Followers

Sunday 28 February 2010

വീണ്ടും ...

ഇന്നലെ പെയ്ത കിനാമഴയത്തെന്റെ
ഓര്‍മ്മകള്‍ ഈറനണിഞ്ഞ നേരം
കുഞ്ഞി ചിറകുകള്‍ മന്ദം കുടഞ്ഞു ഞാന്‍
ബാല്യത്തിന്‍ കോലായിലേറി നില്‍ക്കെ
പുസ്തകത്താളിലെ നൊമ്പരപ്പീലികള്‍
പെറ്റുപെരുകി പതിനായിരമായി .
എത്തിപ്പിടിക്കാന്‍ കൈനീട്ടി ഞാന്‍ ചെല്ലവേ
പതിയെ തഴുകി കടന്നു പോയി,പിന്നെ,
പൊട്ടിചിരിച്ചുകൊണ്ടാകാശവീഥിയില്‍
തെന്നിപ്പറന്നു മറഞ്ഞകന്നു.
മുറ്റത്തെ മാവിലെന്‍ സ്വപ്നത്താല്‍ കോറിയ
പേരുകള്‍ ഒന്നായ് തെളിഞ്ഞ നേരം
മങ്ങിയ കാഴ്ചയാല്‍ എണ്ണിപ്പെറുക്കി ഞാന്‍
മാനസചെപ്പിലടച്ചു വെക്കെ,
കാറ്റിന്‍ കുസൃതി ഉടച്ചോരെന്‍ ചെപ്പിലെ
വാക്കുകള്‍ ചിന്നി തെറിച്ചു വീണു,മണ്ണില്‍,
കണ്ണുനീര്‍ മുത്തുകളായ്‌ മറഞ്ഞു.
മാറാല കെട്ടിയ പടിപ്പുര കോണിലായ്
എന്തിനോ വേണ്ടി ഞാന്‍ വീണ്ടും തിരയവേ,
ഓര്‍മ്മതന്‍ മുറ്റത്ത്‌ നിന്ന് ഞാനെപ്പഴോ
ഊതി പറത്തിയോരപ്പൂപ്പന്‍ താടികള്‍
പാട വരമ്പത്തൂടോടി വന്നെന്‍ കാതില്‍
ഇക്കിളി കൂട്ടി കടന്നു പോയി.
സ്വപ്‌നങ്ങള്‍ നെയ്തൊരു നക്ഷത്ര കണ്ണുകള്‍
മഴ തോര്‍ന്ന മാനത്തെയ്ക്കൊന്നു പായ്ക്കെ,
ഇലകളില്‍ നിന്നൂര്‍ന്ന മോഹക്കണികകള്‍
പുഞ്ചിരി മുത്തമെനിക്ക് നല്‍കി.

10 comments:

  1. നല്ല ഈണമുള്ള വരികള്‍ ...

    ReplyDelete
  2. ഊതി പറത്തിയോരപ്പൂപ്പന്‍ താടികള്‍
    പാട വരമ്പത്തൂടോടി വന്നെന്‍ കാതില്‍
    ഇക്കിളി കൂട്ടി കടന്നു പോയി.

    അത്രയ്ക്കങ്ങട് മനസ്സിലായില്ല... വരികള്‍ വായിയ്ക്കാന്‍ നല്ലസുഖമുണ്ട്... ആശംസകള്‍...

    ReplyDelete
  3. സ്വപ്‌നങ്ങള്‍ നെയ്തൊരു നക്ഷത്ര കണ്ണുകള്‍
    മഴ തോര്‍ന്ന മാനത്തെയ്ക്കൊന്നു പായ്ക്കെ,
    ഇലകളില്‍ നിന്നൂര്‍ന്ന മോഹക്കണികകള്‍
    പുഞ്ചിരി മുത്തമെനിക്ക് നല്‍കി

    അവസാനം മോഹക്കണികകള്‍ ലഭിക്കും.
    നന്നായിരിക്കുന്നു.

    ReplyDelete
  4. ഏകാന്തമായ ഒരു ബാല്യത്തെക്കുറിച്ചോർമ്മിപ്പിച്ചു..

    പഴയതെങ്കിലും, ഇഷ്ടം തോന്നുന്ന ശൈലിയും, ഭാഷയും...

    ReplyDelete
  5. lines with multidimension.. though lines are written as hapenings/fantasies of a kid, the symbols / incidents depicited has more depth than that of a kid.. "sthayeee bhavam vishaadham aanallo.... kuttikalkum, kuttikallude manasullavarkum prasaripaale kooduthal cheruka ? "

    ReplyDelete
  6. പ്രിയ സുഹൃത്തുക്കളെ..
    അഭിപ്രയങ്ങള്‍ക്കെല്ലാം മറുപടി തരാന്‍ കഴിയാറില്ല..
    എന്നാലും എന്നെ അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന്
    കരുതുന്നു...വീടും കുടുംബവും ജോലിയും മറ്റുമായ് നെട്ടോട്ടം ഓടുന്നതിനിടയ്ക്ക്‌ വീണു കിട്ടുന്ന
    നേരത്ത് ആണീ എഴുത്ത്..അതുകൊണ്ട് വയ്ച്ചും അഭിപ്രായങ്ങള്‍ എഴുതിയും
    എന്നും എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരെയും ഒരുപാട് ഇഷ്ടത്തോടെ ഓര്‍ക്കാറുണ്ട്.
    പ്രാര്‍ത്ഥനകളോടെ
    സ്നേഹത്തോടെ
    ജോ

    ReplyDelete
  7. ഡിയര്‍ Joe ,
    നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ പെയ്തോഴിയുംബോഴും , നൊമ്പരപീലികള്‍ പറന്നകലുംബോഴും , മാനസചെപ്പു ഉടയുമ്പോഴും, ഏവര്‍ക്കും ഒന്ന് ബാകി ഉണ്ടല്ലോ അല്ലെ ? ഇലകളില്‍ നിന്നൂര്‍നു വീഴുന്ന മോഹക്കണികകള്‍... അവയുടെ പുഞ്ചിരി മുത്തം , അത് മാത്രം മതി മുന്നോട്ടു പായാന്‍ ....
    yet another wondeful work from you...theme wise, ബാക്കി കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ലേ......

    ReplyDelete
  8. ജ്യോത്സ്ന,
    വളരെ നല്ല ഒരു കവിത. ഒരു ഈണത്തിൽ ചൊല്ലി നോക്കുകയായിരുന്നു.. നന്നായിട്ടുണ്ട്..

    ReplyDelete
  9. ബ്ലോഗറായത് മുതലാണ് കവിതകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഏറ്റവും ഇഷ്ടപ്പെട്ട കവിതകള്‍ തേജസ്വിനിയുടേതാണ്. പിന്നെ സുകന്യ. ജ്യോത്സനയുടെ ആദ്യത്ത കവിതയാണെന്ന് തോന്നുന്നു ഞാന്‍ വായിക്കുന്നത്.
    നല്ല വരികള്‍!!
    നാല് വരി കവിത എന്നും എഴുതൂ ടീച്ചറേ !

    ReplyDelete
  10. ഒരുപാടു ഭ്രാന്തന്‍ ചിന്തകളുള്ള ഒരാളെകൂടി കണ്ടുമുട്ടിയതില്‍ സന്തോഷം.
    ഞാന്‍ ഭ്രാന്തന്‍ ചിന്തകള്‍ ഒരു വിഭാഗമാക്കി , രണ്ടു വരികളുള്ള ഒന്നയാണ് പോസ്റ്റ്‌ ചെയ്യാറ് എന്ന് മാത്രം

    നല്ല ബ്ലോഗ്‌,എന്റെ ആശംസകള്‍ .

    ReplyDelete