Followers

Friday, 29 March 2013

ണിം ...ണിം...


ഇരുണ്ട മുറിക്കുള്ളില്‍ കറങ്ങുന്ന പങ്കയ്ക്കൊപ്പം ചുഴികള്‍ സൃഷ്ടിച്ചു  ചൂട് കാറ്റ് .ജനാല തള്ളി തുറക്കാന്‍ ശ്രമിച്ചത്  വൃഥാവിലായി.അടര്‍ന്നു വീഴാറായ പോളകള്‍ ചരടിനാല്‍ ബന്ധിചിരിയ്ക്കുന്നു.മുറിയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടി കിതയ്ക്കുന്ന പലവിധത്തിലുള്ള  സുഗന്ധദ്രവ്യങ്ങളുടെയും വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം ഓക്കാനം വരുത്തി തുടങ്ങി.നിര്‍വികാരമായി ഉത്തരതാളുകളില്‍ മുഖംപൂഴ്ത്തി കുത്തികുറിയ്ക്കുന്ന അലസഭാവങ്ങള്‍ .മടുപ്പ് മാറ്റാന്‍ പതിയെ മുന്നിലെ ജനാലതിണ്ണയില്‍ വന്നിരുന്നു.കണ്ണുകള്‍ ജനാലയും കടന്നു വിശാലമായ മൈതാനത്തിനും അപ്പുറത്തുള്ള മഞ്ഞമന്ദാരത്തിന്റെ ചുവട്ടില്‍  തറഞ്ഞു നിന്നു.നിരനിരയായി ചായ്ച്ചു വെച്ചിരിയ്ക്കുന്ന  ചുവന്ന സൈക്കിളുകള്‍ .മനസ്സിന്റെ കോണിലെവിടെയോ ഒരു മണിയടിയോച്ച്ച.
പാല്‍ കവറുകള്‍ നിറച്ച നീല ട്രേ സൈക്കിളിന്റെ പുറകില്‍ കെട്ടി ഉറപ്പിച്ചു ,  ഇരിക്കാതെ ഇരുന്നു ആഞ്ഞു ചവിട്ടുന്ന ഒരു മുഖം.വിയര്‍പ്പു ചാലിട്ട മുഖത്ത്തോളിപ്പിച്ച  കള്ളച്ചിരിയുടെ തിളക്കം.എവിടെയോ ഉടക്കി വലിയുന്ന കാക്കനോട്ടവും കാലത്ത്തിനക്കരെ എങ്ങോ  നേര്‍ത്ത് അലിയുന്ന  മണിയൊച്ചയും .ഓണപ്പരീക്ഷകഴിഞ്ഞു വരുന്നവഴി പാടത്തിന്റെ കരയില്‍ ചിരിച്ചുനില്‍ക്കുന്ന കാക്കപൂവുകള്‍ പറിയ്ക്കാന്‍ ഒരല്‍പ്പനേരം...അന്ന് പാടത്തിന്റെ അക്കരെയുള്ള  വീട്ടില്‍ നിന്നും പതിവായ്‌   ഇറങ്ങി വരുമായിരുന്ന കൌതുകം  ...വാക്കുകള്‍ക്കതീതമായി  കണ്ണുകള്‍ കൊണ്ട് മാത്രം കഥ പറഞ്ഞ  സ്വപ്നം  .തന്‍റെ വരവറിയിച്ചു കൊണ്ട് മണിയടിച്ച്ച  ആ ചുവന്ന സൈക്കിള്‍ മനസ്സിന്റെ കോണില്‍ എവിടേയോ  വീണ്ടും  മുഴങ്ങി .ഉച്ചച്ചൂടില്‍ പൊരിഞ്ഞുണങ്ങിയ  കുപ്പായത്ത്തിലൂടെ ചാലിട്ടു നീങ്ങുന്ന ചോണനുറുംബുകളെ കുടഞ്ഞു മടക്കുംപോള്‍ ദൂരെ വീണ്ടും നേര്‍ത്ത മണിയടികള്‍ .ഒറ്റക്കാലില്‍ ഉരുണ്ട്,മറുകാല്‍ വീശിച്ചുഴറ്റിയിറങ്ങി സൈക്കിള്‍ ഉരുട്ടി , പുറംകഴുത്തില്‍  തൂങ്ങിയാടുന്ന കാലന്‍ കുടയും ഇടതു തോളില്‍  കാക്കി സഞ്ചിയുമായി നടന്നടുക്കുന്ന പോസ്റ്റ്‌ മാമനെ കയ്യാലയ്ക്ക് ഇപ്പുറത്ത്   നിന്ന് തന്നെ കാണാം.ചുവന്ന പൊതികെട്ടില്‍ ഒരു ദേശത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ ,തേങ്ങലുകള്‍ .ഇടവഴി കടന്നു പടിപ്പുര തിരിയാതെ അടുത്ത പറമ്പ് താണ്ടുന്ന മണിയടിയ്ക്കൊപ്പം അസ്തമിയ്ക്കുന്ന കണ്ണുകള്‍ .
സമയം കഴിഞ്ഞെന്നറിയിക്കാന്‍  ഹൃദയംതകര്‍ത്തു മുഴങ്ങിയ മണിയടിയില്‍ ചിതറിത്തെറിച്ച നേര്‍ത്ത കിലുക്കങ്ങള്‍ .എങ്കിലും ഓര്‍മ്മകളുടെ മേളപ്പെരുക്കത്തില്‍ ഈ മണിമുഴക്കങ്ങള്‍ക്കിന്നും പത്തരമാറ്റ്  .

Sunday, 10 March 2013

പുനര്‍ജ്ജനി


പുനര്‍ജ്ജനി

മഴമറന്നിട്ട വെയില്‍ത്തുള്ളികള്‍ തീര്‍ത്ത
ചരല്‍ വരമ്പിലൂടിന്നു  നടക്കവേ
അല്ലലില്ലാതങ്ങു നെയ്യുന്ന സ്വപ്‌നങ്ങള്‍
പതിയെ നെഞ്ചോടു ചേര്‍ക്കുന്നുവോ മനം.

പാതി ചാരിയ മിഴികളിലൂടൂര്‍ന്ന
നേര്‍ത്ത നൂലില്‍ കുരുങ്ങിയ പ്രാര്‍ത്ഥന
ചൂഴ്ന്നിറങ്ങും  മിന്നല്‍പിണരുപോല്‍ 
മുഗ്ദമാനസം  നീറ്റി ഉണര്‍ത്തവെ

നെടിയ നിശ്വാസങ്ങളേറ്റങ്ങുയരുന്ന
ഹൃദയതാളങ്ങള്‍ തീര്‍ത്തോരലമാല
ഒരുവേള തൊണ്ടയിലൊന്നു  പിടഞ്ഞുവോ
പെയ്തു കേറുവാന്‍ വെമ്പുന്ന വാക്ക് പോല്‍ .

ഒരു നിദ്രയിങ്കല  കന്മഷം തീര്തതിന്നു
മോദമോടെ  പാടും കുയില
നെഞ്ചിടിപ്പിന്റെ താളത്തില്‍ പാടുന്നു
  ഇറ്റു സാന്ത്വനമേകുന്ന താരാട്ടായ്

 പതിയെ പുണരും വേണ്നിലാവിലി-
  ന്നരിയ  കാര്‍മുകില്‍ ലോലമോതുങ്ങവേ
   ഒട്ടു ശങ്കിച്ചറചങ്ങ് സ്തബ്ദയായ്
തിരികെ  യാത്രയ്ക്കൊരുങ്ങുന്ന കാലവും.