Followers

Friday, 29 March 2013

ണിം ...ണിം...


ഇരുണ്ട മുറിക്കുള്ളില്‍ കറങ്ങുന്ന പങ്കയ്ക്കൊപ്പം ചുഴികള്‍ സൃഷ്ടിച്ചു  ചൂട് കാറ്റ് .ജനാല തള്ളി തുറക്കാന്‍ ശ്രമിച്ചത്  വൃഥാവിലായി.അടര്‍ന്നു വീഴാറായ പോളകള്‍ ചരടിനാല്‍ ബന്ധിചിരിയ്ക്കുന്നു.മുറിയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടി കിതയ്ക്കുന്ന പലവിധത്തിലുള്ള  സുഗന്ധദ്രവ്യങ്ങളുടെയും വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം ഓക്കാനം വരുത്തി തുടങ്ങി.നിര്‍വികാരമായി ഉത്തരതാളുകളില്‍ മുഖംപൂഴ്ത്തി കുത്തികുറിയ്ക്കുന്ന അലസഭാവങ്ങള്‍ .മടുപ്പ് മാറ്റാന്‍ പതിയെ മുന്നിലെ ജനാലതിണ്ണയില്‍ വന്നിരുന്നു.കണ്ണുകള്‍ ജനാലയും കടന്നു വിശാലമായ മൈതാനത്തിനും അപ്പുറത്തുള്ള മഞ്ഞമന്ദാരത്തിന്റെ ചുവട്ടില്‍  തറഞ്ഞു നിന്നു.നിരനിരയായി ചായ്ച്ചു വെച്ചിരിയ്ക്കുന്ന  ചുവന്ന സൈക്കിളുകള്‍ .മനസ്സിന്റെ കോണിലെവിടെയോ ഒരു മണിയടിയോച്ച്ച.
പാല്‍ കവറുകള്‍ നിറച്ച നീല ട്രേ സൈക്കിളിന്റെ പുറകില്‍ കെട്ടി ഉറപ്പിച്ചു ,  ഇരിക്കാതെ ഇരുന്നു ആഞ്ഞു ചവിട്ടുന്ന ഒരു മുഖം.വിയര്‍പ്പു ചാലിട്ട മുഖത്ത്തോളിപ്പിച്ച  കള്ളച്ചിരിയുടെ തിളക്കം.എവിടെയോ ഉടക്കി വലിയുന്ന കാക്കനോട്ടവും കാലത്ത്തിനക്കരെ എങ്ങോ  നേര്‍ത്ത് അലിയുന്ന  മണിയൊച്ചയും .ഓണപ്പരീക്ഷകഴിഞ്ഞു വരുന്നവഴി പാടത്തിന്റെ കരയില്‍ ചിരിച്ചുനില്‍ക്കുന്ന കാക്കപൂവുകള്‍ പറിയ്ക്കാന്‍ ഒരല്‍പ്പനേരം...അന്ന് പാടത്തിന്റെ അക്കരെയുള്ള  വീട്ടില്‍ നിന്നും പതിവായ്‌   ഇറങ്ങി വരുമായിരുന്ന കൌതുകം  ...വാക്കുകള്‍ക്കതീതമായി  കണ്ണുകള്‍ കൊണ്ട് മാത്രം കഥ പറഞ്ഞ  സ്വപ്നം  .തന്‍റെ വരവറിയിച്ചു കൊണ്ട് മണിയടിച്ച്ച  ആ ചുവന്ന സൈക്കിള്‍ മനസ്സിന്റെ കോണില്‍ എവിടേയോ  വീണ്ടും  മുഴങ്ങി .ഉച്ചച്ചൂടില്‍ പൊരിഞ്ഞുണങ്ങിയ  കുപ്പായത്ത്തിലൂടെ ചാലിട്ടു നീങ്ങുന്ന ചോണനുറുംബുകളെ കുടഞ്ഞു മടക്കുംപോള്‍ ദൂരെ വീണ്ടും നേര്‍ത്ത മണിയടികള്‍ .ഒറ്റക്കാലില്‍ ഉരുണ്ട്,മറുകാല്‍ വീശിച്ചുഴറ്റിയിറങ്ങി സൈക്കിള്‍ ഉരുട്ടി , പുറംകഴുത്തില്‍  തൂങ്ങിയാടുന്ന കാലന്‍ കുടയും ഇടതു തോളില്‍  കാക്കി സഞ്ചിയുമായി നടന്നടുക്കുന്ന പോസ്റ്റ്‌ മാമനെ കയ്യാലയ്ക്ക് ഇപ്പുറത്ത്   നിന്ന് തന്നെ കാണാം.ചുവന്ന പൊതികെട്ടില്‍ ഒരു ദേശത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ ,തേങ്ങലുകള്‍ .ഇടവഴി കടന്നു പടിപ്പുര തിരിയാതെ അടുത്ത പറമ്പ് താണ്ടുന്ന മണിയടിയ്ക്കൊപ്പം അസ്തമിയ്ക്കുന്ന കണ്ണുകള്‍ .
സമയം കഴിഞ്ഞെന്നറിയിക്കാന്‍  ഹൃദയംതകര്‍ത്തു മുഴങ്ങിയ മണിയടിയില്‍ ചിതറിത്തെറിച്ച നേര്‍ത്ത കിലുക്കങ്ങള്‍ .എങ്കിലും ഓര്‍മ്മകളുടെ മേളപ്പെരുക്കത്തില്‍ ഈ മണിമുഴക്കങ്ങള്‍ക്കിന്നും പത്തരമാറ്റ്  .

Sunday, 10 March 2013

പുനര്‍ജ്ജനി


പുനര്‍ജ്ജനി

മഴമറന്നിട്ട വെയില്‍ത്തുള്ളികള്‍ തീര്‍ത്ത
ചരല്‍ വരമ്പിലൂടിന്നു  നടക്കവേ
അല്ലലില്ലാതങ്ങു നെയ്യുന്ന സ്വപ്‌നങ്ങള്‍
പതിയെ നെഞ്ചോടു ചേര്‍ക്കുന്നുവോ മനം.

പാതി ചാരിയ മിഴികളിലൂടൂര്‍ന്ന
നേര്‍ത്ത നൂലില്‍ കുരുങ്ങിയ പ്രാര്‍ത്ഥന
ചൂഴ്ന്നിറങ്ങും  മിന്നല്‍പിണരുപോല്‍ 
മുഗ്ദമാനസം  നീറ്റി ഉണര്‍ത്തവെ

നെടിയ നിശ്വാസങ്ങളേറ്റങ്ങുയരുന്ന
ഹൃദയതാളങ്ങള്‍ തീര്‍ത്തോരലമാല
ഒരുവേള തൊണ്ടയിലൊന്നു  പിടഞ്ഞുവോ
പെയ്തു കേറുവാന്‍ വെമ്പുന്ന വാക്ക് പോല്‍ .

ഒരു നിദ്രയിങ്കല  കന്മഷം തീര്തതിന്നു
മോദമോടെ  പാടും കുയില
നെഞ്ചിടിപ്പിന്റെ താളത്തില്‍ പാടുന്നു
  ഇറ്റു സാന്ത്വനമേകുന്ന താരാട്ടായ്

 പതിയെ പുണരും വേണ്നിലാവിലി-
  ന്നരിയ  കാര്‍മുകില്‍ ലോലമോതുങ്ങവേ
   ഒട്ടു ശങ്കിച്ചറചങ്ങ് സ്തബ്ദയായ്
തിരികെ  യാത്രയ്ക്കൊരുങ്ങുന്ന കാലവും.
                                                                   


Wednesday, 5 October 2011

ദേവാന്വിത


പുറംലോകത്തെ  ആകര്‍ഷിക്കതക്കതായി ഒരു മോടിയും ഈ വീടിനില്ല.മുഖം മിനുക്കാത്ത ചെങ്കല്‍ ചുമരും പൂപ്പും പായലും പിടിച്ചു വഴുവഴുത്ത കറുപ്പടിഞ്ഞ ഓടുകളും.  ദിക്കുനോക്കി  അച്ഛന്‍ നട്ട ദേവതരുവും .കരിമരവും വെപ്പും കണികൊന്നയും അല്ലാതെ ,  മുറ്റത്തു ,വെട്ടിയൊതുക്കി നിരയോപ്പിച്ച കുറ്റിചെടികളോ  പുല്‍ത്തകിടിയോ  ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്പ് മോള്‍ക്ക്‌ പള്ളിക്കൂടം സമ്മാനിച്ച  മഹാഗണി,നീലാകാശം പുണരാന്‍ വെമ്പി ശൂന്യതയിലേയ്ക്കു പടര്‍ന്നു കയറുന്നു.ഒപ്പം  ഒട്ടും  യുക്തിബോധമില്ലാതെ ഞാന്‍ നട്ട്  കാടുകയറിയ വേലിയരിപൂക്കളും,മതില്‍പച്ച ചേക്കേറിയ ചെടിച്ചട്ടികളില്‍ നട്ട നന്ദ്യാര്‍വട്ടവും  കാശിതുമ്പയും പിന്നെ ഇതളുകളില്‍ പ്രണയം കിനിയുന്ന , കുലകുലയായി വിടര്‍ന്നു ചിരിക്കുന്ന ചെമ്പനീര്‍ പൂക്കളും.
എങ്കിലും ഏറെ വൈകി,  തളര്‍ച്ച്ചയെല്ലാം  ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു വന്നു കയറുമ്പോള്‍ പടിപ്പുരയ്ക്കു അപ്പുറത്ത് നിന്ന് തന്നെ  മാടി വിളിയ്ക്കുന്ന എന്‍റെ സ്വപ്നക്കൂട് ,മടുപ്പില്ലാതെ ഇരുകൈകളും നീട്ടി വാരിയെടുത്തു ഇവളെന്നെ  മടിയിലിരുത്തും
അകത്തളങ്ങളില്‍ ചുമരുകളുടെ അതിരുകളില്ലാതെ ആകാശനീലിമയില്‍ അലിഞ്ഞുറങ്ങാന്‍ ,
 സ്വപ്നത്തിന്റെ പച്ചപ്പില്‍ നിറഞ്ഞ്‌ ചിരിക്കാന്‍ ,
സ്നേഹത്തിന്റെ പനിനീര്‍ വര്‍ണ്ണത്തില്‍ കളികോപ്പുകള്‍ നിറയ്ക്കാന്‍ ,
ഇവളുടെ ഓരോ മുറികളിലും ചാലിച്ച്ചിരിയ്ക്കുന്നത്   എന്‍റെ സ്വപ്നങ്ങളുടെ  വര്‍ണ്ണം.
ഇത് എന്‍റെ ആത്മാവ്  ഉറങ്ങുന്നിടം.
ആകാശത്തിന്റെയും കടലിന്റെയും അനന്തനീലിമ തൂവിയ ഈ പ്രപഞ്ചം എനിയ്ക്ക് മാത്രം സ്വന്തം.
സ്വപ്‌നങ്ങള്‍ കാണാനും സ്വപ്‌നങ്ങള്‍ പങ്കുവെക്കുവാനും ഉറക്കെചിരിയ്ക്കാനും കിന്നാരം പറയാനും സ്വയം മറക്കാനും കൂട്ടിനെന്റെ കണ്ണനും, പിന്നെ കവിതകളും ,സംഗീതവും , ഒരു കുന്നോളം പുസ്തകങ്ങളും.
ഇത് എന്‍റെ സ്വപ്നം.
ജനാലയ്ക്കപ്പുരത്തെ അനന്തതയിലേയ്ക്ക് നീളുന്ന എന്‍റെ സ്വപ്നം.
വീട് ഒരു മനസ്സാണ്.
ഓരോ പ്രണയിനിയുടെയും മനസ്സ്.

Tuesday, 10 May 2011

അവള്‍


("മിസ്സ്‌...ഈ സംസാരിക്കുന്നത് ഞാനല്ല..ഞാന്‍വേറാരോ ആണ്..
മിസ്സ്‌,എന്നെ തെറ്റിദ്ധരിക്കരുത്...ഞാന്‍ഒരിക്കലും ഒരു ചീത്തകുട്ടി ആയിരുന്നില്ല...."-------

 മത്സരപരീക്ഷകള്‍ക്കും, കൂട്ടുകാരുടെയും വീട്ടുകാരുടെയും അമിത പ്രതീക്ഷകള്‍ക്കും  നടുവില്‍വീര്‍പ്പുമുട്ടി ജീവിതം തന്നെ നഷ്ടപ്പെട്ട  പ്രിയശിഷ്യയെ ഓര്‍ത്തുകൊണ്ട്...)


ഇന്ന് ഞാന്‍ കണ്ട  നിന്റെ മിഴികളില്‍
ആകാശത്തിന്റെ അനന്തനീലിമ ഇല്ലായിരുന്നു
മറിച്ച് ,ഇരുണ്ട ഇടനാഴികകളില്‍ പതിയിരിക്കുന്ന 
ഭൂതകാലത്തിന്റെ വിറയാര്‍ന്ന നിസ്വനങ്ങളും
തണുത്ത ശൂന്യതയും.,

ഭയം കനിഞ്ഞു നല്‍കിയ ചുഴിയില്‍
ദിശ മറന്നു വിഹ്വല്യയായി നീ.
ചിന്തകള്‍വാര്‍ന്ന മനസ്സും,
സ്വരരാഗലയങ്ങള്‍മറന്ന ചുണ്ടുകളും.
നിന്റെ വാക്കുകള്‍ നിന്റെതല്ലാതായിരിക്കുന്നു. 

നിനക്കുള്ളിലിരുന്നു പുലമ്പുന്നത്
ഞാനറിയാത്ത,നീയറിയാത്ത,നീ
നിനക്കറിയാത്ത നിന്റെതല്ലാത്ത കാഴ്ചകള്‍.
അറിയുന്നു ഞാനും നിന്നെ പോലെ
അത് നീയല്ലായിരുന്നു.

വിറയ്ക്കുന്ന കരങ്ങളും,ഉലയുന്ന ശരീരവും,
ദിക്കുകിട്ടാതലയുന്ന മിഴികളും
മുറിഞ്ഞു വീഴുന്ന സ്വരങ്ങളില്‍അടര്‍ന്നു വീഴുന്ന വാക്കുകളും
ഒന്നും  നിന്റെതല്ലയിരുന്നെന്ന നിന്റെ തിരിച്ചറിവ്
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

എങ്കിലും,വിടചോല്ലിപിരിയവേ
എന്നെ ഗ്രഹിച്ച നിന്‍തണുത്ത സ്പര്‍ശവും
ഉന്മാദം നിറഞ്ഞ നയനങ്ങള്‍നീട്ടിയ പ്രതീക്ഷയും
വരണ്ട ചുണ്ടുകളെകിയ വിളര്‍ത്ത പുഞ്ചിരിയും
എല്ലാം ,വീണ്ടുമെന്നിലായ് ആശകള്‍നിറയ്ക്കുന്നു.

വരിക നീയാ പഴയ നക്ഷത്രമായ്‌,
കാലം പാതി വഴിയില്‍ഉപേക്ഷിച്ച മോഹങ്ങളാല്‍
ജീവിതം കൊരുത്ത് കാത്തിരിയ്ക്കാം ഞാനിവിടെ,
യുഗങ്ങളോളം,നിനക്കായ്‌.

 .

Thursday, 14 April 2011

ഓര്‍മ്മ


ബാല്യകാല സ്മരണകളില്‍  ഏറ്റവും തെളിഞ്ഞു  നില്‍ക്കുന്ന  ചിത്രങ്ങളില്‍  ഒന്ന്   നായാട്ടുപാറയിലേയ്ക്കു  ,ഇളയച്ച്ചന്റെ   അടുത്തെയ്ക്കുള്ള  യാത്രകളാണ് .മധ്യവേനല്‍   അവധിയായാല്‍  പിന്നെ  എനിയ്ക്കും  കുഞ്ഞേട്ടനും  ഇരിയ്ക്കപൊറുതി   ഇല്ല ...
അന്ന് ശ്രീകണ്ടാപുരത്തെയ്ക്ക്  ആകെയുള്ള  ബസ്  ആണ്  ബിന്ദു .അതുകൊണ്ട്  തന്നെ   ഞങ്ങളെ  എത്തേണ്ട  സ്ഥലത്ത്   എത്തിയ്ക്കുക  എന്നത്  ബസ്  ജീവനക്കാര്‍  അവരുടെ  ഉത്തരവാധിത്തമായി  എന്നും  ഏറ്റെടുത്തു  .നായാട്ടുപാറയില്‍  ഞങ്ങളെ  സ്വീകരിയ്ക്കാന്‍  ഇളയച്ച്ചനുണ്ടാകും   . പിന്നെ  മയിലുകളോളം    കാല്‍നട . ..
  നായാട്ടുപാറ സ്വയം  ഒരു   ലോകമായിരുന്നു ..നഗരത്തിന്റെ  പരിഷ്കാരങ്ങള്‍  ഒളിഞ്ഞുപോലും  നോക്കിയിട്ടില്ലാത്ത  ഒരു  കുഗ്രാമം .വൈദ്യുതി  പോലും  വിദൂര  സങ്കല്പം ..ഏക്കറുകള്‍  പരന്ന്   കിടക്കുന്ന  പറങ്കി മാവിന്‍ കാടുകള്‍ക്ക്  നടുവില്‍  ഒരു  കൊച്ചു വീട് ...
ഞങ്ങള്‍ എത്തിയാല്‍   പിന്നവിടൊരു  ആഘോഷമാണ് .മണിയെചിയ്ക്കും   ബാബു  എട്ടനുമോപ്പം  പശുക്കളെ  മേയ്ച്ച്ചും ,കശുവണ്ടി  പെറുക്കികൂട്ടിയും  ,കാട്ടുവള്ളികളില്‍  ഊഞ്ഞാലാടിയും ,ഇളയച്ച്ചന്റെ  നായാട്ടു  കഥകള്‍  കേട്ടും...
പെണ്‍കുട്ടികളുടെ  ഉത്സവമായ  പൂരത്തിന്  കാമദേവനെ  പൂജിയ്ക്കുന്നതും  ആദ്യമായും  അവസാനമായും  അവിടെ  വെച്ചാണ് ...

നായാട്ടുപാറ സ്മരിതികളില്‍  ഏറ്റവും  തെളിച്ച്ച്ചം  വെളിക്കിരിക്കാനുള്ള  യാത്രകളാണ് ..അതിനു  കപ്പണകള്‍ (കല്ലുവേട്ടുകുഴികള്‍ )തന്നെ  ശരണം ...
അതും  ഒരാഘോഷമായിരുന്നു ..  ഒരു   കൈയ്യില്‍  വെള്ളവും      മറുകൈയ്യില്‍  ബാലരമ ,പൂമ്പാറ്റ   ഇത്യാദികളും ...വായനയില്‍  മുഴുകിയിരിക്കുമ്പോള്‍  മിക്കവാറും  ഉദ്ദേശം   മറക്കും .
വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണു .പത്താംതരം  കഴിഞ്ഞതോടെ  വേനലവധി  യാത്രകള്‍ക്കും  വിരാമമായി .അവ  വല്ലപ്പോഴുമുള്ള  ഒന്നായി  ചുരുങ്ങി ..ആ  കുഗ്രാമം  ഇന്നില്ല ...കശുവണ്ടി തോട്ടങ്ങള്‍   കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ക്ക്  വഴിമാറി .ആ  കഥകളൊക്കെ  മുത്തശികഥകള്‍   കേള്‍ക്കാന്‍  ഇഷ്ടമുള്ള  ആമിയ്ക്കും  ഉണ്ണിയ്ക്കും  അത്ഭുതം കൂറി  കേട്ടിരിയ്ക്കാനുള്ള  പഴംകഥകളായി   മാറി ..

ഇനിയൊരു  വേനല്‍  അവധിയ്ക്കും  ഞങ്ങളെ  പ്രതീക്ഷിയ്ക്കാതെ  ഇളയച്ച്ചന്‍    ഇന്നലെ എന്നെന്നേയ്ക്കുമായി  യാത്രയായി ...ഇനി  ആ   പുഞ്ചിരിയും ,നായാട്ടുകഥകളും   ആ   നാട്  പോലെ  വെറും  ഓര്‍മ്മ  മാത്രമാവുന്നു ...

'കാലമിനിയുമുരുളും 
വിഷുവരും  വര്ഷം  വരും ...
അപ്പോള്‍  ആരെന്നും  എന്തെന്നും  ആര്‍ക്കറിയാം ...."

പ്രിയപ്പെട്ട  ഇളയച്ച്ചനു    കണ്ണീരില്‍  കുതിര്‍ന്ന  ആദരാഞ്ജലികള്‍. ...

Wednesday, 13 April 2011

സുഖമുള്ള,സ്വപ്നതുല്യമായ ഒരു സങ്കല്‍പ്പലോകത്തിനൊപ്പം ഞാനും



കണ്ണനെ,
കായാമ്പൂവര്‍ണനെ കണ്ടും 
നന്മതന്‍ പൊന്‍കണി  കണ്ടും  ,
പുതുപുലരിയിലെയ്ക്ക് ...
നിറന്ന കൊന്നകള്‍ പൂത്ത 
മനസ്സിന്‍ തളിര്‍ചില്ലയും  .. 
നിറമുള്ള ഓര്‍മ്മകളും..
കൂട്ടിനു,മോടിയായ് കോടിയും,
നീട്ടിയ കൈകളില്‍ പൊന്‍ നാണ്യവും.
വേപ്പംപൂരസം,മാമ്പഴപച്ചടി  ചേര്‍ന്നുള്ള  സദ്യയും
സ്നേഹപൂര്‍വ്വം..
ഹൃദയം നിറഞ്ഞ്‌
വിഷുദിനാശംസകള്‍

Thursday, 17 March 2011

നിങ്ങളുടെ നമ്പറും വരും...

"...........എന്താടോ ഇന്ന് പരീക്ഷ....?
ഏയ്‌...അങ്ങനയോന്നുമില്ല സര്‍....എന്തും എഴുതും" 
"ബോറടി മാറ്റാന്‍ ചായയും ഉള്ളിവടയും (?) മുന്നില്‍...(കരിഞ്ഞ വടയ്ക്കുള്ളില്‍ നിന്നും എഴുന്നു നില്‍ക്കുന്ന ഉള്ളിത്തോലും പിന്നെ അതുകൊണ്ട് വന്ന ചേച്ചിയുടെ ആത്മവിശ്വാസവും ആണ് അത് ഉള്ളിവട തന്നെ എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ എന്നെ പ്രേരിപ്പിച്ചത് ).അച്ഛന്‍ ഒളിച്ചുവെക്കുന്ന നിലക്കടല കട്ടുതിന്നുന്ന ഉണ്ണിക്കുട്ടന്റെ സാമര്‍ത്ഥ്യം കടം കൊണ്ട് ,പരീക്ഷ എഴുതുന്ന കണ്ണുകള്‍ എന്നെ കാണുന്നില്ലെന്ന ഭാവത്തില്‍ ഒന്ന് കടിച്ചേ ഉള്ളു,അടുത്ത മടയില്‍ നിന്നും...സോറി, മുറിയില്‍ നിന്നും,ഒരു ഗര്‍ജ്ജനം..                  .get lost you....
                  സര്‍...എന്‍റെ ഹാള്‍ ടിക്കറ്റ്‌...
                    അത് എന്ത് വേണം എന്ന്  ഞാന്‍ തീരുമാനിക്കും....ബാഗ്‌ എടുത്തു സ്ഥലം വിട്ടോള്  ...
                      ബാഗ്‌ ഇല്ല സര്‍...
നിസ്സംഗതയോടെ  അവന്‍ മറഞ്ഞു...അലര്‍ച്ച പിറ് പിറ്ക്കലില്‍ അലിയിച്ചു  എന്‍റെ സുഹൃത്തുകൂടിയായ  സാറും .
കോപ്പി അടിയാണ് വിഷയം.എന്നും രാവിലെ എക്സാംഹാളില്‍ ചെല്ലുന്നതിനു മുന്‍പ് മുന്നറിയിപ്പാണ്...
"ഓപ്പണ്‍ സ്കൂള്‍ കുട്ടികള്‍ ഇരിക്കുന്ന ഹാളില്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്..
ചെറിയ ഒരനക്കം കണ്ടാല്‍ ,രജിസ്റ്റര്‍ നമ്പര്‍ നോട്ട് ചെയ്തു എന്നെ അറിയിച്ചാല്‍ മതി...
ഞങ്ങളുടെ കുട്ടികള്‍ ഇരിക്കുന്ന ഹാളില്‍ പിന്നെ...
ഡോണ്ട് വറി...നോ അവിടെ ഇത്തരം പ്രോബ്ലെംസ് ഉണ്ടാവില്ല..."..മറ്റൊന്ന്...ഒന്നാം വര്‍ഷവും  രണ്ടാം വര്‍ഷവും ചോദ്യപേപ്പര്‍  മാറി കൊടുത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം...ചിലപ്പോ പുറത്ത് കടന്നു വല്ലവരും പറഞ്ഞാലേ ഇവരാ മാറിയ വിവരം അറിയൂ...കാരണം...അവര്‍ എന്തും  എഴുത്തും...
ചെറുതായി ഒന്നനങ്ങിയപ്പോള്‍  സഹ അദ്ധ്യാപകന്‍ തലയ്ക്കിട്ടൊന്നു മേടി...
"അടങ്ങി ഇരിയവിടെ...ഇത് തന്‍റെ ആര്‍.കെ മിഷന്‍ അല്ല...ഇത് നമ്മുടെ കുട്ടികളുമല്ല..."
ഇരിയ്പ്പു ഉറയ്ക്കാതെ നെടുവീര്‍പ്പിട്ടു...
ശരിയാണ്..ഇത് മത്തങ്ങയല്ല...മാടിനെ വെട്ടുന്ന വെട്ടുകത്തിയുമല്ല...എനിക്കറിയാം ..എന്നാലും...
ഈ തുറന്ന വിദ്യാലയ സംവിധാനം എനിക്കങ്ങട് ദഹിക്കുന്നില്ല്യാ.തന്റെതല്ലാത്ത കാരണങ്ങളാല്‍ ഇവിടെ എത്തപ്പെട്ടു പോവുന്ന കുറെ പാവങ്ങള്‍...(കച്ചറകള്‍ എന്ന് മുദ്രകുത്തപെട്ടവര്‍.)കോണ്ടാക്റ്റ്   ക്ലാസ്സ്‌ എന്ന പ്രഹസനം..തുടര്‍മൂല്യനിര്‍ണ്ണയം എന്ന തട്ടിപ്പ്... (രണ്ടു വര്‍ഷത്തോളം സമാന്തര വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്ന ഇവരുടെ തുടര്മൂല്യനിര്‍ന്നയം നടത്തുന്നത് വര്‍ഷാവസാനം കോണ്ടാക്റ്റ് ക്ലാസ്സ്‌ എടുക്കുന്ന അധ്യാപകരാനെന്നുള്ളത് വേറെ തമാശ...
ഇതിനൊരു മാറ്റം...?
ചുരുങ്ങിയ നിലയ്ക്ക് ഇവരോടുള്ള സമീപനത്തിലെങ്കിലും...
പ്രിയ  വിദ്യാര്‍ഥികളെ ...നിങ്ങളുടെ നമ്പറും വരും...