Followers

Saturday, 13 February 2010

ആത്മാക്കളുടെ വായ

അല്ല...എന്താപ്പോ ഈ 'ആത്തു വെച്ചു കൊടുക്കുകാ' ന്നു പറഞ്ഞാല്‍?അപ്പൂനു ഒന്നും പിടി കിട്ടുന്നില്ലല്ലോ...

അമ്മേ പറയമ്മേ...എന്താ അങ്ങനെ പറഞ്ഞാല്‍?

കുറെ മധുരപലഹാരോം,പായസോം ഒക്കെ ഉണ്ടാക്കീട്ടുമുണ്ട്...എന്നാല്‍ ആരും ഒന്നും അപ്പൂനോട്ടു തരുന്നുമില്ല....അപ്പുവിന്റെ നിര്‍ത്താതെയുള്ള ചോദ്യം ആരും ഗൌനിക്കുന്നെയില്ല...അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും കൂറയുടെ ചന്തിയ്ക്ക് തിരി കൊളുത്തിയത് പോലെ പരക്കം പായുന്നു..പതിവില്ലാതെ വല്യമ്മേം അമ്മാവന്മാരും ഒക്കെ വന്നുട്ടുമുണ്ട്....

ലക്ഷ്മിയേടത്തി...ഇങ്ങക്ക് അറിയാമോ അതിന്റെ അര്‍ഥം..?

ഒന്ന് പോയെന്റെ അപ്പു...ഇവിടെ പിടിപ്പത് പണിയുണ്ട്...
ഇതെന്താപ്പോ...അരിയെത്രെന്നു ചോദിക്കുമ്പോ പയറഞ്ഞാഴിന്നു പറയരുത് എന്ന് ലക്ഷ്മിയേടത്തി തന്ന്യല്ലേ എന്നോട് പറയാറ്..എന്നിട്ടിപ്പോ...

ലക്ഷ്മിയേടത്തിയ്ക്ക് ഉത്തരം മുട്ടി...നിന്നെ കൊണ്ട് ഞാന്‍ തോറ്റു എന്റെ അപ്പോ...

അതെന്തിനാ തോല്ക്കണേ...ഞാനതിനു എസ്സേ എഴുതാന്‍ ഒന്നും ചോദിച്ചില്ലല്ലോ...അപ്പൂനു ചിരിവന്നു...
ഈ വല്ല്യോര്ടെ ഒരു കാര്യം...

ആത്തു വെച്ച കൊടുക്കുകാന്നു പറഞ്ഞാല്‍,അകത്തു വെച്ച് കൊടുക്കുക..അപ്പൂന്റെ മുത്തശ്ശി മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയില്ലേ..... എന്നാലും മുത്തശ്ശീടെ ആത്മാവ് ഇവിടൊക്കെ തന്നെ ഉണ്ട് എന്നാണ് വിശ്വാസം ...നമ്മളെ ഒക്കെ കണ്ടുകൊണ്ട്...അതുകൊണ്ട് എല്ലാ ആണ്ടിനും മുത്തശ്ശിയ്ക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി പടിഞ്ഞാറ്റേല് വെച്ചുകൊടുക്കും .മരിച്ചുപോയ മുത്തശ്ശീടെ ആത്മാവ് അത് വന്നു കഴിക്കുമെന്നാ പറേന്നെ ..വീട്ടിലെ വിശേഷ ദിവസങ്ങളിലും ,ഓണത്തിനും വിഷൂനും ഒക്കെ പായസം ഉണ്ടാക്കുമ്പോ അമ്മ ആദ്യം അവിടെ കൊണ്ട് വെക്കുന്നത് അപ്പു കണ്ടിട്ടില്ല്യേ?മുത്തശ്ശിയ്ക്ക് സന്തോഷയിക്കോട്ടേ...

അല്ല ലക്ഷ്മിയേടത്തിയെ......ഈ ആത്മാവിനു വായും വയറുമുണ്ടോ..?

ഊ....ന്നെ നട്ടപ്രാന്ത് പിടിപ്പിക്കാതെ നീയൊന്നു പോകുന്നുണ്ടോ കുട്ട്യേ...

അപ്പൂന്റെ കണ്ണില് സങ്കടം വരുന്നുണ്ട് ട്ടോ...ന്നെ എന്തിനാ വെറുതെ ചീത്ത പറയുന്നേ....

നിറഞ്ഞ കണ്ണുകളോടെ അപ്പു തിരിഞ്ഞു നടന്നു.ലക്ഷ്മിയേടത്തി കയര്‍ത്തത്‌ കൊണ്ടാണോ അതോ അവന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഓര്‍ത്തിട്ടാണോ ഈ സങ്കടം എന്ന് അവനു തന്നെ പിടികിട്ടിയില്ല.മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഏതു സംശയത്തിനും മറുപടി കിട്ടുമായിരുന്നു..ഇതിപ്പോ ഇനി ആരോടാ ചോദിക്യ..?എല്ലാര്‍ക്കും എപ്പോഴും തിരക്കാ...ഈ വീട്ടില്‍ തന്നോട് മിണ്ടാന്‍ മാത്രം ആര്‍ക്കും നേരമില്ല്യാ...

ആത്മാവിനു വയറുണ്ടോ...
അപ്പൂനു ദേഷ്യം വരാന്‍ തുടങ്ങീട്ടുണ്ട് ട്ടോ...
ഈ പായസം ഒക്കെ അണ്ണാക്കിലോട്ട് ഒഴിക്കുമ്പോ പുറത്ത്തെയ്ക്കല്ലേ ഒഴുകുക...
മുത്തശ്ശിയ്ക്ക് ഇതൊക്കെ മരിക്കുന്നതിനു മുന്‍പും ഇഷ്ടമായിരുന്നല്ലോ...പക്ഷെ അപ്പോഴൊന്നും ആരും മധുരമുള്ളതോന്നും കൊടുത്തു മുത്തശ്ശിയെ സന്തോഷിപ്പിക്കുന്നത് കണ്ടിട്ടില്ലല്ലോ...

'ദാക്ഷായണിയെ......ഈ ചായേല്‍ ഇത്തിരി പഞ്ചാരയ്ട്ടു തായെന്റെ കുട്ട്യേ...'എന്ന് മുത്തശ്ശി ദയനീയമായി ചോദിക്കാറുള്ളത് അവനോര്‍ത്തു...കഴിഞ്ഞതിനു മുന്നത്തെ വിഷുവിനു മുത്തശ്ശിക്കിഷ്ടമുള്ള പരിപ്പ് പ്രഥമന്‍ അമ്മ കാണാതെ ഒളിച്ചു കൊണ്ടുകൊടുത്തപ്പോ ആ മുഖത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...കാലു നീട്ടിയിരുന്നു...പല്ലില്ലാത്ത മോണ കാട്ടി..പിന്നെ ആര്‍ത്തിയോടെ പായസം കുടിച്ചു ,വറുത്ത നാളികേരകൊത്തുകള്‍ ചവയ്ക്കാന്‍ പറ്റാത്ത ഖേദത്തോടെ പുറത്തേയ്ക്ക് നീട്ടിത്തുപ്പി,സംതൃപ്തിയോടെ തലയാട്ടുന്ന മുത്തശ്ശി......

ഇന്ന് ഇതൊക്കെ കണ്ടിട്ട് അതുപോലെ ചിരിക്കുന്നുണ്ടാവുമോ മുത്തശ്ശീടെ ആത്മാവ്...പാവം ചിലപ്പോ പായസം കുടിക്കാന്‍ ചെല്ലുംപോഴാവും വായും വയറുമില്ലാത്ത്ത് അറിയുക...ജീവിച്ചിരിക്കുമ്പോള്‍ സന്തോഷിപിച്ചാല്‍ മതിയായിരുന്നില്ലേ എല്ലാര്‍ക്കും...
ഈ അപ്പൂനു ഒന്നും മനസ്സിലാവുന്നില്ല...

നേരം ഒരുപാടായെന്നു തോന്നുന്നു...

മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍ വന്നവരൊക്കെ തിരിച്ചു പോയിരിക്കുന്നു ...

മക്കളെയും പെരക്കുട്ടികളെയും ഇങ്ങനെ ഒരുമിച്ചു
ഇടക്കെങ്കിലും കാണുന്നതാണ് എന്റെ സന്തോഷം..എന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയാറുണ്ടല്ലോ...അപ്പൊ പിന്നെ എല്ലാവരും ഇത്ര വേഗം പോയാല്‍ ആത്മാവിനു സങ്കടാവില്ലെ...

ലക്ഷ്മിയേടത്തിയെ,എല്ലാ ആണ്ടിനും ഇത് പോലെ എല്ലാരും വരുമോ മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍?

അതെങ്ങന്യാ എന്റെ അപ്പു..എല്ലാവര്ക്കും അവരോരുടെ ജോലീം തെരക്കും ഒക്കെ ഇല്ലെ...ഒരു കൊല്ലം കൂടി ഒക്കെ വരുമായിരിക്കും...

അത് കഴിഞ്ഞാലോ..?

അത് കഴിഞ്ഞാല്‍ മുത്തശ്ശീന്റെ ആത്മാവിനെ നമ്മള്‍ തിരുനെല്ലീല്‍ കൊണ്ടുപോയി മോക്ഷം കൊടുക്കും...

അപ്പൊ അകത്തു വെച്ച് കൊടുക്കുന്നത് ഏതു ആത്മാവാ കഴിക്യാ?

മുത്തശ്ശി ഇവിടുന്നു പോയ പിന്നെ എന്തിനാ ആത്ത് വെച്ച് കൊടുക്കണന്റെ കുട്ട്യേ...

തിരുനെല്ലീ പോയ ആരാ മുത്തശ്ശിയ്ക്ക് പായസം ഉണ്ടാക്കി കൊടുക്കുക..?

നീയ് പോയി കിടന്നു ഉറങ്ങുന്നുണ്ടോ....മനുഷ്യനെ മെനക്കെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ...

അപ്പൂനു പിന്നേം സങ്കടം വരുന്നുണ്ട്...അവന്‍ തല താഴ്ത്തി നടന്നു നീങ്ങി..പോകുന്ന പോക്കില്‍ ജനാല വഴി പതുക്കെ പടിഞ്ഞാറ്റയിലേക്ക് എത്തി നോക്കി..ഇല്ല.ഒന്നും തൊട്ടിട്ടില്ല..പായസവും അപ്പവും ഒക്കെ അതെ പടി..

ഹും...മുത്തശ്ശിയെ സന്തോഷിപ്പിക്കാനാത്രേ...അപ്പൂനു ചിരി പൊട്ടി...എനിക്കറിയാം,ജീവനുള്ള മുത്തശ്ശിക്ക് സന്തോഷമില്ലാതിരുന്നാല്‍ എങ്ങന്യ ആത്മാവിനു സന്തോഷിക്കാന്‍ പറ്റുക...
മണ്ടക്കൂട്ടം...ഈ വല്ല്യോര്‍ക്ക് ഒന്നും അറീല്ല്യാ...
വരട്ടെ...
ഞാനും വലുതാവുമല്ലോ.... അപ്പൊ കാണിച്ചു തരാം...
ഒരു കുസൃതിചിരിയോടെ അവന്‍ കിടക്കയിലേയ്ക്ക് വീണു.

8 comments:

 1. valare nannaayirikkunnu..... ellaa ashamsakalum.....

  ReplyDelete
 2. "ജീവനുള്ള മുത്തശ്ശിക്ക് സന്തോഷമില്ലാതിരുന്നാല്‍ എങ്ങന്യ ആത്മാവിനു സന്തോഷിക്കാന്‍ പറ്റുക..."
  അതന്നെ..
  'ആട്ടുന്നിടത്ത് നിന്ന് പിണ്ണാക്ക് കൊടുക്കാത്തവന്റെ വീട്ടില്‍ ചെന്നാല്‍ എണ്ണ കിട്ടുമോ?'

  ReplyDelete
 3. One esential quality that a writer should have is the ability to enterinto others shoes and see things.. and here you have done that job in a excellent way..

  just from a innocent kids view point, really pointing out the senselessness in doing the rituals for the passed away old ones , by those, who didnt bother to take care while they were alive..or in other words the dual personality of the people in treating the old...

  excellent writing.. and only a person with a innocent mind like a kid can view and write in this way ....

  sheje

  ReplyDelete
 4. ""ദിവസങ്ങളിലും ,ഓണത്തിനും വിഷൂനും ഒക്കെ പായസം ഉണ്ടാക്കുമ്പോ അമ്മ ആദ്യം അവിടെ കൊണ്ട് വെക്കുന്നത് അപ്പു കണ്ടിട്ടില്ല്യേ?മുത്തശ്ശിയ്ക്ക് സന്തോഷയിക്കോട്ടേ...""

  വളരെ രസമുള്ള എഴുത്ത്. ഞാന്‍ കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല.

  ReplyDelete
 5. അതല്ലെങ്കിലും അങ്ങനെയാണ്, ആവശ്യമുള്ളത് അനവസരത്തിലേ കൊടുക്കൂ, അതും മറ്റുള്ളവരെ കാണിയ്ക്കാന്‍ വേണ്ടി!
  എഴുത്തില്‍ അല്‍പ്പം മുനവച്ചിട്ടില്ലേന്നൊരു സംശയം...
  ...ആശംസകള്‍...

  ReplyDelete
 6. കൊള്ളാം നല്ല ജീവിത ഗന്ധമുള്ള രചനകള്‍. കവിതകള്‍ നന്നായിട്ടുണ്ട്.

  ReplyDelete
 7. Dear Joe,
  നിഷ്കളങ്കമായ ചോദ്യങ്ങളിളുടെ അര്‍ത്ഥ വ്യാപ്തിയുള്ള ഒരു വിഷയം വളരെ മനോഹരമായി പ്രതിഫലിപ്പിച്ചിട്ടുണ്ട്, ഈ ശൈലിയും കൊള്ളാം ,മുന്‍പ് എഴുതിയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം , ആ ചിന്തകള്‍ക് അഭിനന്ദനങ്ങള്‍...

  ReplyDelete