Followers

Friday, 29 January 2010

സ്മൃതി തന്‍ ചിറകിലേറി...

ഒരു വര്‍ഷം കൂടി പ്രകാശവേഗതയോടെ കടന്നു പോയിരിക്കുന്നു.
ഹൃദയത്തെ തഴുകി മനസ്സിനെ തൊട്ടു കടന്നുപോകുന്ന ഓരോ വര്‍ഷവും
എന്നില്‍ നിറയ്ക്കുന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത സുന്ദരങ്ങളായ ജീവിത മുഹൂര്ത്തങ്ങളാണ്.കൊഴിഞ്ഞു പോയത് തിരിച്ചറിവുകളുടെ വര്‍ഷം.
സ്വന്തമെന്നു അഹങ്കരിച്ചതോന്നും ഒരിക്കലും സ്വന്തമയിരുന്നില്ലെന്ന തിരിച്ചറിവ് ...അറിയാതെയെങ്കിലും ഞാന്‍ തൊട്ടറിഞ്ഞ ഹൃദയങ്ങളുടെ പ്രാര്‍ത്ഥനകളിലെ സത്യം.സുഖഭോഗങ്ങളെല്ലാം സത്യത്തിന്റെയും വിജയത്തിന്റെയും
ഉപോല്പന്നങ്ങലാണെന്ന തിരിച്ചറിവ് ...ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു.
എന്റെ ദിനങ്ങള്‍ ചരിത്രമാക്കി മാറ്റിയ പ്രിയ നാമങ്ങള്‍..
ഉപാധികളില്ലാത്ത സ്നേഹമെന്തെന്നു എന്നെ അറിയിച്ചുകൊണ്ടിരിക്കുന്ന
സുഹൃത്തുക്കള്‍,എന്നെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന പ്രിയ വായനക്കാര്‍...

എങ്കിലും,പോയ വര്‍ഷം കടുത്ത വേദനകള്‍ സമ്മാനിച്ച മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്‌.
അതില്‍ ഏറെയും പ്രിയപ്പെട്ടവരുടെ വിയോഗം..തങ്ങളുടെ വാക്കുകളിലൂടെയും,
ദൃശ്യങ്ങളിലൂടെയും ,പ്രവര്‍ത്തനമേഖലകളിലൂടെയും,
തങ്ങളാരാണെന്നു നമ്മെ അറിയിച്ച പ്രിയപ്പെട്ടവര്‍..
അവര്‍ക്കായ് ഈ ഓര്‍മ്മക്കുറിപ്പ്‌...
എല്ലത്തിനുമപ്പുറം,
എന്റെ അരുമ ശിഷ്യര്‍ ,
എപ്പോഴും പുഞ്ചിരിച്ചു ,ഒടുവില്‍ എല്ലാവരെയും വേദനിപ്പിച്ചു കടന്നുപോയ സുജിത്തിനെയും ,
കഴിഞ്ഞു പോയ കാലം ...പാടിപ്പാടി മറഞ്ഞ അഭിഷേകിനെയും ,
പിന്നെ ,എന്റെ മോളുടെ ജീവിതത്തില്‍ ഒരുപാടു സ്വാധീനം ചെലുത്തിയ,അവളുടെ നൃത്തം കാണാന്‍ കാത്തിരുന്നു ,അതുകാണാന്‍ കാത്തു നില്‍ക്കാതെ പറന്നകന്ന അവളുടെ പ്രിയപ്പെട്ട കലാദേവി ടീച്ചറെയും സ്മരിച്ചു കൊണ്ട് ഇവിടെ ഞാന്‍... ഈ പുതുവര്‍ഷത്തില്‍ ...


അനുയാത്ര...

മരണത്തിന്റെ നിറം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു
എന്റെ കണ്ണുകളില്‍ എരിയുന്ന ഉച്ചവെയില്‍ നാളങ്ങള്‍ പോലെ
എന്റെ നെറ്റിയില്‍ പടര്‍ന്നു കത്തുന്ന സിന്ദൂരത്തിന്റെ ജ്വലനം പോലെ
എന്റെ സിര മുറിഞ്ഞു ഭ്രാന്തമായി ഒഴുകുന്ന രക്തത്തിന്റെ കറുപ്പുപോലെ.
മരണത്തിന്റെ ഗന്ധം എന്നെ വല്ലാതെ വശീകരിയ്ക്കുന്നു
കൊതിയോടെ എന്നെ പുണരുന്ന വേനല്‍ മഴയുടെ ഗന്ധം പോലെ..
എന്നെ തലോടുന്ന രാത്രിയുടെ നനുത്ത സൌരഭ്യം പോലെ
എന്റെ അടഞ്ഞ മുറിയില്‍ കുമിയുന്ന ഏകാന്തതയുടെ നിസ്വനം പോലെ...
ചിലപ്പോഴത് അണമുറിയാത്ത പേമാരി പോലെ മനസ്സില്‍ കോരിചോരിയുന്നു,
മറ്റു ചിലപ്പോള്‍ ആളിപ്പടരുന്ന അഗ്നിനാളങ്ങളായി എന്റെ ചിന്തകളെ വിഴുങ്ങുന്നു...
മരണത്തിന്റെ സ്നേഹ സ്പര്‍ശം എന്റെ തകര്‍ന്ന കണ്ണാടിച്ചില്ലിന്റെ കുളിര് പോലെ
ചിലപ്പോള്‍ എന്റെ കണ്ണുനീരിന്റെ ചൂട് പോലെ
മറ്റു ചിലപ്പോള്‍ എന്റെ പൊലിഞ്ഞ സ്വപ്നത്തിന്റെ നിര്‍വികാരത പോലെ..
ഇപ്പോള്‍,അവന്റെ കാലൊച്ച എന്റെ അരികിലായ് ഞാന്‍ അറിയുന്നു
എന്നും എനിക്ക് കൂട്ടായി നടക്കുന്നോന്‍...
എന്റെ തളര്‍ന്ന സ്മ്രിതികള്‍ക്കൊരു കൈത്താങ്ങായി...
എന്റെ മുന്‍പില്‍ വഴികാട്ടിയായി...
എന്നോട് മന്ത്രിക്കുന്നു...
ഇതാ,ഇത് വഴി,ഇത് നിന്റെ വഴി...