ദൂരെ,
എന്റെ കടല്‍ എരിയുകയാണ്
പഴുത്ത മണല്‍ തിട്ടകളില്‍ തട്ടി
നനുത്ത നുര തിളച്ചുരുകുന്നു.
എനിക്ക്
പൊള്ളിതുടങ്ങിയിരിക്കുന്നു....
ഉയര്‍ന്നു പൊങ്ങുന്ന നീരാവിയേറ്റ്
മധ്യാഹ്ന സൂര്യനും ആറി തുടങ്ങി..
അവന്‍ തണുത്തുറയുകയാണോ ?
ഇന്നലെവരെ എന്റെ കടല്‍ ശാന്തമായിരുന്നു .
അതിന്റെ നിശ്ശബ്ദ സംഗീതവും അനന്തമായ നീലിമയും
അവളെ ഭ്രമിപ്പിച്ചത് ഞാനറിയാതെ പോയതാണോ?
അതിന്റെ നനുത്ത സ്പര്‍ശവും മോഹിപ്പിക്കുന്ന ശൈത്യവും
അവളെ നീറ്റിതുടങ്ങിയതും ഞാനറിഞ്ഞില്ല.
ഒരു നിശ്വാസത്തിന്റെ കോളിളക്കത്തില്‍ തിളയ്ക്കുന്ന അലമാലകള്‍
വല്ലാതെ ഭയപ്പെടുത്തുന്നു...
അവയുടെ കറുപ്പും വെളുപ്പും എന്റെ മുന്നില്‍ വാതുവെക്കുന്നു.
ആരോ മൌനമായ് എന്നുള്ളില്‍ ഓതീടുന്നു,
നീയെന്ന കടലിനു തിരമാലകളേക്കാള്‍ ചേര്‍ച്ച അഗ്നിനാളങ്ങളാണ്...
മഞ്ഞയും ചുവപ്പും പച്ചയും നീലയും കലര്‍ന്ന ജ്വാലകള്‍.
നിന്റെ നിറമുള്ള സ്വപ്നങ്ങളുടെ കത്തുന്ന നാമ്പുകള്‍ പോലെ...
അവ,വെയിലും മഴയുമേറ്റ്,വാടാതെ,തളിര്‍ക്കാതെ,മുരടിച്ചും,കുരുടിച്ചും,
ഇരുളും ചൂടും കുടിച്ചു മയങ്ങട്ടെ,
തോല്‍വിയുടെ ഇത്തിരി മധുരം നുണഞ്ഞ്.
ഇവിടെ ഞാന്‍ കാത്തിരിപ്പ് തുടരുകയാണ്,
ദിശമാറി വീശിയ കാറ്റുപോലെ എങ്ങു നിന്നോ വന്ന്,
ഒരുയാത്രാമൊഴി പോലും ചൊല്ലാതെ മറഞ്ഞ അവനു വേണ്ടി...
അവസാനത്തെ ഇലയും കൊഴിയും മുന്‍പ്,
ചായം വറ്റിത്തുടങ്ങിയ കണ്ണന്‍ചിരട്ടകളില്‍ പുതിയ നിറക്കൂട്ടുകളുമായി
അവന്‍ വീണ്ടും വരാതിരിക്കില്ല...