"നീയെന്താ ഇങ്ങനെ ആയെ?
ജന്തു...രണ്ടാം ക്ലാസ്സിലെ കുട്ട്യോള് ചെയ്യണ മല്‍ടിപ്ളിക്കേഷനും ഡിവിഷനും അറിയില്ല പോലും...അറിയില്ലെങ്കില്‍ ചെയ്യണ്ട...അത്ര തന്നെ..."
ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്ത്തു നന്ദയുടെ നേരെ രൂക്ഷമായി കണ്ണെറിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവളുടെ പൊട്ടിച്ചിരി..."അമ്മേടെ മൂക്കെന്താ ദേഷ്യം പിടിക്കുമ്പോ വിറയ്ക്കുന്നെ?"
മേലാസകലം ചൂടുകയറി അവള്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അതാ വരുന്നു അടുത്ത അസ്ത്രം...
"അമ്മയെനിക്കു പറഞ്ഞു തരാഞ്ഞിട്ടല്ലേ എനിക്ക് മാത്സ്ന് മാര്‍ക്ക് കൊറയണെ?നിഷയുടെ അമ്മ എപ്പളും അവളെ പഠിപ്പിയ്ക്കുംന്നു പറഞ്ഞല്ലോ?ഇവിടെ അമ്മക്കാണെങ്കില്‍ എപ്പോ നോക്കിയാലും
ഒരു ഗ്രേഡിങ്ങും ,മോണിറ്ററി്ങ്ങും, ട്രെയിനിങ്ങും..."നിശ്ചലയായി അവളെ നോക്കാനേ അപ്പോള്‍ സാധിച്ചുള്ളൂ."അതിന് നിഷേടെ അമ്മയ്ക്ക് ജോലിയില്ലല്ലോ...അമ്മ മോള്ക്കൊക്കെ വേണ്ടിയല്ലേ ഇങ്ങനെ കഷ്ടപ്പെടുന്നേ?"
"അപ്പൊ ഗായത്രീന്റെ അമ്മയോ?"
ഉത്തരം മുട്ടി ...
"മോളുപോയി കിടന്നോളൂ..നാളെ അമ്മ ലീവാ..പരീക്ഷയ്ക്ക് പോകണേന് മുന്‍പ് അമ്മ പറഞ്ഞു തരം ട്ടോ ..."
വീണ്ടും ' എന്റെ കഥ'യില്‍ മുഴുകി ചാരി കിടക്കുമ്പോ മുന്നില്‍ തെളിഞ്ഞത് മഹിയുടെ പരിഹാസച്ചിരി .
"ആയമ്മക്ക് വട്ടാ...!"
ഇരച്ചു വന്ന ദേഷ്യം ഉള്ളിലൊതുക്കി പിറുപിറുത്തു...
ദാറ്റ് ബ്രിങ്ങ്സ് ഔട്ട് യുവര്‍ മെയില്‍ ഷോവ്വനിസം...
കണ്ഫഷന്‍സ് വട്ടാണോ?
എങ്കില്‍ എനിക്കും വട്ടു തന്നെ ...
ഇവിടെ ഞാനും മാധവിക്കുട്ടിയെ പോലൊരു ഗിനി പിഗ് .സ്ട്റപ് ടീസ് ചെയ്തു ആത്മാവ് കാണിക്കാന്‍ ശ്രമിച്ചാലും
അത് മനസ്സിലാക്കാത്ത ഈ ആണ്കൊയ്മയുടെ ലോകത്തില്‍ എനിക്കെന്തിനനൊരിടം?
എനിക്കെന്റെ ലോകം മതി..
അവിടെ ഞാനും സുരയ്യയും സദാചാരമുത്തശ്ശിയും എസ് സി ആര്‍ ടി യും ഓപന്‍ സ്കൂളും പ്രോജക്റ്റും ക്രിയേറ്റീവ് റക്കോഡ്സും ,എല്ലാം കൂടൊരു കുടുംബസംഗമം നടക്കാന്‍ പോകുന്നു...
ഈശ്വരാ... നാളെയാണ് മോനിട്ടെറിങ്ങ് കമ്മിറ്റിയുടെ ആഗമനം.ഉദ്ദേശം ശുദ്ധം..മലയാളം പോലും നേരം വണ്ണം എഴുതാനറിയാത്ത ജീവനെ കൊണ്ട് എ ജെ ക്രോനിനിന്റെ ചെറുകഥകളുടെ കംപാരിടീവ് സ്റ്റഡി നടത്തണം , എഴുതിക്കണം ..ആംഗലേയത്തില്‍! മിടുക്കനാണവന്‍..എത്ര നന്നായി എഴുതിയിരിക്കുന്നു!ഗൈഡ് മാഫിയ ജയ്..!
ഇനി എന്നാണാവോ തലസ്ഥാന നഗരിയിലെയ്ക്ക്?
അവിടെ ,
മുറിയില്‍ ആമത്തിരിപുകയ്ക്കിടയില്‍ നിന്നും ശ്വാസം മുട്ടിയുള്ള പൊട്ടിച്ചിരികള്‍ മുഴങ്ങട്ടെ..
ഒരല്പം ഗോസ്സിപ്...മറ്റവള്‍ തീരെ ശെരിയല്ല കേട്ടോ...
ഹമ്... പിന്നെ നമ്മളാണോ ശരി!
നിഗൂഢമായി പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു...എല്ലാം അറിയുന്ന കൊമ്പുള്ള സാക്ഷി...
നാളെ തോഴുവങ്ങോട് ഭഗവതിയ്ക്ക് പട്ടും മാലയും...ഗുഡ് നൈറ്റ് ഫ്രണ്ട്...
ബീപ്...
അടുത്ത ബെഡിലെ രാധുവിന്റെ മൊബൈല്‍ വിറയ്ക്കുന്നു... എസ് എം എസ് എന്ന സ്വന്തക്കാരന്‍.സൌഹൃദത്തിന്റെ പേരില്‍ അശ്ലീല ചുവയുള്ള സന്ദേശമയച്ചു തൃപ്തിയടയുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പറ്റി പറഞ്ഞവള്‍ തേങ്ങിയത് ഓര്‍ത്തു...
സദാചാര മുത്തശ്ശി വീണ്ടും കണ്ണുരുട്ടി..
മുത്തശ്ശിയെ നോക്കി കണ്ണിറുക്കി കാണിച്ചു തിരിഞ്ഞു കിടന്നു...
സ്വപ്നത്തില്‍ രാധുവും സദാചാര മുത്തശ്ശിയും വീണ്ടും വന്നു..
'എന്താ നീയിങ്ങനെ ആയെ?മക്കളെ ഓര്‍ത്തുടെ?..അവരുടെ ഭാവി നിന്റെ കൈയ്യിലല്ലേ? "
ചിരിയാണ് വന്നത്.
ഇറ്റ്'സ് പ്യൊര്‍ലി ഇന്ഡിവിഡൌല്‍...
ഓരോരത്തരുടെ ഭാവി അവരവരുടെ കൈയ്യില്‍ ..
ഈ മനോഹര തീരത്ത് ഇനി എന്തായാലും ഒരു ജന്മം കൂടി വേണ്ട...
ഹെക്ടിക് ലൈഫ് ...
ന്യൂ എയ്ജ് ഫ്രീക് ഹസ്ബന്‍ഡ്..
പെസ്റ്ററിംഗ് കിഡ്സ്..
ഹൊറിബള്‍...ആരത് പറഞ്ഞെ?ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...
സ്വപ്നത്തിലെപ്പോഴോ കണ്ടു പഴയ കോലായപ്പടിയില്‍ ശര്‍ക്കര നുണഞ്ഞിരിക്കുന്ന ആ പെറ്റിക്കോട്ടുകാരിയെ .. അവള്‍ക്ക് ഏട്ടന്‍ പുസ്തകം പൊതിഞ്ഞുകൊടുക്കുന്നത് കൗതുകത്തോടെ നോക്കുന്ന മറ്റൊരു കുറുമ്പന്‍..ചെമ്പരുത്തിക്കാടും, കക്കു കളിയും ...
"അമ്മ എന്തിനാ കരേണേ?"രണ്ടര വയസ്സുകാരന്റെ കൊഞ്ചല്‍..
"അമ്മേടെ കളിപ്പാട്ടം ആരാ കൊണ്ടുപോയെ? അമ്മ കരേണ്ടാ ട്ടോ ..കണ്ണന്‍ അയാളെ തോക്കെടുത്ത് വെടിവെച്ചു കൊല്ലും..."
കണ്ണനെ ചേര്‍ത്ത് പിടിച്ചു ഉറങ്ങുമ്പോള്‍ ഒരിക്കലും തോന്നാത്ത ഒരു സെക്യോര്‍ ഫീലിംഗ് ..
എങ്കിലും എനിയ്ക്കറിയാം..സ്നേഹത്തിന്റെ ,സാന്ത്വനത്തിന്റെ ,ഈ ഭാഷയും വൈകാതെ എനിക്കന്ന്യമാവും.
നാളെ നന്ദ കണക്കുപുസ്തകവുമായി വരും... എന്ത് പറയണം ..
ഈ അമ്മയുടെ കണക്കുകുട്ടലുകള്‍ പിഴച്ചതെവിടെയാണെന്ന് ആരാ മോളെ പറഞ്ഞു തരിക?