Followers

Sunday, 25 October 2009

കണ്‍ഫഷന്‍സ് ഓഫ് എ ഫെസിലിറ്റേറ്റര്‍ അഥവാ ഒരു അധ്യാപികയുടെ കുമ്പസാരം


"അല്ലെങ്കിലും ഇവറ്റകളൊക്കെ ഇങ്ങന്യാ .സ്വാര്‍ത്ഥകള്‍ ...ബാക്കി ഉള്ളോരു എത്ര വിഷമിച്ചാലും സ്വന്തം കാര്യം നടക്കണം എന്നെ ഉള്ളു...കണ്ടില്ലേ ചാടിക്കേറി ഇരുന്നത്..?
കൊടുക്കൂലാ .........എണീറ്റ്‌ കൊടുക്കൂലാ ഇവറ്റകള്‍....എനിക്കീ വര്‍ഗത്തിനെയൊക്കെ നന്നായി അറിയാം...എന്റെ പെങ്ങള്‍ കുട്ടീനേം കൊണ്ട് കേറിയപ്പോ ഞാന്‍ കണ്ടതാ...ഒരൊറ്റ എണ്ണവും സ്ഥലം കൊടുത്തില്ല...കേറി ഞെളിഞ്ഞങ്ങു ഇരുന്നോളും...കണ്ടാല്‍ നല്ല ആരോഗ്യമുണ്ടല്ലോ...ബസ്സിലാണെങ്കില്‍ സീറ്റ്‌ സംവരണവും.. എന്നിട്ടും ആണുങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇടം പോലും കൈയ്യേറും... നോക്ക് ,നോക്ക് ...ആ പെണ്ണിന്റെ മുഖത്ത്‌ വല്ല ഉളുപ്പും ഉണ്ടോന്നു...ചമഞ്ഞു ഒരുങ്ങി ഇറങ്ങിക്കോളും..."അയാള്‍ പിന്നെയും പലതും പുലമ്പികൊണ്ടിരുന്നു...

സ്വപ്നമാണോ..?
മിഴിയാന്‍ മടികാണിച്ച കണ്ണിണകളെ വലിച്ചുതുറന്നു പരിഭ്രാന്തിയോടെ ചുറ്റും നോക്കി...
എല്ലാ മുഖങ്ങളും എനിക്ക് നേരെ...
പലഭാവങ്ങള്‍...പരിഹാസം,സഹതാപം,നിസ്സഹായത...
എന്താണാവോ കാര്യം!ഞാന്‍ തിരിഞ്ഞു നോക്കി...
പുറകില്‍ നിന്ന യുവാവിന്റെയാണീ രൂക്ഷ വിമര്‍ശനം..
കേന്ദ്ര കഥാപാത്രം ഈ ഞാന്‍ തന്നെ.
സൂചികുത്താന്‍ ഇടമില്ലാത്ത ബസ്സില്‍ നുഴഞ്ഞു കയറി ,ആളൊഴിയാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിച്ച് ,ഒടുവില്‍ ഒഴിഞ്ഞ സീറ്റ് കണ്ടുപിടിച്ച് ഞാന്‍ തള്ളിക്കയറി ഇരുന്നതാണ് വിഷയം...
എന്തോ മഹാപാപം ചെയ്ത മട്ടില്‍ എന്റെ ശിരസ്സിനു ഭാരം കൂടുന്നതായെനിയ്ക്ക് തോന്നി. അടുത്തിരുന്ന യുവതി എന്നെ സഹതാപത്തോടെ നോക്കി...അന്തം വിട്ട ഭാവത്തോടെ ഞാന്‍ അവരെയും,ഒരല്പം നിസ്സഹായതയോടെ.

ആളുകളുടെ ആകാംഷയ്ക്ക് അറുതി വരുത്തി കൊണ്ടു തൊട്ടു പുറകിലിരുന്ന യുവാവിന്റെ പ്രതികരണം..."ഒന്നു നിര്‍ത്തുന്നുണ്ടോ..?നിങ്ങള്‍ക്കിപ്പ എന്താ വേണ്ടേ?സീറ്റ് ആണോ?ഓ ...ഞാനങ്ങ് എഴുനേറ്റു തന്നെയ്ക്കാം പോരെ?ബസ്സില്‍ ആണുങ്ങള്‍ക്ക്‌ സീറ്റ് ഇല്ലാന്ന് അറിഞ്ഞുടെ ? ബാക്കിയെല്ലാം ജനറല്‍ ആണ്.പിന്നെ ഈ ബസ്സിനകത്ത് ഉള്ളവരെല്ലാം തന്നെ പല ചിന്തകളും വെവേലാതിയുമായി ഒരു ദിവസത്തെ ലാഭനഷ്ടങ്ങളൊക്കെ കണക്കു കൂട്ടി വീട്ടിലേയ്ക്ക്‌ നെട്ടോട്ടം ഓടുന്നവരാണ്.അതിനിടയ്ക്ക് ഇത്തരം അഭ്യാസം കാണിച്ചു മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്‌.."

പരിപുര്‍ണ്ണ നിശബ്തത ...എല്ലാ മുഖങ്ങളിലും വീണ്ടും പഴയപോലെ നിസ്സംഗത...
എനിക്ക് വേണ്ടിയല്ല ആ പ്രതികരണമെന്ന് അറിയാമായിരുന്നെങ്കില്‍ കൂടി , അദേഹത്തിന്റെ ഇടപെടലിനോട് എനിക്ക് ആദരവ്‌ തോന്നി.തന്റെ ഗാഢമായ ചിന്താധാരയുടെ ചരട് മുരിച്ചവനോടുള്ള അമര്‍ഷമായിരുന്നു ആ സ്വരം മുഴുവന്‍,ഒപ്പം അതിന് കാരണക്കാരിയായ എന്നോടും!
എങ്കിലും ആശ്വാസം.പരിഹാസ വചനങ്ങള്‍ക്ക് ഒരറുതി ആയല്ലോ ..സര്‍വവും സ്വസ്ഥം,ശാന്തം...
മനസ്സില്‍ കനത്ത നിശബ്ദതയെ തകര്ത്തു കൊണ്ട് ചിന്തകളുടെ ഉരുള്‍പൊട്ടല്‍..ഒരു ദിനാന്ത കുറിപ്പിന്‍റെ വേലിയേറ്റം...

"ഗംഗാ തരംഗ രമണീയ ..."എസ് പി ബി യുടെ ശിവസ്തുതിക്കൊപ്പം ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന ഒരു ദിനത്തിന്റെ ആദ്യഘട്ടം ,8.45 നു തുടങ്ങുന്ന ദുരിത യാത്രയോടെ അവസാനിക്കുന്നു...
സംഭവ ബഹുലമായ ഈ രണ്ടാംഘട്ടത്തിന് ഒരു പ്രകാശവര്ഷത്തിനുമപ്പുറം ദൈര്‍ഘ്യമുന്ടെന്നു എപ്പോഴുമെനിക്ക് തോന്നി പോവാറുണ്ട്..ഉണ്ടാവണമല്ലോ...അതാണല്ലോ നമ്മുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടാനെന്ന വണ്ണം എങ്ങിയും വലിഞ്ഞും കുലുങ്ങിയും ശകടങ്ങളെല്ലാം തന്നെ മാനസികരോഗ ആശുപത്രി വഴിയേ പോകുന്നത്! അത് വഴി കടന്നു പോകുമ്പൊള്‍ ഞാന്‍ ഒട്ടൊരു തമാശയോടെ ചിന്തിക്കാറുണ്ട് ...ആ വലിയ മതില്‍ കെട്ടിപൊക്കിയിരിക്കുന്നത് അകത്തേയ്ക്കോ,അതോ പുറത്തേയ്ക്കോ?യഥാര്‍ത്ഥത്തില്‍ മതിലിനകത്ത് ആരാണ്?
ഇപ്പുറത്തുള്ളവരെ പോലെ തന്നെ അപ്പുറത്തുല്ലവര്ക്കും തോന്നുന്നുണ്ടാവില്ലേ പുറത്തുള്ള ഭ്രാന്തന്മാരില്‍ നിന്നും തങ്ങള്‍ സുരക്ഷിതരാണെന്ന്?
ചുമ്മാ ഓരോന്ന് ചിന്തിക്കുന്നതാണെ...വല്ല വാഹനവും വരുന്നതു വരെ വേറെന്തു പണി!

അനന്തമായ കാത്തിരിപ്പിനൊടുവില്‍ ഒരു ചെറുചിരിയോടെ മുന്നില്‍ വണ്ടി നിര്‍ത്തുന്ന ചിരപരിചിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ .അകത്തുള്ള മറ്റു മൂന്നു പേരുടെ മുഖത്ത് പ്രകടമായ അനിഷ്ടവും അതൃപ്തിയും കണ്ടില്ലെന്നു നടിച്ചു അകത്തു കയറിപറ്റി ഇരുന്നെന്നു വരുത്തി...ഓട്ടോയുടെ ഉള്ളില്‍ നിന്നും ശരീരം വലിച്ചു പുറത്തിട്ടു ചില്ലറ തപ്പുമ്പോള്‍ അശരീരി പോലെ ഡ്രൈവറുടെ സ്വരം."ഒരു വണ്ടി വാങ്ങിക്കൂടെ ടീച്ചറെ...".
മറുപടി പുഞ്ചിരിയില്‍ ഒതുക്കി അടുത്ത ലക്ഷ്യത്തിലേയ്ക്ക്...

മത്സരിച്ചോടുന്ന വണ്ടികള്‍ക്കൊപ്പം കബഢി കളിച്ചു ഒരു വിധം കയറിപറ്റലാണ് ആദ്യത്തെ കടമ്പ.നീളക്കുറവുള്ളവരെ പരിഹസിക്കാനെന്ന മട്ടില്‍ ഉയരെ ഘടിപ്പിച്ച കമ്പിയില്‍ അതി വിദഗ്ധമായി
കൈ എത്തിപിടിക്കുകയാണ് അടുത്ത സംരംഭം.കൈയ്യടക്കം ശീലിച്ച ഇടതുകൈയ്യില്‍ തൂവാലയും എണ്ണിപെറുക്കി വെച്ച നാലുരൂപതുട്ടുകളും ഒളുപ്പിച്ചു ഒത്ത നടുവിലായി കാണുന്ന തൂണില്‍ ച്ചുറ്റിപിടിക്കുന്നെടത്ത് എന്റെ ദേഹഭാവം പൂര്‍ത്തിയാകുന്നു.(ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാകാത്ത പക്ഷം ഒരദ്ധ്യാപികയുടെ പതനം ഏവര്‍ക്കും ദര്‍ശിക്കാമെന്ന ചിന്ത എന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപെടുത്തുന്നു!)
ഇനിയങ്ങോട്ടൊരു ചാഞ്ചാട്ടമാണ്
...ഇടത്ത്...
വലത്ത്...
ചെരിഞ്ഞമര്‍ന്നു...
ഉയര്‍ന്നുപൊങ്ങി...അങ്ങനെയങ്ങനെ..
.ഇതിനിടയ്ക്ക് ചിലപ്പോള്‍ കറങ്ങിചെന്നു മുന്നില്‍ നില്‍ക്കുന്നവരുടെ മുതുകത്ത്‌...തോളില്‍ തൂങ്ങിയാടുന്ന സഞ്ചിയുടെ ഭാരം വര്‍ധിക്കുന്നു...എന്റെ കൈ കഴച്ചുതുടങ്ങിയിരിക്കുന്നു.പാതി ലക്ഷ്യമായ 5 കി മി പിന്നിടുമ്പോഴെയ്ക്കും സമയം 9.20 കഴിഞ്ഞിരിയ്ക്കും.ഇവിടുന്നങ്ങോട്ട്‌ ആഞ്ഞു പിടിച്ചു ഓടി അടുത്ത ബസ്സ് പിടിച്ചാലും നേരത്തിനു എത്തുന്ന കാര്യം കടം തന്നെ.കൂടെ ചുവടുപിടിക്കുന്ന സ്ത്രീജനങ്ങള്‍ക്കൊപ്പം മത്സരിച്ചോടി നിരനിരയായി നിര്‍ത്തിയിട്ട ഓട്ടോ യില്‍ ഒന്നിലെയ്ക്ക് ശരീരം വലിച്ചിട്ടു കണ്ണടച്ച് ഒരു ഇരിപ്പാണ്."വണ്ടി നേരെ ആശ്രമത്തിലേയ്ക്ക് വിട്ടോളൂ".

വിശാലമായ മൈതാനം താണ്ടി പിന്നാമ്പുറത്തുള്ള ഹയര്‍ സെക്കന്ററി ബ്ലോക്കിലെ പടികള്‍ ഓടി കയരുംപോഴെയ്ക്കും പ്രാര്ത്ഥന തുടങ്ങിയിരിക്കും..".............നല്ലതേ തോന്നാവൂ ,നല്ലതേ ചെയ്യാവൂ ,നല്ലതേ ചൊല്ലാവൂ നിന്‍ കൃപയാല്‍..."പിന്നെ ഒരു പടയോട്ടം...ക്ലാസ്സുകളില്‍ നിന്നും ക്ലാസ്സുകളിലെയ്ക്ക്...ആംഗലേയ സാഹിത്യം..നാടകം..സിനിമ ..കവിത...കഥ...മണിക്കൂറുകള്‍ നീളുന്ന സാരോപദേശം...പര്യാലോചന...ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളില്‍ സ്റ്റാഫ്‌ റൂമിലെ കലാമൂലയിലെ കവിതലാപനങ്ങളും വിഷയദാരിദ്ര്യമില്ലാത്ത നീണ്ട ചര്‍ച്ചകളും.4.30 കഴിഞ്ഞു ...
സംഭവ ബഹുലമായ ഒരു അധ്യയന ദിനത്തിന് താല്കാലികവിരാമം.
ഇനി മടക്കയാത്ര...
നേരം കടന്നുപോയ്ക്കൊണ്ടിരുന്നു...
വഴിതെറ്റിവരുന്ന ബസ്സിനായ് അനന്തമായ കാത്തിരിപ്പ്‌...
10 കി മി അപ്പുറത്തുള്ള വീട് മറ്റൊരു സൂര്യനായ്‌ മാറുന്നു........
നഗര വികസനത്തിനൊരു രക്തസാക്ഷി കൂടി...
മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സമയനിഷ്ഠ പാലിക്കുന്നതില്‍ ഇളവുനല്‍കാനായി നല്കിയ ദയാഹരജിയിന്മെല് തീര്‍പ്പുകല്‍പ്പിക്കുന്നതും കാത്തു നിമിഷങ്ങളെണ്ണി കാത്തുനില്‍ക്കുകയാണ് ഞാന്‍.
ബസ്സ്-സ്റ്റോപ്പ്‌ ഏതാണ്ട് ശൂന്യമായി തുടങ്ങി.
ഒജിന്‍ ബയിക്സ്‌ നു മുന്നില്‍ 'വട്ടം കറങ്ങണ കോയീനെ' കാണാന്‍ ആകാംഷയോടെ നിന്ന കുട്ടികളും മടങ്ങി കഴിഞ്ഞു ...
തീരം വിട്ടൊഴിഞ്ഞ തിരമാല കണക്കെ ക്ഷീണവും തളര്‍ച്ചയും വീണ്ടു അലയടിച്ചുയരാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു...

"....ഇവറ്റകള്‍ക്കൊന്നും മനസ്സില്ലേ...ആ പെങ്കൊച്ച് കുഞ്ഞിനെയും കൊണ്ടു കേറീട്ട് അറിഞ്ഞ ഭാവം കാണിക്കുന്നുണ്ടോന്നു നോക്ക്...." രോഷാകുലനായ ആ മനുഷ്യന്റെ സ്വരം ഉള്ളില്‍ പ്രതിധ്വനിക്കുന്നു...അറിയാതെയെങ്കിലും എനിക്ക് വേണ്ടി പ്രതികരിച്ച ചെറുപ്പക്കാരനെ അലിവോടെ തിരിഞ്ഞു നോക്കി കൊണ്ടു ഞാന്‍ ബസ്സിറങ്ങി..ഓട്ടോ ഒന്നും കാണുന്നില്ല...നടന്നു താണ്ടാന്‍ മൈലുകള്‍ ഇനിയും ബാക്കി.ഒപ്പം എനിക്കൊപ്പം ചുവടുവെച്ചു എന്റെ ഭ്രാന്തന്‍ ചിന്തകളും..

സഹോദരാ ..
എന്റെ മൗനം കുറ്റസമ്മതം ആയിരുന്നില്ല..
അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞു ന്യായീകരിക്കണം...എന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവുമോ?
ഒന്നു മാത്രം അറിയുക...ഞാന്‍ നിങ്ങള്‍ കരുതുന്നത് പോലെ അത്രയ്ക്ക് ഹൃദയശൂന്യയല്ല ...
നിങ്ങള്‍ അറിയുക ...ദിനാന്തത്തില്‍ ,കൂടണഞ്ഞാലും കാത്തിരിക്കുന്ന മൂന്നാംഘട്ട ജോലികള്‍...ഇതിനെല്ലമിടയ്ക്കു ,
ലോട്ടറി പോലെ,ഭാഗ്യം കടാക്ഷിച്ചാല്‍ മാത്രം കിട്ടുന്ന അല്‍ഭുതമാണ് ഇത്തരത്തിലൊരു സീറ്റ്..പലപ്പോഴും പലര്‍ക്കും എഴുനേറ്റു കൊടുക്കണമെന്ന മനസ്സിന്റെ ആഗ്രഹതിനോട് ശരീരം സമ്മതം പ്രകടിപ്പിക്കാറില്ല...ഞാനും എന്നെപോലെ മറ്റുപലരും ഊര്‍ജ്ജസ്വലതയുടെയും പുഞ്ചിരിയുടെയും മൂടുപടതിനുള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന തളര്‍ച്ച നിങ്ങള്‍ കാണാതെ പോകുന്നതില്‍ ഞങ്ങള്ക്ക് പരിഭവമില്ല...എങ്കിലും ..എങ്കിലും...ഞങ്ങളെ ഹൃദയമില്ലാത്തവര്‍ എന്ന് വിളിക്കരുതേ എന്നൊരപേക്ഷ മാത്രം..
ഇതൊരു കുമ്പസാരമല്ല...
വെറുതെ..വെറുതെ ഒന്നു ചിന്തിയ്ക്കാന്‍ മാത്രം..
എന്നെ പോലെ ,ഇതുപോലുള്ള കൂര്‍ത്ത വാക്കുകളുടെ ശരശയ്യയില്‍ വീണു രക്തം വാര്‍ന്നു തളരുന്ന ഒരുപാടു സ്ത്രീകള്‍ക്ക് വേണ്ടി..വിദ്യാഭ്യാസത്തിന്റെ ഭാരം മുതുകില്‍ പേറുന്ന ,സീറ്റ് ഉണ്ടെങ്കിലും ഇരിക്കാന്‍ അര്‍ഹതയില്ലാത്ത,എങ്ങാനും ഇരുന്നുപോയാല്‍ പരിഹാസ ശരങ്ങളേറ്റു പിടയുന്ന ,ലക്ഷകണക്കിന് കുഞ്ഞു മനസ്സുകള്‍ക്ക് വേണ്ടി...

Saturday, 10 October 2009

മമതയ്ക്കെന്താ മില്‍മാബൂത്തില്‍ കാര്യം??????????

സഹയാത്രികന് സ്നേഹപൂര്‍വ്വം ...
പതിവു പോലെ ഓടിക്കിതച്ചു സ്റ്റേഷനില്‍ എത്തുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞിരുന്നു.(നിന്റെ ആളെ കളിയാക്കുന്ന ആ ചിരി എനിക്ക് കാണാം)പതിവു യാത്രക്കാരായ ഞങ്ങളില്‍ ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ എന്നത്തേയും പോലെ പരിസരം ഏതാണ്ട് ശൂന്യം.വൈകി ഓടുന്ന വണ്ടി,സ്ഥിരം കാഴ്ചകളിലെ അസ്ഥിരത തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു..

സിഗ്നല്‍ ഫ്ലാഗുമായി കൂനിക്കുടി നീങ്ങാറുള്ള നിന്റെ ഉറക്കംതൂങ്ങി അമ്മാവന് ബദലായി പുതിയൊരു കഥാപാത്രം അവതരിച്ചിരിയ്ക്കുന്നു.അരണ്ട വെളിച്ചത്തില്‍ നീണ്ടുമടങ്ങി ചലിയ്ക്കുന്ന അയാളുടെ നിഴല്‍ ചിത്രങ്ങള്‍ മുത്തശ്ശികഥകളിലെ മന്ത്രവാദിനികളെ ഓര്‍മ്മിപ്പിച്ചു!
വാന്‍ഗോഗ് ചിത്രങ്ങളെ അനുസ്പരിപ്പിക്കുന്ന ആകാശത്തിനോളം തലയെടുപ്പോടെ നിവര്‍ന്നു നില്ക്കുന്ന ഇല പൊഴിഞ്ഞ ആ ഒറ്റ മരത്തില്‍ ഇന്നും നൂറോളം കാവതിക്കാക്കകള്‍ ഉണ്ടായിരുന്നു.സ്റ്റേഷനില്‍ മണി മുഴങ്ങുമ്പോഴും ,അല്ലെങ്കില്‍ ദൂരെ ഓട്ടുകമ്പനിയില്‍ നിന്നും സൈറണ്‍ മുഴങ്ങുമ്പോഴും കൂട്ടത്തോടെ ആര്‍ത്തലച്ചു പറന്ന് പൊങ്ങുന്ന കാക്ക കൂട്ടം.ചേക്കേറാന്‍ തിരക്കിട്ട് പറക്കുന്ന പ്രാവുകള്‍ ...
ദിവസത്തെ വിശേഷം പങ്കു വെക്കുവാനും വിശ്രമിക്കാനും മാത്രമായി പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒത്തുകൂടുന്ന ചെമ്മണ്ണും വിയര്‍പ്പും അണിഞ്ഞ തമിഴന്മാര്‍ .അവരുടെ ചട്ടികള്‍ക്കും തൂമ്പകള്‍ക്കും ചുറ്റും പ്രതീക്ഷയോടെ മണം പിടിച്ചു നടക്കുന്ന ശുനകന്മാര്‍ .

പതിവെങ്കിലും ഈ കാഴ്ചകള്‍ എന്നില്‍ മടുപ്പുളവാക്കുന്നില്ലെന്നു ഞാന്‍ പറയേണ്ടകാര്യമില്ലല്ലോ..എപ്പോഴത്തെയും പോലെ നിത്യാനുഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇന്നും ഞാന്‍ .പുതിയൊരു പ്രഭാതത്തിനു ഇപ്പുറമുള്ള നവപ്രതീക്ഷകളുടെ സന്ധ്യ..ഓരോ ദിനവും നിമിഷങ്ങളും പുതിയത്..അനുഭവങ്ങളും.എന്തിനേറെ ഈ ഞാന്‍ പോലും ..ഇന്നു കണ്ട എന്നെയല്ലല്ലോ നാളെ കാണുന്നത്!പുതിയ ദിനം,പുതിയ ഞാന്‍,പുതിയ ചിന്തകള്‍... ഇങ്ങനെ കാണാന്‍ കഴിയുമ്പോഴല്ലേ ജീവിതം നമ്മെ വല്ലാതെ മോഹിപ്പിയ്ക്കുന്നത്?
ലൈഫ് ഈസ്‌ റിയെലി ബ്യുടിഫുല്‍ ,ഇസിന്റ്റ്‌ ഇറ്റ്‌ യാര്‍...?

ജാസ് മ്യുസികിന്റെ മാസ്മരിക സംഗീതം പാടി ഒടുവിലവള്‍ കൂകിയെത്തി..പ്രൌഢയായ ഒരു റാണിയെ പോലെ...വനിതാ കംപാര്‍ത്ടുമെന്റിലെ "കെയര്‍ ഫുള്ളി കെയര്‍ ലെസ്സ് ഗാള്സ്"നെ ഞാനിന്നു വെറുതെ വിട്ടു.ഇന്നു ജെനറല്‍ ആയിരുന്നു എന്റെ തട്ടകം. നമ്മുടെ പെട്ടിക്കാരന്‍ കോയാക്ക എനിക്കുവേണ്ടി വിന്‍ഡോ സീറ്റ് റിസര്‍വ്‌ ചെയ്തിരുന്നു.പകരമായി ഇന്നു ഞാന്‍ ആ പാണ്ടോമാസ്‌ ബോക്സില്‍ നിന്നും ഒരു കല്ലുവച്ച ബിന്ദി വാങ്ങിച്ചു കേട്ടോ. ഇന്നലെ നമ്മള്‍ കണ്ട നീല റിബ്ബനുകള്‍ക്ക് പകരം ഇന്നു ചുവപ്പും കറുപ്പുമാണ്‌.ഒപ്പം പലവര്‍ണങ്ങളിലുള്ള,തിളക്കമേറിയ കല്ലുകളും മുത്തുകളും പതിച്ച വിലകുറഞ്ഞ കമ്മലുകളും ,പിന്നെ എന്റെ പ്രിയപ്പെട്ട കുപ്പിവളകളും.ഇതെല്ലാം കണ്ടു ,നീ പറയാറുള്ളതുപോലെ "കോലുമുട്ടായി കണ്ട കുട്ടിയുടെ ഭാവം"വരുത്താതിരിക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കിയിരുന്നു.
'പരദേശി' മാര്‍വാടി കുട്ടികള്‍ സ്ഥിരം പാട്ടു മാറ്റി. ഇന്നു പുതിയ ഐറ്റം ആണ് ..."ദില്‍ കെ അര്‍മാന്‍ ആന്സുവോം മേം ബഹെ ഗയെ .." എന്താണെന്നറിയില്ല ഈ ഗാനമെന്നും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടാകും.
ചണം കൊണ്ടുള്ള ബ്രഷ് തറയിലെ കപ്പലണ്ടി തോടും പൊടിയും മറ്റും തൂത്ത് വൃത്തിയാക്കി ഒന്നും മിണ്ടാതെ സുമന്നുസ്സുകളുടെ മുന്‍പില്‍ കൈ നീട്ടിയിരുന്ന ആ ബാലനെ ഈയിടെയായി കാണാനെ ഇല്ലല്ലോ...അവന്റെ ശാന്തതയും മൌനവും എന്നെ ഒട്ടൊന്നുമല്ല ചിന്തിപ്പിക്കുന്നത്.അവന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടു കേട്ടിട്ടേയില്ലല്ലോ... നീട്ടിയ കൈകളില്‍ ഒന്നും വന്നു വീണില്ലെങ്കിലും വീണ്ടും തല കുനിച്ച് കുന്തിച്ചിരുന്ന് നിരങ്ങി തന്റെ ജോലി തുടരുന്ന ഒരു അത്ഭുതം...അപ്പ്രീഷിയബില്‍ ... അല്ലെ?നിനക്കെന്തു തോന്നുന്നു?

ഇനിയാണ് ആ പുതിയ അതിഥിയുടെ വരവ് .(നീ കൂടെ ഇല്ലാതിരിക്കുമ്പോള്‍ മാത്രം ഈ പതിവുകള്‍ തെറ്റുന്നത് ഒരത്ഭുതം തന്നെ...)
ശുഭ്രവസ്ത്രധാരിയായ ഒരു ചെറുപ്പക്കാരന്‍...കൂപ്പുകൈ.. വസ്ത്രവും ഭാവവും മുരടനക്കിയുള്ള അവന്റെ സംസാരവും ഒറ്റനോട്ടത്തില്‍ അവനൊരു രാഷ്ട്രീയക്കരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.മൂന്നു തവണ കൈകള്‍ കൂട്ടിയടിച്ചു ആളുകളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു അവന്‍ തുടങ്ങി.."സുഹൃത്തുക്കളെ..,ഞങ്ങള്‍ അവതരിച്ചിരിക്കുന്നു ...മമതയുടെ തൃണമൂല്‍... നിങ്ങള്‍ക്കറിയില്ലേ കൂട്ടുകാരെ...ആയിരത്തി തൊള്ളയിരത്തി എഴുപത്തിയേഴ് മുതലുള്ള ഇടതു ഭരണം ഞങ്ങള്‍ ബംഗാളികള്‍ക്ക് മടുത്തിരിക്കുന്നു...(ഓഹോ!ഇങ്ങേര്‍ ബംഗാളിയാണോ...കണ്ടാലും കേട്ടാലും പറയൂലാ ട്ടോ ...)
ഒരു ഭരണമാറ്റം അനിവാര്യം..അത് വരുത്താന്‍ തൃണമൂല്‍ തന്നെ വേണം.മമത എന്‍ ഡി എ യില്‍ അലിഞ്ഞാലും തൃണമൂല്‍ ഒരു കുളിരായി എന്നും നമ്മുടെ ഉള്ളില്‍ ഉണ്ടാകണം... കാരണം ഇടതു ഭരണത്തിന്റെ ചൂടു കുറയ്ക്കാന്‍ അവര്‍ക്കേ സാധിയ്ക്കുകയുള്ളൂ. കത്തിജ്ജ്വലിക്കുന്ന വേനലില്‍ തണുത്ത സംഭാരം നമ്മുടെ ഉള്ളു കുളിര്‍പ്പിയ്ക്കുന്നത് പോലെ...നമ്മുടെ ചിന്തകളെ ഉണര്‍ത്തുന്നത് പോലെ.....അതെ...ഇങ്ങോട്ട് നോക്ക് സുഹൃതുക്കളെ...നമുക്കു ഒരുമിച്ചു ചിന്തകളെ ഉണര്‍ത്താം ."

ഇത്രയും പറഞ്ഞ ശേഷം ആ മാന്യ ദേഹം എന്തിനാണാവോ അടുത്ത് നിന്നുമൊരു ബക്കറ്റ്‌ വലിച്ചെടുത്തത് .എന്റെ കൃഷ്ണാ ...ബക്കറ്റില്‍ ഇന്നും ഓരോ മില്‍മസംഭാര പൊതികള്‍ യാത്രക്കാരായ ഞങ്ങളുടെ മടിയിലെയ്ക്കിട്ടു തികച്ചും ഗൌരവത്തോടെ അവന്‍ തുടര്‍ന്നു ..."മില്‍മ സംഭാരം സര്‍...വെറും എട്ടുരൂപ സര്‍..."
ശൂ....... ഊതി വീര്‍പ്പിച്ച ബലൂണില്‍ നിന്നും കാറ്റു പോണ പോലൊരു മര്‍മ്മരം...പൊട്ടിച്ചിരികള്‍...
മമത ജനങ്ങള്‍ക്കിടയിലെയ്ക്ക്...
ചെറുപ്പക്കാരന്റെ മുഖത്ത് പ്രതീക്ഷയുടെ സ്ഫുലിംഗം ...
ഈ സംഭാരത്തിന്റെ കുളിര് മമത അറിയുന്നുവോ?
ജനങ്ങള്‍ അറിയുന്നുവോ?
അല്ലെങ്കില്‍ ഈ ചെറുപ്പക്കാരന്‍ എന്ത് ചെയ്യും..?സംഭാരം പുളിച്ചു പുളിച്ചു പുളി കെടുമോ?
വിറ്റഴിക്കാന്‍ പറ്റാത്ത സംഭാരത്തിന്റെ ഭാരവും പേറി നിരാശയോടെ അവന്‍ നടന്നു നീങ്ങി...
ദൂരെ ഒരു പ്രകാശ ധൂളിയി അവന്‍ മിന്നി മറയുന്നത് വരെ എന്റെ മിഴികള്‍ അവന് അകമ്പടി ചെന്നു..

എന്റെ മനസ്സു ഇവര്‍ക്ക് വേണ്ടി തപിച്ചു കൊണ്ടിരിക്കുന്നു...
പണ്ടോമസ് ബോക്സില്‍ ജീവിതം നിറച്ച കൊയക്കയ്ക്ക് വേണ്ടി..
കണ്ണീരില്‍ മുങ്ങിയ ജീവിത അഭിലാഷങ്ങളെ കുറിച്ചു പാടുന്ന നാടോടികള്‍ക്ക് വേണ്ടി..
തൂത്തും തുടച്ചും ജീവിതവണ്ടിയോട്ടുന്ന ആ കൊച്ചു ബാലന് വേണ്ടി..
ജീവിതത്തില്‍ സംഭാരത്തിന്റെ കുളിര് നിറയ്ക്കുന്ന ആ ചെറുപ്പക്കാരന് വേണ്ടി...
അന്നും,ഇന്നും,എന്നും..

വാല്‍ക്കഷ്ണം...
സംഭാരക്കുട്ടനെ ഇന്നലെ വീണ്ടും ഞാന്‍ കണ്ടു...
മറ്റൊരു വണ്ടിയില്‍.. നോക്കിലും വാക്കിലും വേഷത്തിലും വിപ്ലവത്തിന്റെ വീര്യം നിറച്ച്..
"വലത് ഭരണത്തിന്റെ ചൂടു തണുപ്പിയ്ക്കാന്‍ സഖാവിനെ കഴിയു..."
അവന്‍ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു....