Followers

Saturday, 18 July 2009

സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ...


സ്വപ്നങ്ങളുടെ അര്‍ത്ഥം തേടിയുള്ള എന്റെ സഞ്ചാരങ്ങള്‍ എന്നും എന്നില്‍ അമ്പരപ്പ് മാത്രം അവശേഷിപ്പിക്കുന്ന അന്വേഷണങ്ങളുടെ ഒരു അപൂര്‍ണ്ണതയാണ്.സ്വപ്‌നങ്ങള്‍ യാത്ഥാര്‍ത്ഥ്യമാവുകയില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ?യഥാര്‍ത്ഥത്തില്‍ അവ സ്വപ്നങ്ങളോ അതോ ആറാം ഇന്ദ്രിയത്തിന്റെ കണ്‍കെട്ടുവിദ്യയോ?എന്ത് തന്നെയായാലും എന്റെ ഏകാന്ത നിമിഷങ്ങളില്‍ തികട്ടി വരുന്ന ചിന്തകളുടെ അര്‍ത്ഥമറിയാത്ത ചിത്രങ്ങളിലൊന്നാണ് എനിക്കിന്നീ സ്വപ്‌നങ്ങള്‍.

ചില സ്വപ്നങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നില്‍ അശാന്തി സൃഷ്ടിക്കാറുണ്ട്.കുഞ്ഞുനാളില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അപരിചിതമായ ഒരു നാലുകെട്ടും ,വലിയ നാഴികമണിയും,ആടിയുലഞ്ഞ് ആഞ്ഞുവീശി വഴിമുടക്കിയിരുന്ന ഭീമാകാരമായ പെന്‍റ്റുലവും,ഭ്രാന്തമായി എന്നെ ഓടിച്ചിരുന്ന വെളുത്ത പട്ടിയും ....പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മാമാങ്കത്തിന്റെ നാട്ടിലൊരു അജ്ഞാതവാസം.അന്നെനിക്ക് അഭയമേകിയത് പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു നാലുകെട്ടായിരുന്നു..അവിടെ കപടസ്നേത്തിന്റെ ചങ്ങലയില്‍ എന്നെ തളച്ചു വഴിമുടക്കിയ ,കണ്ണില്ലാത്ത ഹൃദയവും പേറി നടന്നൊരു മാന്യന്‍.ഒടുവില്‍ ചങ്ങല പൊട്ടിച്ചു നാട്ടിലെത്തിയപ്പോഴും വിടാതെ പിന്തുടര്‍ന്ന് എന്നെ ഓടിച്ചുകൊണ്ടിരുന്ന സ്വാര്‍ത്ഥതയുടെ ധാര്‍ഷ്ട്യം.

ഒരിക്കല്‍ സ്വപ്നത്തില്‍ ഞാനൊരു പുഴയോരം കണ്ടു.രാവേറെ വൈകിയിരിക്കുന്നു.അരണ്ട നിലവെളിച്ചത്തില്‍ തിരിച്ചറിഞ്ഞു, ഞാനവിടെ തനിച്ചല്ല...തണുത്ത കാറ്റേറ്റ് വിറപൂണ്ട് കുറെ ഈറന്‍ രൂപങ്ങള്‍.ആരുടേയും മുഖം വ്യക്തമല്ല.എങ്കിലും ഒരു മുഖം ഞാന്‍ തിരിച്ചറിഞ്ഞു,അച്ഛന്റെ ജ്യേഷ്ഠസഹോദരന്റ്റെ മകള്‍.നേരം പുലര്‍ന്നിട്ടും സ്വപ്നം എന്നില്‍ നിറച്ച അകാരണമായ അശാന്തി വിട്ടൊഴിയാതെ പീഡിപ്പിച്ചു കൊണ്ടിരുന്നു.ഒടുവില്‍ കുഞ്ഞെട്ടനോട് സ്വപ്നം എന്നില്‍ തീര്‍ത്ത കനത്ത മ്ലാനതയെ കുറിച്ചു സൂചിപ്പിച്ചു."ഹും,തൊടങ്ങി അവളുടെ ...എന്തിനാടോ വെറുതെ ഓരൊന്നാലോചിച്ചു കൂട്ടി ഇല്ലാത്ത ടെന്‍ഷന്‍ ഉണ്ടാക്കുന്നേ?വിട്ടുകള..."ഒന്നും മിണ്ടാതെ കനം തുങ്ങിയ മനസ്സുമായി മുറിയിലേയ്ക്ക്.അടുത്ത ദിവസം എല്ലാവരെയും ഉണര്‍ത്തിയത് കോളിങ്ങ് ബെല്ലിന്റെ സ്വരമാണ്.മുറ്റത്ത്‌ നാട്ടില്‍ നിന്നും അച്ഛന്റെ അനിയത്തിയുടെ മകന്‍.."കണ്ണന്‍ വല്യച്ചന്‍ പോയി...മിനിയാന്ന് ...രാത്രി തന്നെ എല്ലാം..."തളര്‍ന്നിരിക്കുന്ന അച്ഛന്‍.കൂടപ്പിറപ്പിന്റെ മരണം സൃഷ്‌ടിച്ച ആഘാതത്തിനപ്പുറം ,വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടും വീടും വിട്ടു കുടുംബത്തോടൊപ്പം എവിടെ എത്തപ്പെട്ട ഈ അനിയന്റെ വരവിനായി ആരും കാത്തുനിന്നില്ലെന്ന സത്യം ... അതിനിടയില്‍ ഞെട്ടിക്കുന്ന
തിരിച്ചറിവ്...മിനിയാന്ന് രാത്രി...സ്വപ്നത്തില്‍ ചേച്ചിയുടെ വിളറിയ മുഖം..അവിടെ വല്യച്ഛന്റെ ചിതയെരിയുമ്പോള്‍ ഞാന്‍ അര്ത്ഥമറിയാ സ്വപ്നത്തിന്റെ പൊരുള്‍ തേടുകയായിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍ എനിയ്ക്ക് മരണത്തിന്റെ നിസ്സഹായതയും,ജീവിതത്തിന്റെ മാധുര്യവും പകര്‍ന്നു തന്നുകൊണ്ടിരിക്കുന്നു...കാളകൂടവിഷത്തിന്റെ കയ്പ്പും പറന്ന് അകലുന്ന ജീവന്‍ തോണ്ടയിലവശേഷിപ്പിക്കുന്ന വരള്‍ച്ചയും കണ്ണില്‍ നിറഞ്ഞൊഴുകുന്ന നിസ്സഹായതയും എനിയ്ക്ക് കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു...അഥവാ അറിയിച്ചുകൊണ്ടേയിരിക്കുന്നു.ഞെട്ടിയുണര്‍ന്ന് , വിഷാദത്തോടെ ,നനഞ്ഞ മിഴിയിണകള്‍ വലിച്ചു തുറക്കുമ്പോള്‍ ഉള്ളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ തംബുരു മീട്ടുന്നു.ഒരു ജന്മത്തിന്റെ നിറഞ്ഞ ആഹ്ലാദമായി...

കണ്ടറിഞ്ഞ സ്വപ്നങ്ങള്‍ക്ക് മേല്‍ യാത്ഥാര്‍ത്ത്യത്തിന്റെ തൂവല്‍ സ്പര്ശമേല്ക്കുമ്പോള്‍ സ്വപ്നം എന്ന വാക്കിന് പുതിയ അര്‍ത്ഥവും വ്യാഖ്യാനവും തേടാന്‍ ഞാന്‍ പ്രെരിതയാവുകയാണ് എല്ലാമറിയുന്ന മനസ്സ് പ്രാര്ത്ഥിയ്ക്കുന്നു,സ്വപ്‌നങ്ങള്‍ കാണാതിരിയ്ക്കാന്‍..
കാണുന്നതെല്ലാം സത്യമാവാതിരിയ്ക്കാന്‍...
സത്യമായവ വെറുമൊരു സ്വപ്നമാവാന്‍..
സങ്കല്‍പ്പമാവാന്‍...
അപ്പോഴും പിടികിട്ടാത്ത സത്യങ്ങളായി സ്വപ്നദര്‍ശനങ്ങള്‍ എന്നില്‍ നിറയുകയാണ്...

Friday, 10 July 2009

വെളിപാടുകള്‍


ജീവിതം ചിലപ്പോള്‍ കനത്ത പ്രതിസന്ധികളിലേക്ക് നമ്മെ തള്ളി വിടാറുണ്ട് .ശരിയും തെറ്റും ഏതെന്ന് വിവേചിച്ചറിയാനാവാത്തവിധം കുഴഞ്ഞു മറിഞ്ഞ പ്രതിസന്ധികള്‍.അങ്ങനെ വരുമ്പോള്‍
അപ്രിയ സത്യമോ, ആശ്വാസമേകുന്ന നിര്‍ദോഷമായ അസത്യമോ അഭികാമ്യം എന്ന ചിന്ത എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കാറുമുണ്ട് .ഒടുക്കം ചിന്തിച്ചു ചിന്തിച്ചു ഉത്തരം കിട്ടാത്ത ചോദ്യമായി ഞാനും എന്റെ ചിന്തകളും മാത്രം അവശേഷിക്കും.പ്രതിസന്ധികള്‍ അടുത്ത ഇരയെത്തേടി അതിന്റെ പാട്ടിനു പോവുകയും ചെയ്യും.മനസ്സിനേറ്റ ക്ഷതങ്ങളും നീറുന്ന മുറിവുകളുമായി ചിന്തകളെ മനസ്സിലെവിടെയോ കുഴിച്ചുമൂടി ഞാനും കാലത്തിനൊപ്പം ഒഴുകും.പിന്നീട് എന്റെ ഏകാന്തതകളില്‍ ഈ ഓര്‍മ്മകളും ചിന്തകളും വീണ്ടും ചുരമാന്തുന്നു,ഉമിത്തീ പോലെ നീറ്റുന്നു.കാലചക്രം പോലെ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.ഒരു നിയോഗം പോലെ...ഇതാണ് മനുഷ്യജന്മത്തിന്റെ അദ്വിതീയതയും.
ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലുള്ള നീറ്റല്‍ അനുഭവിക്കാത്തവരുണ്ടോ? അന്വേഷണത്തിലാണ് ഞാന്‍.
പലപ്പോഴും നമുക്കു കിട്ടുന്ന പ്രഹരങ്ങള്‍ അപ്രതീക്ഷിത ദിശകളില്‍ നിന്നാവും.അതെന്നെ ആകെ തളര്‍ത്തുന്നു.ഇലപൊഴിഞ്ഞ മരം പോലെ,ഞെട്ടറ്റ പുഷ്പം പോലെ അപ്പോള്‍ നിസ്സംഗത എന്നില്‍ നിറയും.മനസ്സു ശുന്യമാവും .ഒന്നു പോട്ടിത്തെറിക്കാനോ പൊട്ടിക്കരയാനൊ ആവാത്ത വിധത്തിലുള്ള നിസ്സംഗത..ഒരു ലഹരിയായി എന്നെ കീഴടക്കുന്ന നിസ്സംഗത.ചത്ത കണ്ണുകളും,വരണ്ടചിരിയുമായി വിദുരതയിലെയ്ക്കു കണ്ണും നാട്ടു,ഒരു ഭ്രാന്തിയെ പോലെ...
ഒരിക്കല്‍ തകര്‍ന്നാല്‍ തിരിച്ചടുക്കാന്‍ പറ്റാത്തത് എന്തെന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ സംശയലേശമന്യേ ഞാന്‍ പറയും "വിശ്വാസം"..പലതിലും പലരിലും വിശ്വാസം നഷ്ടപ്പെടുമ്പോഴും കാര്‍മേഘത്തിനു അപ്പുറത്തുള്ള വെള്ളിരേഖകള്‍ എന്നില്‍ പ്രതീക്ഷയുടെ മഴവില്ല് തീര്‍ക്കുന്നു.കാതില്‍ മു‌ളുന്ന ഈറക്കുഴല്‍ വിളി ഒരു തുമന്ദഹാസം എന്നില്‍ നിറയ്ക്കുന്നു...യഥാര്‍ത്ഥത്തില്‍ ചില ബോധ്യങ്ങളും വിശ്വാസങ്ങളും അല്ലെ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും?നമ്മള്‍ ഹൃദയത്തോട് ചേര്ത്തു പിടിയ്ക്കുന്നവരെ കുറിച്ചു പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാം ആകാശഗോപുരങ്ങളായിരുന്നെന്നറിയുമ്പോള്‍...?ഉത്തരം തെടുംപോഴെയ്ക്കും നമ്മിലെ ഭ്രാന്തി വീണ്ടും ചങ്ങല തകര്‍ത്തു ആര്‍ത്തലച്ചു ലക്ഷ്യമില്ലാതെ ഓടുകയായി...സ്വയം പീഢിപ്പിച്ചുകൊണ്ട്...ഒരു തിരയിളക്കം പോലെ...ഒടുവില്‍ ഓളങ്ങള്‍ അടങ്ങി ശാന്തമാവുമ്പോള്‍ ...ശാന്തമായ കടല്‍ പോലെ,ആളിക്കത്തുന്ന പടുതിരി പോലെ...കാറും കോളും അടങ്ങിയ തിരുവാതിര പോലെ ...
പുതിയൊരു മുടുപടമണിഞ്ഞു,കടംകൊണ്ട ചിരിയുമായി വീണ്ടും അരങ്ങത്തേയ്ക്ക്...തിരശീല വീഴുന്നത് വരെ.
ആരും നമുക്കായി കാത്തു നില്‍ക്കുന്നില്ല.നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...