Followers

Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, 14 April 2011

ഓര്‍മ്മ


ബാല്യകാല സ്മരണകളില്‍  ഏറ്റവും തെളിഞ്ഞു  നില്‍ക്കുന്ന  ചിത്രങ്ങളില്‍  ഒന്ന്   നായാട്ടുപാറയിലേയ്ക്കു  ,ഇളയച്ച്ചന്റെ   അടുത്തെയ്ക്കുള്ള  യാത്രകളാണ് .മധ്യവേനല്‍   അവധിയായാല്‍  പിന്നെ  എനിയ്ക്കും  കുഞ്ഞേട്ടനും  ഇരിയ്ക്കപൊറുതി   ഇല്ല ...
അന്ന് ശ്രീകണ്ടാപുരത്തെയ്ക്ക്  ആകെയുള്ള  ബസ്  ആണ്  ബിന്ദു .അതുകൊണ്ട്  തന്നെ   ഞങ്ങളെ  എത്തേണ്ട  സ്ഥലത്ത്   എത്തിയ്ക്കുക  എന്നത്  ബസ്  ജീവനക്കാര്‍  അവരുടെ  ഉത്തരവാധിത്തമായി  എന്നും  ഏറ്റെടുത്തു  .നായാട്ടുപാറയില്‍  ഞങ്ങളെ  സ്വീകരിയ്ക്കാന്‍  ഇളയച്ച്ചനുണ്ടാകും   . പിന്നെ  മയിലുകളോളം    കാല്‍നട . ..
  നായാട്ടുപാറ സ്വയം  ഒരു   ലോകമായിരുന്നു ..നഗരത്തിന്റെ  പരിഷ്കാരങ്ങള്‍  ഒളിഞ്ഞുപോലും  നോക്കിയിട്ടില്ലാത്ത  ഒരു  കുഗ്രാമം .വൈദ്യുതി  പോലും  വിദൂര  സങ്കല്പം ..ഏക്കറുകള്‍  പരന്ന്   കിടക്കുന്ന  പറങ്കി മാവിന്‍ കാടുകള്‍ക്ക്  നടുവില്‍  ഒരു  കൊച്ചു വീട് ...
ഞങ്ങള്‍ എത്തിയാല്‍   പിന്നവിടൊരു  ആഘോഷമാണ് .മണിയെചിയ്ക്കും   ബാബു  എട്ടനുമോപ്പം  പശുക്കളെ  മേയ്ച്ച്ചും ,കശുവണ്ടി  പെറുക്കികൂട്ടിയും  ,കാട്ടുവള്ളികളില്‍  ഊഞ്ഞാലാടിയും ,ഇളയച്ച്ചന്റെ  നായാട്ടു  കഥകള്‍  കേട്ടും...
പെണ്‍കുട്ടികളുടെ  ഉത്സവമായ  പൂരത്തിന്  കാമദേവനെ  പൂജിയ്ക്കുന്നതും  ആദ്യമായും  അവസാനമായും  അവിടെ  വെച്ചാണ് ...

നായാട്ടുപാറ സ്മരിതികളില്‍  ഏറ്റവും  തെളിച്ച്ച്ചം  വെളിക്കിരിക്കാനുള്ള  യാത്രകളാണ് ..അതിനു  കപ്പണകള്‍ (കല്ലുവേട്ടുകുഴികള്‍ )തന്നെ  ശരണം ...
അതും  ഒരാഘോഷമായിരുന്നു ..  ഒരു   കൈയ്യില്‍  വെള്ളവും      മറുകൈയ്യില്‍  ബാലരമ ,പൂമ്പാറ്റ   ഇത്യാദികളും ...വായനയില്‍  മുഴുകിയിരിക്കുമ്പോള്‍  മിക്കവാറും  ഉദ്ദേശം   മറക്കും .
വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണു .പത്താംതരം  കഴിഞ്ഞതോടെ  വേനലവധി  യാത്രകള്‍ക്കും  വിരാമമായി .അവ  വല്ലപ്പോഴുമുള്ള  ഒന്നായി  ചുരുങ്ങി ..ആ  കുഗ്രാമം  ഇന്നില്ല ...കശുവണ്ടി തോട്ടങ്ങള്‍   കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ക്ക്  വഴിമാറി .ആ  കഥകളൊക്കെ  മുത്തശികഥകള്‍   കേള്‍ക്കാന്‍  ഇഷ്ടമുള്ള  ആമിയ്ക്കും  ഉണ്ണിയ്ക്കും  അത്ഭുതം കൂറി  കേട്ടിരിയ്ക്കാനുള്ള  പഴംകഥകളായി   മാറി ..

ഇനിയൊരു  വേനല്‍  അവധിയ്ക്കും  ഞങ്ങളെ  പ്രതീക്ഷിയ്ക്കാതെ  ഇളയച്ച്ചന്‍    ഇന്നലെ എന്നെന്നേയ്ക്കുമായി  യാത്രയായി ...ഇനി  ആ   പുഞ്ചിരിയും ,നായാട്ടുകഥകളും   ആ   നാട്  പോലെ  വെറും  ഓര്‍മ്മ  മാത്രമാവുന്നു ...

'കാലമിനിയുമുരുളും 
വിഷുവരും  വര്ഷം  വരും ...
അപ്പോള്‍  ആരെന്നും  എന്തെന്നും  ആര്‍ക്കറിയാം ...."

പ്രിയപ്പെട്ട  ഇളയച്ച്ചനു    കണ്ണീരില്‍  കുതിര്‍ന്ന  ആദരാഞ്ജലികള്‍. ...

Saturday, 21 August 2010

സ്വപ്നങ്ങളുടെ തുമ്പസ്മിതം

മനസ്സാകും പൂക്കൂടയില്‍ ഒരായിരം വസന്തങ്ങളുടെ കാക്കപൂക്കളും മുക്കുറ്റികളും
വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പൊന്നോണം...
ഈ ദിനം എനിയ്ക്ക് ,കഴിഞ്ഞുപോയ കാലം നെഞ്ചില്‍ നിറച്ച സൌഭഗങ്ങളുടെയും വരാനിരിക്കുന്ന സന്ത്വനങ്ങളുടെയും കണക്കെടുപ്പിന്റെ നാള്...
എന്തിനോ വേണ്ടി പൂത്തുകൊഴിയുന്ന നാലുമണിപൂക്കളുടെ
സൌരഭ്യം എന്നെ വെറുതെ ഭ്രമിപ്പിച്ചിരുന്നു...
കാത്തുകാത്തിരുന്നു ഒടുവില്‍ വിടര്‍ന്നു പുഞ്ചിരിയ്ക്കുന്ന
അവയ്ക്കും എന്റെ സ്വപ്നങ്ങളോളം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
എങ്കിലും, മഴനൂല്‍ കനപ്പിച്ച മലരുകള്‍ പോലെ നീയെന്ന സാന്ത്വനം ഉള്ളില്‍
പകര്‍ന്ന നിര്‍മ്മലമായ നോവുകള്‍...
തേകി തെളിഞ്ഞ മനസ്സില്‍ സ്വപ്നത്തിന്റെ ഉറവ പൊട്ടിയൊഴുകുന്നത്
ഞാനറിഞ്ഞു തുടങ്ങിയ നാളുകള്‍...
രൂപവും ഭാവവുമില്ലാത്ത സ്വപ്നങ്ങള്‍ക്ക് ഞാന്‍ നല്‍കിയ നിറചാര്‍ത്തുകള്‍...
അവ തെച്ചിയായും ചെമ്പരത്തിയായും കോളാമ്പിപൂക്കളായും വിടര്‍ന്ന നാളുകള്‍...
മനസ്സില്‍ ഒരു തുമ്പപാടം ഉയര്‍ത്തിയ,ഉണര്‍ത്തിയ നേരുകള്‍...
കൂടെ വന്നു കൂട്ട് നിന്ന് , ഞാനുണ്ട് കൂടെയെന്ന് ,നീയറിയിച്ച നിമിഷങ്ങള്‍..
മനസ്സിലെ മഞ്ഞുരുക്കുന്ന ഇളം വെയിലായി നീ മാറിയ ദിനങ്ങള്‍...
നിനവുകളില്‍ നിറഞ്ഞ നീയെന്ന നാദം ഉള്ളിലുയര്‍ത്തിയ ഓണപൂവിളികള്‍...
അതില്‍, ഒരു നിറവായി,നിനവായി ,സ്വപ്നമായി,മഴമേഘങ്ങളായി,പൂവിതളായി ,
പൊന്‍തുവലായി
വെറുതെ തെന്നി നീങ്ങിയ മനസ്സ്..വരണ്ട മരുഭൂവില്‍ ഒരു നീര്‍മണിസ്മിതം..
എഴുകടലും കടന്നു പരന്നൊഴുകിയ നിലാസ്മിതത്തില്‍ ഓളങ്ങള്‍ക്കൊപ്പം
ചാഞ്ചാടി നീയും ഞാനും
പിന്നിട്ട നിര്‍മ്മമതയുടെ നാള്‍വഴികള്‍...
പിന്നെ ഒരു സാമീപ്യത്തിന്റെ നനുത്ത സാന്ത്വനമായി എനിക്കൊപ്പം ചേര്‍ന്ന നിന്റെ വാക്കുകളും.
കല്ലില്‍ കനവു കടഞ്ഞ് ,വാക്കില്‍ കവിത വിരിയിച്ച്,എന്നെ തൊട്ടറിഞ്ഞ നീ ഇന്നെവിടെയാണ്‌?
കാതില്‍ നേര്‍ത്ത സംഗീതമായി,ഹൃദയതാളമായി നീ പതിച്ച നാളുകള്‍...
മധുരതരമായ ഒരു സ്വപ്നം പോലെ ഉണര്‍ന്നു എഴുനേറ്റപ്പോള്‍ മാഞ്ഞുപോയ നീ...
വീണ്ടും കണ്ണീര്‍ തണുപിച്ച കവിള്‍തടങ്ങളുമായി ഇവിടെ ഞാന്‍ ....
ആ കണ്ണീരില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പെരുമഴക്കാലം തീര്‍ക്കാന്‍
ഞാ ന്‍കാത്തിരിക്കുന്നുണ്ടാവാം എന്ന ബോധ്യത്തോടെ അങ്ങകലെ നീയും...???????
ഉള്ളില്‍ വീണ്ടുമൊരു തിരുവോണപുലരി ...
കാലം അണിയിക്കുന്ന മായാപൂക്കളങ്ങള്‍...
സ്വപ്നങ്ങളുടെ തുമ്പസ്മിതം ...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...