Followers

Tuesday, 10 May 2011

അവള്‍


("മിസ്സ്‌...ഈ സംസാരിക്കുന്നത് ഞാനല്ല..ഞാന്‍വേറാരോ ആണ്..
മിസ്സ്‌,എന്നെ തെറ്റിദ്ധരിക്കരുത്...ഞാന്‍ഒരിക്കലും ഒരു ചീത്തകുട്ടി ആയിരുന്നില്ല...."-------

 മത്സരപരീക്ഷകള്‍ക്കും, കൂട്ടുകാരുടെയും വീട്ടുകാരുടെയും അമിത പ്രതീക്ഷകള്‍ക്കും  നടുവില്‍വീര്‍പ്പുമുട്ടി ജീവിതം തന്നെ നഷ്ടപ്പെട്ട  പ്രിയശിഷ്യയെ ഓര്‍ത്തുകൊണ്ട്...)


ഇന്ന് ഞാന്‍ കണ്ട  നിന്റെ മിഴികളില്‍
ആകാശത്തിന്റെ അനന്തനീലിമ ഇല്ലായിരുന്നു
മറിച്ച് ,ഇരുണ്ട ഇടനാഴികകളില്‍ പതിയിരിക്കുന്ന 
ഭൂതകാലത്തിന്റെ വിറയാര്‍ന്ന നിസ്വനങ്ങളും
തണുത്ത ശൂന്യതയും.,

ഭയം കനിഞ്ഞു നല്‍കിയ ചുഴിയില്‍
ദിശ മറന്നു വിഹ്വല്യയായി നീ.
ചിന്തകള്‍വാര്‍ന്ന മനസ്സും,
സ്വരരാഗലയങ്ങള്‍മറന്ന ചുണ്ടുകളും.
നിന്റെ വാക്കുകള്‍ നിന്റെതല്ലാതായിരിക്കുന്നു. 

നിനക്കുള്ളിലിരുന്നു പുലമ്പുന്നത്
ഞാനറിയാത്ത,നീയറിയാത്ത,നീ
നിനക്കറിയാത്ത നിന്റെതല്ലാത്ത കാഴ്ചകള്‍.
അറിയുന്നു ഞാനും നിന്നെ പോലെ
അത് നീയല്ലായിരുന്നു.

വിറയ്ക്കുന്ന കരങ്ങളും,ഉലയുന്ന ശരീരവും,
ദിക്കുകിട്ടാതലയുന്ന മിഴികളും
മുറിഞ്ഞു വീഴുന്ന സ്വരങ്ങളില്‍അടര്‍ന്നു വീഴുന്ന വാക്കുകളും
ഒന്നും  നിന്റെതല്ലയിരുന്നെന്ന നിന്റെ തിരിച്ചറിവ്
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

എങ്കിലും,വിടചോല്ലിപിരിയവേ
എന്നെ ഗ്രഹിച്ച നിന്‍തണുത്ത സ്പര്‍ശവും
ഉന്മാദം നിറഞ്ഞ നയനങ്ങള്‍നീട്ടിയ പ്രതീക്ഷയും
വരണ്ട ചുണ്ടുകളെകിയ വിളര്‍ത്ത പുഞ്ചിരിയും
എല്ലാം ,വീണ്ടുമെന്നിലായ് ആശകള്‍നിറയ്ക്കുന്നു.

വരിക നീയാ പഴയ നക്ഷത്രമായ്‌,
കാലം പാതി വഴിയില്‍ഉപേക്ഷിച്ച മോഹങ്ങളാല്‍
ജീവിതം കൊരുത്ത് കാത്തിരിയ്ക്കാം ഞാനിവിടെ,
യുഗങ്ങളോളം,നിനക്കായ്‌.

 .