
അവനവന്‍ കഴിക്കുന്ന അന്നത്തില്‍ അവനവന്റെ നാമം എഴുതപ്പെട്ടിരിക്കുന്നു എന്ന ആപ്ത വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഓരോ അധ്യയന നിമിഷങ്ങളും മണിക്കൂറുകളായും ദിനങ്ങളായും വര്‍ഷങ്ങളായും കടന്നുപോയ്ക്കൊണ്ടിരുന്നു.പുതുവര്‍ഷത്തിലെ ആറാം അധ്യായ ദിനത്തില്‍ തലയെണ്ണിയപ്പോഴാണ്എന്റെ സുഹൃത്തും രണ്ടാം വര്‍ഷ മാനവിക വിഷയ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് അധ്യാപികയും പൂര്‍ണതയുടെ പര്യായമായിതീരണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന പദ്മിനി ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്...
മീനാകുമാരി ഈസ് മിസ്സിംഗ്...
ആരോടും കൂട്ട് കൂടാതെ ഒറ്റയ്ക്ക് നടക്കുന്ന, വഴിവക്കില്‍ നിന്നും പാക്കറ്റ് അച്ചാറും ഉപ്പിലിട്ടതും വാങ്ങി നുണഞ്ഞു ഒരു സ്വപ്നലോകത്തില്‍ വിഹരിക്കുന്ന കറുത്ത് മെലിഞ്ഞ,വലിയകല്ലുള്ള മൂക്കുത്തിയിട്ട മീനാകുമാരിയുടെയും എളിയില്‍ തിരുകിയ തുണിസഞ്ചിയില്‍ നിന്നും ഒറ്റരൂപ തുട്ടുകള്‍എണ്ണിപ്പെറുക്കിയെടുക്കുന്ന ഒരു തമിഴത്തിയുടെയും രൂപം കണ്മുന്നില്‍...
വായില്‍ നിറഞ്ഞുകവിയുന്ന മുറുക്കാന്‍, വിരലുകള്‍ക്കിടയിലൂടെ വിദഗ്ദമായി നീട്ടിത്തുപ്പി
" ഇത് തെകയോ മാഷ്ടെ ഇവളെ പഠിപ്പിക്കാന്‍..." എന്ന് ചോദിക്കുന്ന മീനയുടെ അമ്മ..
"ജോ ,എന്താപ്പോ ചെയ്യാ?"ചിന്തയുടെ ചരട് മുറിച്ചു കൊണ്ടു പദ്മിനിയുടെ സ്വരം."
അഡ്മിഷന്‍ സമയത്തു തന്ന ഫോണ്‍ നമ്പരില്‍ വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല..."
പദ്മിനിയുടെ ആത്മഗതം.
"വിഷമിക്കേണ്ട,അഡ്രസ് തപ്പിയെടുക്ക്.വീട് തപ്പി നമുക്കു പോയ്ക്കളയാം."
വെല്ലുവിളികള്‍ നേരിടാന്‍ സദാ സന്നധയായ എന്നിലെ പരോപകാരി മറുപടി നല്കി.
അഡ്മിഷന്‍ രജിസ്ടറിലെ അഡ്രെസ്സില്‍ കണ്ണുകളുടക്കി.
മീനാകുമാരി,ബാംഗ്ളാദേശ് കോളനി...
മയക്കുമരുന്ന് മാഫിയക്കും കൊലപാതകങ്ങള്‍ക്കും എല്ലാവിധ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രമായിരുന്ന കോളനി, പത്രതാളുകളില്‍ നിറഞ്ഞു നിന്ന സമയമായിരുന്നു അത്.
"എന്റീശ്വരാ,എന്താപ്പോ ചെയ്യാ... തനിക്ക് വല്ലോം തോന്നണുണ്ടോ?"
"എന്ത് തോന്നാന്‍!പോകാന്‍ തീരുമാനിച്ചാല്‍ പോകണം.അത്ര തന്നെ..."
ഞാന്‍ ആവേശഭരിതയായി.
അങ്ങനെ പ്രധാനാദ്യാപകന്റെ സമ്മതവും വാങ്ങി സ്റ്റാഫ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാ ചുണ്ടുകളും ഒരുമിച്ചു ചലിച്ചു...
"അപ്പൊ ഒരുങ്ങിതന്നെയാണല്ലേ?"
കണ്ണിറുക്കിക്കാണിച്ചു ബാഗും തൂക്കി പുറത്തു കടന്നു.ഏറെ വൈകാതെ തന്നെ ബസ്സും വന്നു.സ്ഥലം എത്തിയാല്‍ മനസ്സിലാക്കാന്‍ സൌകര്യമുള്ള ഒരു സീറ്റില്‍ ഇടം പിടിച്ചു.
"രണ്ടു....കോളനി ".
കണ്ടക്ടരുടെ ഭാവം കണ്ടിട്ടാകണം ,പദ്മിനി ,സ്വതസിദ്ധമായ നമ്പൂരി സ്റ്റൈലില്‍ പറയാന്‍ തുടങ്ങി... "അതേയ്..അവ്ട്ന്നൊരു കുട്ടിണ്ടാര്‍ന്നെ ന്റെ ക്ലാസ്സില്...ഇപ്പൊ കൊറേയായിട്ടു വരണില്യ...എന്ത് പറ്റ്യോ ആവോ...അല്ല...ഒന്നറയണല്ലോ......."
"മതി,വിശദീകരിച്ചു കുളമാക്കല്ലേ.....!"ഞാന്‍ പദ്മിനിയെ ആഞ്ഞൊന്നു തട്ടി.
"അയ്യോ ന്റെ ടീച്ചറമാരെ...ആ പേരു പറയല്ലേ..
അടി പാര്‍സലായിട്ടു വരും.ശാന്തി നഗര്‍ കോളനി എന്ന ഇപ്പോഴത്തെ പേര്"
ആദ്യപാഠം പഠിപ്പിച്ചു തന്ന കണ്ടക്ടറോട് ബഹുമാനം തോന്നി.
മുക്കിയും മൂളിയും ബസ്സ് അവിടെയെത്തുമ്പോള്‍ നേരം നട്ടുച്ച.
"ടീച്ചറമ്മാരെ ഏറങ്ങിക്കോളീ.."
വലതു കാല്‍ വെച്ചു കോളനിയിലേയ്ക്ക് പ്രവേശിച്ചു.
തീപ്പെട്ടികൂടുകള്‍ പോലെ കൊച്ചുകൊച്ചു കൂരകള്‍ .ഇതില്‍ ഏതാവും മീനയുടെ വീട്?സര്‍വ്വം ശാന്തം.കടല് പോലും ശ്വാസം പിടിച്ചുറങ്ങുന്നത് പോലെ...
പബ്ലിക് ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്ന രണ്ടു സ്ത്രീകളോട് ചോദിച്ചു...
"ഈ മീനാകുമാരീടെ വീടെതാ?ഞങ്ങള്‍ അയാള്‍ പഠിക്കണ സ്കൂളീന്ന് വരികയാ..."
ഒരു നിമിഷം ശങ്കിച്ചു,പരസ്പരം എന്തോ പിറുപിറുത്ത് ,ഒരു ഇടവഴിയ്ക്ക് നേരെ കൈചൂണ്ടി പറഞ്ഞു"അതിലെ പോയാ മതി.."
ഓരോ കുരയില്‍ നിന്നും സംശയപൂര്‍വ്വം എത്തിനോക്കുന്ന തലകള്‍.
ആകെ പന്തികേട് തോന്നി.ഒടുവില്‍ ചോദിച്ചു ചോദിച്ചു മീനയുടെ വീടിനു മുന്‍പില്‍ എത്തുമ്പോഴേയ്ക്കും ഞങ്ങള്‍ക്കൊപ്പം ഇടത്തും വലതും എന്തിനും പോന്ന, തന്റെടികളായ നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു.
"ഓയ് മീനേ ....ആരോക്ക്യ വന്നേന്നു നോക്കിയേ "
ആശങ്കയോടെ ചുറ്റും നോക്കി.
ചുറ്റുമുള്ള കൂരകളില്‍ നിന്നും കൊത്തിവലിയ്ക്കുന്ന നോട്ടങ്ങള്‍.
ശൃംഗാരച്ചിരി...
എന്റെ കൃഷ്ണാ ,എല്ലാവരും കൂടി ഇളകി വന്നാല്‍ രക്ഷപ്പെടാന്‍ വഴിയൊന്നും കാണുന്നില്ലല്ലോ...മുന്നില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഭയപ്പെടുത്തുന്ന ശാന്തതയോടെ കടലമ്മയും..
ആ കുരയില്‍ അടുത്ത കാലത്തായി മരാമത്ത് പണി നടത്തിയിരിക്കുന്നു.പുതുതായി പൂശിയ പെയിന്റിന്റെ ഗന്ധം,ഉണക്കമത്സ്യത്തിന്റെ മണവുമായി ഇഴുകിചെര്‍ന്നു തീര്ത്തും അപരിചിതമായ മറ്റൊരു ഗന്ധം..
ഒരു വളകിലുക്കം.
ശോഷിച്ച ശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ മടികാണിക്കുന്ന ഒരു കൊച്ചുവയര്‍ "എന്നെ കണ്ടോ"എന്ന മട്ടില്‍ തള്ളിപിടിച്ചു ,ഒരു കൈയ്യില്‍ പാതി കടിച്ച പച്ചമാങ്ങയുമായി മീന വാതുക്കല്‍ എത്തി.ഞങ്ങളെ കണ്ടിട്ടും ഞെട്ടലില്ല,അത്ഭുതമില്ല,അകത്തേക്കിരിക്കാന്‍ ക്ഷണമില്ല.നാണിച്ചൊരു ചിരി മാത്രം.
എന്റെ ദൈവമേ...മാര്‍ച്ച് 31 വരെ ഞങ്ങള്‍ക്കൊന്നും തോന്നിയില്ലല്ലോ...
"കണ്ടില്ലേ ടീച്ചറമ്മാരെ ഒപ്പിച്ചത്...ഇതിപ്പോ മാസം അഞ്ചാ..ഒടുക്കം രണ്ടിനേം തപ്പിയെടുത്ത്
കഴിഞ്ഞയാഴ്ച കല്യാണം നടത്തി...ഉസ്കൂളീന്നു ചാടിയതാ...അവക്കടെ അപ്പന്റെ പെങ്ങടെ മോന്‍ തന്ന്യാ...മതീലെ പഠിപ്പും പത്രാസും.ഓക്ക് പടിക്കണ്ടാത്രേ...
വിഡ്ഢിച്ചിരിയും ചിരിച്ചു ഞങ്ങള്‍ രണ്ടു അധ്യാപകര്‍ .." എന്നാല്‍ ഞങ്ങളിറങ്ങുന്നു..എന്ത് പറ്റിയെന്നറിയാന്‍ വന്നതാണ്.എപ്പഴാണെന്ന് വെച്ചാല്‍ ടി സി യും എസ്സ് എസ്സ് എല്‍ സി ബുക്കും വന്നു വാങ്ങിച്ചോളൂ" . ഗൗരവം ഒട്ടും ചോരാതെ പദ്മിനിയുടെ വാക്കുകള്‍...
തികട്ടി വന്ന നിസ്സഹായമായ പൊട്ടിച്ചിരി അടക്കി തിരിച്ചു നടന്നു.മീനാകുമാരിയുടെ ഗര്‍ഭഗാഥകള്‍ പാടി പുറകില്‍ അകമ്പടിക്കാരും.ഒടുവില്‍ വല്ലപ്പോഴും വന്നു പോകുന്ന ബസ്സിന്റെ ഇരമ്പലിനായി കാതോര്‍ത്തു പൂഴിമണലിലെ സിമെന്റ് ബെഞ്ചില്‍ ഇരുന്നു പരസ്പരം വേദനയോടെ നോക്കി പൊട്ടിച്ചിരിച്ചത് മാത്രം ഓര്‍മ്മയുണ്ട്.
ആക്ടിവിറ്റി ഓറിയെന്റ്ട് പെടഗോജി ....അവനവനു താല്പര്യമുള്ള മേഖല അവനവനു തെരഞ്ഞെടുക്കാം...ഞങ്ങള്‍ അധ്യാപകര്‍ നിങ്ങളെ ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്ന വഴികാട്ടികള്‍ മാത്രം..."ന്നാലും ന്റെ പദ്മിനി ,ത്രേം വേണ്ടാര്‍ന്നു ട്ടോ "
"അല്ല ടീച്ചറമ്മാരെ,ഇപ്പൊ മടങ്ങുന്നെ ഉള്ളോ?"
രാവിലെ കയറിയ ബസ്സ് മുന്നില്‍ നില്ക്കുന്നു."അതേയ്,ആ കുട്ടീടെ കല്യാണം കഴിഞ്ഞു ട്ടോ "ബസ്സില്‍ കയറുമ്പോള്‍ പദ്മിനിയുടെ വിശദീകരണം.
"ന്നാലും അവര്‍ക്കൊന്നു ഉസ്കൂളില്‍ അറീക്കാര്ന്നു അല്ലെ ടീച്ചറെ..."
വാല്‍ക്കഷ്ണം ---തുടുത്തു ചുവന്ന ഒരു പെണ്കുഞ്ഞിനെയും ചുമന്നു മാസങ്ങള്‍ക്ക് ശേഷം മറ്റൊരു കര്‍ക്കിടകത്തില്‍ മീനാകുമാരി വീണ്ടും സ്കൂളിന്റെ പടികയറി വന്നു.ടി സി യും സര്ടിഫിക്കറ്റുകളും
വാങ്ങാന്‍.കുഞ്ഞിന്റെ ഇരുപത്തിയെട്ടിനു വിളിക്കാത്തിനുള്ള പദ്മിനിയുടെ പരിഭവത്തിനു നാണിച്ചച്ചിരി സമ്മാനമായി നല്കി ,കുഞ്ഞിനെ അരുമയോടെ ചേര്‍ത്ത് പിടിച്ചു മൂര്‍ധാവില്‍ ചുംബിച്ചു അവള്‍ വീണ്ടും പടിയിറങ്ങി.
ബംഗ്ലാദേശ് കോളനിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. അവിടുത്തെ സ്ത്രീകളുടെ റീഹാബിലിറ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു സുഹൃത്തുണ്ടെനിക്ക്.
ReplyDeleteനല്ല അനുഭവം തന്നെ.
:)
ജ്യോത്സ്ന ,
ReplyDeleteഗുരു ശിഷ്യ ബന്ധങ്ങള്‍ നോട്ട് പകര്തലുകളില്‍ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് ,വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ചു പോകാന്‍ കാണിച്ച ,വെല്ലുവിളികളെ നേരിടാന്‍ സദാ സന്നധയായ പരോപകാരി.... തീര്‍ച്ചയായും ഒരഭിനന്ദനം അര്‍ഹിക്കുന്നു. hats off to u and yet another wonderful post from u.
:D
വേറിട്ടൊരു അനുഭവം വ്യക്തമാക്കുന്ന പോസ്റ്റ്.കൂട്ടം തെറ്റിപ്പോകുന്ന ഒരേയൊരു കുഞ്ഞാടിനെ അന്വേഷിച്ചു പോകുന്ന ആട്ടിടയന്റെ ബൈബിൾക്കഥ ഓർമ്മ വന്നു.പക്ഷേ ഈ കുഞ്ഞാട് അകാലത്തിൽ അമ്മയാകാൻ വിധിയ്ക്കെപ്പെട്ടവളായിരുന്നുവെന്ന സത്യം വേദനയോടെയാണു വായിച്ചത്.ആട്ടിൻ പറ്റത്തിൽ കയറിക്കൂടിയ ഏതോ ഒരു “അജചർമ്മാലംകൃത വൃകം”പറ്റിച്ച പണിയാവും..
ReplyDeleteശ്രദ്ധിയ്ക്കെപ്പെടേണ്ട ഒരു പോസ്റ്റ്..നന്ദി ആശംസകൾ !
"കണ്ടില്ലേ ടീച്ചറമ്മാരെ ഒപ്പിച്ചത്...ഇതിപ്പോ മാസം അഞ്ചാ..ഒടുക്കം രണ്ടിനേം തപ്പിയെടുത്ത്
ReplyDeleteകഴിഞ്ഞയാഴ്ച കല്യാണം നടത്തി...ഉസ്കൂളീന്നു ചാടിയതാ...അവക്കടെ അപ്പന്റെ പെങ്ങടെ മോന്‍ തന്ന്യാ...മതീലെ പഠിപ്പും പത്രാസും.ഓക്ക് പടിക്കണ്ടാത്രേ........ഈ അനുഭവങ്ങൾ
ആവർത്തിക്കതിരിക്കട്ടെ
“”അവനവന്‍ കഴിക്കുന്ന അന്നത്തില്‍ അവനവന്റെ നാമം എഴുതപ്പെട്ടിരിക്കുന്നു എന്ന ആപ്ത വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഓരോ അധ്യയന നിമിഷങ്ങളും മണിക്കൂറുകളായും ദിനങ്ങളായും വര്‍ഷങ്ങളായും “”
ReplyDeleteതുടക്കം എത്ര മനോഹരമായ വരികള്‍.
ആശംസകള്‍ നേരുന്നു ജ്യോത്സനക്ക്
ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍
dear joe,
ReplyDeletenice caption and a humorous post!i enjoyed it thoroughly.real life experiences are expressed beautifully.
you could have changed the image.it doesn't suit the character of meenakumari.
be in high spirits n happy blogging....
sasneham,
anu
:)....:)...
ReplyDeleteസുരക്ഷിതമെന്ന വ്യാജബോധത്തിലൊളിപ്പിച്ച് നാം അഭിനയിച്ചുതീർക്കുന്ന ജീവിതത്തിനു പിന്നാമ്പുറത്ത് ഇങ്ങനെ എന്തെല്ലാം!
ReplyDeleteഎന്തായാലും,നിങ്ങൾ രണ്ടു ടീച്ചർമാർക്കും എന്റെ നമസ്കാരം.ആ അന്വേഷണചിന്തയുടെ മുന്നിൽ.
ആശംസകൾ.