരേണേ?"രണ്ടര വയസ്സുകാരന്റെ കൊഞ്ചല്‍..
"അമ്മേടെ കളിപ്പാട്ടം ആരാ കൊണ്ടുപോയെ? അമ്മ കരേണ്ടാ ട്ടോ ..കണ്ണന്‍ അയാളെ തോക്കെടുത്ത് വെടിവെച്ചു കൊല്ലും..."
കണ്ണനെ ചേര്‍ത്ത് പിടിച്ചു ഉറങ്ങുമ്പോള്‍ ഒരിക്കലും തോന്നാത്ത ഒരു സെക്യോര്‍ ഫീലിംഗ് ..
എങ്കിലും എനിയ്ക്കറിയാം..സ്നേഹത്തിന്റെ ,സാന്ത്വനത്തിന്റെ ,ഈ ഭാഷയും വൈകാതെ എനിക്കന്ന്യമാവും.
നാളെ നന്ദ കണക്കുപുസ്തകവുമായി വരും... എന്ത് പറയണം ..
ഈ അമ്മയുടെ കണക്കുകുട്ടലുകള്‍ പിഴച്ചതെവിടെയാണെന്ന് ആരാ മോളെ പറഞ്ഞു തരിക?

Wednesday, 3 June 2009

ജീവിതം എന്നെ പഠിപ്പിച്ചത്...

പ്രണയത്തിന്‌ നാരങ്ങാമിഠായിയുടെ മധുരമാണ്
കട്ടകര്‍പ്പൂരത്തിന്റെ ഗന്ധവും .
സത്യത്തിനു അമ്മയുടെ മുഖമാണ്,
സൌമ്യതയുടെ സ്വരമാണ്,
സംഗീതത്തിന്റെ മാധുര്യവും,
ശരികള്‍ തെറ്റുകളുടെ ആവര്‍ത്തനമാണ്
അജ്ഞതയുടെ അഭിനയവും.
ചിരിയ്ക്ക് പുഛത്തിന്റെ മൂര്‍ച്ചയാണ്
ശാപത്തിന്റെ ശൌര്യവും.
ജീവിതമൂല്യം വെറും വാക്കാണ്‌.
വിശ്വാസം, വഞ്ചനയുടെ കന്മഴയാണ്.
മര്‍ത്തൃത്വം ഒരു പാഴ്നിനിയോഗം...

Monday, 1 June 2009

പ്രിയപ്പെട്ട ആമിയ്ക്ക് ...


സ്നേഹത്തെ പ്രാര്‍ത്ഥനയാക്കിയ,
ജന്മത്തെ കണ്ണാടിയാക്കിയ,
ഭയത്തെ ഭയപ്പെടുത്തിയ,
ഇന്നലെയുടെ അവശേഷിപ്പുകളെ
മറക്കാന്‍ മോഹിച്ച,
പ്രിയപ്പെട്ട എഴുത്തമ്മയ്ക്ക്
എന്റെ അശ്റുപുഷ്പങ്ങള്‍...
പ്രണയത്തെ താളവും
മോഹത്തെ ലയവുമാക്കിയ,
പ്രേമത്തെ നദിയും
മനസ്സിനെ സമുദ്രവുമാക്കിയ ,
നീലാംബരിയില്‍ ലയിച്ചു
നിദ്രയുടെ നീരാഴിയിലേക്കാഴ്ന്നിറങ്ങിയ,
എന്റെ പ്രിയപ്പെട്ട കവയത്രിക്കായ്‌
ഈ മുറ്റത്തു പൂക്കുന്ന നീര്‍മാതളങ്ങള്‍
ഞാന്‍ എന്നേയ്ക്കുമായി കരുതി വയ്ക്കുന്നു...

Sunday, 31 May 2009

ഞാന്‍

ഞാന്‍, ഒരു മണ്ണാമ്കട്ട
തെന്നിപ്പറക്കുന്ന ചിന്തകള്‍ക്ക്
മുകളില്‍ കയറിയിരുന്നു ,
വേദാന്തം പറയുന്ന
വെറുമൊരു മണ്ണാമ്കട്ട .

ഞാന്‍, ഒരു കരിയില.
സങ്കടമഴയ്ക്ക് മറയായ്‌ ,
സ്വപ്നങ്ങള്‍ക്ക് മുകളില്‍
പുഞ്ചിരിക്കുട നിവര്‍ത്തുന്ന
ഒരു പാവം കരിയില.

ഞാന്‍ ,ഒരു മണ്ണാമ്കട്ട.
പ്രണയമഴ പുണര്‍ന്നു
വാനോളം വളര്‍ന്ന്
കുതിര്ന്നലിഞ്ഞില്ലാതെയാവുന്ന
വെറുമൊരു മണ്ണാമ്കട്ട.

ഞാന്‍,ഒരു കരിയില.
പ്രണയക്കൊടുംകാറ്റില്‍
ചുഴറ്റിയെറിയപ്പെട്ട്
ലക്ഷ്യമറിയാതെ പാറിപ്പറക്കുന്ന
ഒരു പാവം കരിയില.

Wednesday, 27 May 2009

അനാമിക

ഇന്നലെ ഞാനെന്നിലെ പ്രണയത്തെ കുരിശില്‍ തറച്ചു
ഇടത്തും വലത്തുമായി കൂട്ടിനെന്റെ മനസ്സും ഹൃദയവും
(അവയുടെ മുറിവില്‍ നിന്നും ഇറ്റ്വീഴുന്ന ചോരയിലെന്റെ
വെള്ള പനിനീര്‍ പുഷ്പങ്ങള്‍ രക്തവര്‍ണമായി) .
വീണ്ടും മൂന്നാംനാള്‍ ഉയര്തെഴ്ഹുനേല്ക്കതിരിക്കാനായി
കൂടെ ഞാനെന്റെ ജീവനും ആത്മാവും സങ്കടതീയില്‍ എരിച്ചു.

ഇന്നലെ എന്റെ പ്രണയം കണ്ണീര്‍ കടലില്‍ മുങ്ങിമരിച്ചു.
മൂന്നാംപക്കം തീരതടിയാതിരിക്കാന്‍ ഞാനെന്റെ
മരവിച്ച മനസ്സും പിടയുന്ന ഹൃദയവും മൌനത്തില്‍ പൊതിഞ്ഞു
പ്രണയത്തിന്റെ കാലില്‍ കെട്ടി തൂക്കി.
(ഞാനിന്നൊരു അരൂപിയാണ് ...
മനസ്സില്ലാത്ത,ഹൃദയമില്ലാത്ത പ്രണയമില്ലാത്ത വെറും ശവശരീരം)

Tuesday, 26 May 2009

ചിരി

ചിരി എനിക്കിന്നൊരു വേലിയാണ്..
സ്വപ്നങ്ങള്‍ക്കും വിഷാദത്തിനുമിടയില്‍
നുഴഞ്ഞുകയറാന്‍ ആരെയും അനുവദിക്കാതെ
തടഞ്ഞുനിര്‍ത്തുന്ന
മുള്ളുവേലി.

മഴ

ചിന്തകള്‍ക്ക് ഘനം കൂടുന്നു
ഉള്ളിലെ കാര്‍മേഘങ്ങള്‍
മിഴികളില്‍ പെയ്തിറങ്ങാന്‍
കാത്തിരിക്കുകയാണ്
വരണ്ട മനസ്സു .

ഉറവ

ഇന്നലെ പെയ്ത നിലാവില്‍ എന്റെ സ്വപ്നത്തിന്റെ ഇതളുകള്‍ നനഞ്ഞു കുതിര്‍ന്നു.
വിളറി മരവിച്ച കൊച്ചു മയില്‍പീലിതുണ്ടുകള്‍ പോലെ അവ എന്റെ
ചളിപുരണ്ട കൈവിരലുകള്‍ക്കിടയില്‍ കിടന്നു വിങ്ങിപ്പൊട്ടി .
ഒരു നനുത്ത സ്പര്‍ശത്താല്‍ തലോടിയുണര്ത്താന്‍് ശ്രമിക്കവേ ,
അവ ,പിടിവിട്ടോടിയകന്നെതോ കാണാമറയത്തേക്ക് കുതിച്ചുയര്‍ന്നു ,
ഒരു മഴമേഘമായി വാനില്‍ നിന്നുമെന്നെ നോക്കി കളിയാക്കിച്ചിരിച്ചു...
ഒടുക്കം ഒരു ഭ്രാന്തിയെപ്പോലെ എന്നെ വാരിപ്പുണര്ന്നെന്നില്‍ നനഞ്ഞിറങ്ങി...
ഉള്ളിലെ കനവുകള്‍ക്കു വീണ്ടും പുതുനാമ്പുകള്‍ മുളയിട്ടു തുടങ്ങി.