ക്ഷേത്രത്തിനു മുന്‍പിലുള്ള കൈതക്കാട് മിഴി തുറക്കുന്നത് ഗ്രാമീണ നന്മ
ഉണരുന്ന തീവണ്ടിപാതയിലേയ്ക്ക്.
സന്ധ്യകളില്‍, ദീപാരാധനയ്ക്കു ശേഷം കുട്ടികളുടെ കുസൃതികള്‍ നോക്കി കുളക്കടവില്‍ ഇരിക്കുമ്പോഴാവും കുളപ്പടവ് കുലുങ്ങി തീവണ്ടിയുടെ വരവ് അറിയിക്കുക.
കുട്ടികളപ്പോള്‍ കൈകോര്‍ത്ത് പിടിച്ചു, ഒരു കാല്‍ പടവിലും മറ്റേതു വെള്ളത്തിലും ആഴ്ത്തി,പതുക്കെ കുളത്തിന്‍റെ തണുപ്പ് തൊട്ടറിയുകയാവും. പടവ് കുലുങ്ങേണ്ട താമസം തട്ടിപ്പിടഞ്ഞു എഴുനേറ്റു ഒരോട്ടമാണ്.എന്‍റെ വെപ്രാളം പകര്‍ന്ന ഞെട്ടലില്‍ തിരിഞ്ഞു നോക്കി,
ഒരു നിമിഷം ശങ്കിച്ച് എനിയ്ക്ക് പുറകെ അവരും.ഒടുവില്‍ തീവണ്ടിയ്ക്കൊപ്പം കിതച്ചു കൊണ്ട് ഞങ്ങളും..
അരണ്ട വെളിച്ചം നിറച്ച പെട്ടിക്കൂടുകള്‍ അമര്‍തിക്കിതച്ചു കടന്നുപോകുമ്പോള്‍ പാതയ്ക്ക് സമാന്തരമായ് ഓടി കൈവീശി പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍...
"ഈ അമ്മയ്ക്ക് ഒരു നാണവും ഇല്ലേ, വയസ്സുകാലത്ത് ഈ തടിയും വെച്ച് ഇങ്ങനെ ഓടാന്‍...?",ആമിയുടെ സ്നേഹ ശാസനം...
ഉണ്ണിയെ ചേര്‍ത്തുപിടിച്ചു അവളെ നോക്കി കണ്ണ് ഇറുക്കുമ്പോള്‍ ,
എന്‍റെ കൈകള്‍ തട്ടിമാറ്റി , ഒരു മത്സരത്തിന്റെ ലഹരി കെട്ടടങ്ങാത്ത തന്‍റെ മിഴികള്‍
അകന്നു പോകുന്ന തീവണ്ടിയ്ക്കൊപ്പം പായ്ക്കുന്ന അവന്‍...
തിരിച്ചു കൈതക്കാടിറങ്ങി,ക്ഷേത്രവും ,കുളവും കടന്നു അലസമായി ഒരു നടത്തം,ഒട്ടും ധൃതി വെക്കാതെ...
ഈ ക്ഷേത്രവും, കുളപ്പടവും,കൈതക്കാടും തീവണ്ടിപ്പാതയും ഇന്നെനിക്കന്ന്യമാവുന്നത് ഞാനറിയുന്നു...അല്ലെങ്കില്‍ ഈ ഓര്‍മ്മകളില്‍ നിന്ന്,ഈ സത്യങ്ങളില്‍ നിന്ന് ,അങ്ങകലെയ്ക്ക് ഒളിച്ചോടാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്?
മുന്പ് ഇവിടെ വന്നാല്‍ ഗ്രാമീണ സൌന്ദര്യം മിഴികളിലും മനസ്സിലും ആവാഹിയ്ക്കാന്‍ തിടുക്കം കൂട്ടിയിരുന്ന ഞാന്‍ ഇപ്പോഴെന്തേ നാല് ചുവരുകള്‍ക്കുള്ളില്‍ ,പുസ്തക കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഇലചുരുട്ടി പുഴുവിനെ പോലെ... പതുങ്ങി...?നഗരരാത്രികള്‍ സമ്മാനിച്ച തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ,തേഞ്ഞു തീരാറായ ചന്ദ്രക്കലയില്‍ ഏറി,മിഴികള്‍ ആകാശം തുഴയുമ്പോള്‍,നക്ഷത്രകണ്ണുകള്‍ ചിമ്മി മേഘപരപ്പുകള്‍ വകഞ്ഞുമാറ്റി ഇരുളില്‍ അലിയുന്ന ഗഗനചാരികള്‍...തീവണ്ടിപ്പാതകളുടെ പൂര്‍ണ്ണത പോലെ വിമാനങ്ങളുടെ സഞ്ചാരപഥം സങ്കല്‍പ്പിക്കാന്‍ എനിക്കൊരിക്കലും കഴിയാറില്ല.അവ എനിക്കെന്നും അമൂര്തങ്ങളായ നിശാചരികള്‍ ആയിരുന്നു.എന്‍റെ ചിന്തകളുടെ അപൂര്‍ണ്ണത പോലെ തെളിഞ്ഞും മറഞ്ഞും അവ..
ഇമയടച്ച് തുറക്കുന്ന വേഗത്തില്‍ രാത്രി പകലാകുമ്പോള്‍, ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും എനിക്കന്യമാവുന്നു...പകലിന്‍റെ കത്തുന്ന രശ്മികള്‍ എന്നെ അന്ധയാക്കുമ്പോള്‍, യാന്ത്രികതയ്ക്കൊപ്പം ഒഴുകുന്ന ഞാനും എന്‍റെ ആത്മാവും..എങ്കിലും ചിന്തകളുടെ സ്വകാര്യതയില്‍ മനസ്സിലെ ഓര്‍മ്മകൂട് തുറക്കുമ്പോള്‍ അറിയാതെ രാത്രിയാവാന്‍ മോഹിച്ചുപോവുന്നു...
വെറുതെ ഇരുളിനോപ്പം മാനത്തേയ്ക്ക് നോക്കി,തീവണ്ടിപ്പാതയിലൂടെ ലക്‌ഷ്യം തെറ്റാതെ മുന്നോട്ടു കുതിയ്ക്കാന്‍... ഗഗനചാരികളുടെ സഞ്ചാരപഥം തേടി..