
"അല്ലെങ്കിലും ഇവറ്റകളൊക്കെ ഇങ്ങന്യാ .സ്വാര്‍ത്ഥകള്‍ ...ബാക്കി ഉള്ളോരു എത്ര വിഷമിച്ചാലും സ്വന്തം കാര്യം നടക്കണം എന്നെ ഉള്ളു...കണ്ടില്ലേ ചാടിക്കേറി ഇരുന്നത്..?
കൊടുക്കൂലാ .........എണീറ്റ് കൊടുക്കൂലാ ഇവറ്റകള്‍....എനിക്കീ വര്‍ഗത്തിനെയൊക്കെ നന്നായി അറിയാം...എന്റെ പെങ്ങള്‍ കുട്ടീനേം കൊണ്ട് കേറിയപ്പോ ഞാന്‍ കണ്ടതാ...ഒരൊറ്റ എണ്ണവും സ്ഥലം കൊടുത്തില്ല...കേറി ഞെളിഞ്ഞങ്ങു ഇരുന്നോളും...കണ്ടാല്‍ നല്ല ആരോഗ്യമുണ്ടല്ലോ...ബസ്സിലാണെങ്കില്‍ സീറ്റ് സംവരണവും.. എന്നിട്ടും ആണുങ്ങള്‍ക്ക് ഇരിക്കാനുള്ള ഇടം പോലും കൈയ്യേറും... നോക്ക് ,നോക്ക് ...ആ പെണ്ണിന്റെ മുഖത്ത് വല്ല ഉളുപ്പും ഉണ്ടോന്നു...ചമഞ്ഞു ഒരുങ്ങി ഇറങ്ങിക്കോളും..."അയാള്‍ പിന്നെയും പലതും പുലമ്പികൊണ്ടിരുന്നു...
സ്വപ്നമാണോ..?
മിഴിയാന്‍ മടികാണിച്ച കണ്ണിണകളെ വലിച്ചുതുറന്നു പരിഭ്രാന്തിയോടെ ചുറ്റും നോക്കി...
എല്ലാ മുഖങ്ങളും എനിക്ക് നേരെ...
പലഭാവങ്ങള്‍...പരിഹാസം,സഹതാപം,നിസ്സഹായത...
എന്താണാവോ കാര്യം!ഞാന്‍ തിരിഞ്ഞു നോക്കി...
പുറകില്‍ നിന്ന യുവാവിന്റെയാണീ രൂക്ഷ വിമര്‍ശനം..
കേന്ദ്ര കഥാപാത്രം ഈ ഞാന്‍ തന്നെ.
സൂചികുത്താന്‍ ഇടമില്ലാത്ത ബസ്സില്‍ നുഴഞ്ഞു കയറി ,ആളൊഴിയാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിച്ച് ,ഒടുവില്‍ ഒഴിഞ്ഞ സീറ്റ് കണ്ടുപിടിച്ച് ഞാന്‍ തള്ളിക്കയറി ഇരുന്നതാണ് വിഷയം...
എന്തോ മഹാപാപം ചെയ്ത മട്ടില്‍ എന്റെ ശിരസ്സിനു ഭാരം കൂടുന്നതായെനിയ്ക്ക് തോന്നി. അടുത്തിരുന്ന യുവതി എന്നെ സഹതാപത്തോടെ നോക്കി...അന്തം വിട്ട ഭാവത്തോടെ ഞാന്‍ അവരെയും,ഒരല്പം നിസ്സഹായതയോടെ.
ആളുകളുടെ ആകാംഷയ്ക്ക് അറുതി വരുത്തി കൊണ്ടു തൊട്ടു പുറകിലിരുന്ന യുവാവിന്റെ പ്രതികരണം..."ഒന്നു നിര്‍ത്തുന്നുണ്ടോ..?നിങ്ങള്‍ക്കിപ്പ എന്താ വേണ്ടേ?സീറ്റ് ആണോ?ഓ ...ഞാനങ്ങ് എഴുനേറ്റു തന്നെയ്ക്കാം പോരെ?ബസ്സില്‍ ആണുങ്ങള്‍ക്ക് സീറ്റ് ഇല്ലാന്ന് അറിഞ്ഞുടെ ? ബാക്കിയെല്ലാം ജനറല്‍ ആണ്.പിന്നെ ഈ ബസ്സിനകത്ത് ഉള്ളവരെല്ലാം തന്നെ പല ചിന്തകളും വെവേലാതിയുമായി ഒരു ദിവസത്തെ ലാഭനഷ്ടങ്ങളൊക്കെ കണക്കു കൂട്ടി വീട്ടിലേയ്ക്ക് നെട്ടോട്ടം ഓടുന്നവരാണ്.അതിനിടയ്ക്ക് ഇത്തരം അഭ്യാസം കാണിച്ചു മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്.."
പരിപുര്‍ണ്ണ നിശബ്തത ...എല്ലാ മുഖങ്ങളിലും വീണ്ടും പഴയപോലെ നിസ്സംഗത...
എനിക്ക് വേണ്ടിയല്ല ആ പ്രതികരണമെന്ന് അറിയാമായിരുന്നെങ്കില്‍ കൂടി , അദേഹത്തിന്റെ ഇടപെടലിനോട് എനിക്ക് ആദരവ് തോന്നി.തന്റെ ഗാഢമായ ചിന്താധാരയുടെ ചരട് മുരിച്ചവനോടുള്ള അമര്‍ഷമായിരുന്നു ആ സ്വരം മുഴുവന്‍,ഒപ്പം അതിന് കാരണക്കാരിയായ എന്നോടും!
എങ്കിലും ആശ്വാസം.പരിഹാസ വചനങ്ങള്‍ക്ക് ഒരറുതി ആയല്ലോ ..സര്‍വവും സ്വസ്ഥം,ശാന്തം...
മനസ്സില്‍ കനത്ത നിശബ്ദതയെ തകര്ത്തു കൊണ്ട് ചിന്തകളുടെ ഉരുള്‍പൊട്ടല്‍..ഒരു ദിനാന്ത കുറിപ്പിന്‍റെ വേലിയേറ്റം...
"ഗംഗാ തരംഗ രമണീയ ..."എസ് പി ബി യുടെ ശിവസ്തുതിക്കൊപ്പം ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന ഒരു ദിനത്തിന്റെ ആദ്യഘട്ടം ,8.45 നു തുടങ്ങുന്ന ദുരിത യാത്രയോടെ അവസാനിക്കുന്നു...
സംഭവ ബഹുലമായ ഈ രണ്ടാംഘട്ടത്തിന് ഒരു പ്രകാശവര്ഷത്തിനുമപ്പുറം ദൈര്‍ഘ്യമുന്ടെന്നു എപ്പോഴുമെനിക്ക് തോന്നി പോവാറുണ്ട്..ഉണ്ടാവണമല്ലോ...അതാണല്ലോ നമ്മുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടാനെന്ന വണ്ണം എങ്ങിയും വലിഞ്ഞും കുലുങ്ങിയും ശകടങ്ങളെല്ലാം തന്നെ മാനസികരോഗ ആശുപത്രി വഴിയേ പോകുന്നത്! അത് വഴി കടന്നു പോകുമ്പൊള്‍ ഞാന്‍ ഒട്ടൊരു തമാശയോടെ ചിന്തിക്കാറുണ്ട് ...ആ വലിയ മതില്‍ കെട്ടിപൊക്കിയിരിക്കുന്നത് അകത്തേയ്ക്കോ,അതോ പുറത്തേയ്ക്കോ?യഥാര്‍ത്ഥത്തില്‍ മതിലിനകത്ത് ആരാണ്?
ഇപ്പുറത്തുള്ളവരെ പോലെ തന്നെ അപ്പുറത്തുല്ലവര്ക്കും തോന്നുന്നുണ്ടാവില്ലേ പുറത്തുള്ള ഭ്രാന്തന്മാരില്‍ നിന്നും തങ്ങള്‍ സുരക്ഷിതരാണെന്ന്?
ചുമ്മാ ഓരോന്ന് ചിന്തിക്കുന്നതാണെ...വല്ല വാഹനവും വരുന്നതു വരെ വേറെന്തു പണി!
അനന്തമായ കാത്തിരിപ്പിനൊടുവില്‍ ഒരു ചെറുചിരിയോടെ മുന്നില്‍ വണ്ടി നിര്‍ത്തുന്ന ചിരപരിചിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ .അകത്തുള്ള മറ്റു മൂന്നു പേരുടെ മുഖത്ത് പ്രകടമായ അനിഷ്ടവും അതൃപ്തിയും കണ്ടില്ലെന്നു നടിച്ചു അകത്തു കയറിപറ്റി ഇരുന്നെന്നു വരുത്തി...ഓട്ടോയുടെ ഉള്ളില്‍ നിന്നും ശരീരം വലിച്ചു പുറത്തിട്ടു ചില്ലറ തപ്പുമ്പോള്‍ അശരീരി പോലെ ഡ്രൈവറുടെ സ്വരം."ഒരു വണ്ടി വാങ്ങിക്കൂടെ ടീച്ചറെ...".
മറുപടി പുഞ്ചിരിയില്‍ ഒതുക്കി അടുത്ത ലക്ഷ്യത്തിലേയ്ക്ക്...
മത്സരിച്ചോടുന്ന വണ്ടികള്‍ക്കൊപ്പം കബഢി കളിച്ചു ഒരു വിധം കയറിപറ്റലാണ് ആദ്യത്തെ കടമ്പ.നീളക്കുറവുള്ളവരെ പരിഹസിക്കാനെന്ന മട്ടില്‍ ഉയരെ ഘടിപ്പിച്ച കമ്പിയില്‍ അതി വിദഗ്ധമായി
കൈ എത്തിപിടിക്കുകയാണ് അടുത്ത സംരംഭം.കൈയ്യടക്കം ശീലിച്ച ഇടതുകൈയ്യില്‍ തൂവാലയും എണ്ണിപെറുക്കി വെച്ച നാലുരൂപതുട്ടുകളും ഒളുപ്പിച്ചു ഒത്ത നടുവിലായി കാണുന്ന തൂണില്‍ ച്ചുറ്റിപിടിക്കുന്നെടത്ത് എന്റെ ദേഹഭാവം പൂര്‍ത്തിയാകുന്നു.(ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാകാത്ത പക്ഷം ഒരദ്ധ്യാപികയുടെ പതനം ഏവര്‍ക്കും ദര്‍ശിക്കാമെന്ന ചിന്ത എന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപെടുത്തുന്നു!)
ഇനിയങ്ങോട്ടൊരു ചാഞ്ചാട്ടമാണ്
...ഇടത്ത്...
വലത്ത്...
ചെരിഞ്ഞമര്‍ന്നു...
ഉയര്‍ന്നുപൊങ്ങി...അങ്ങനെയങ്ങനെ..
.ഇതിനിടയ്ക്ക് ചിലപ്പോള്‍ കറങ്ങിചെന്നു മുന്നില്‍ നില്‍ക്കുന്നവരുടെ മുതുകത്ത്...തോളില്‍ തൂങ്ങിയാടുന്ന സഞ്ചിയുടെ ഭാരം വര്‍ധിക്കുന്നു...എന്റെ കൈ കഴച്ചുതുടങ്ങിയിരിക്കുന്നു.പാതി ലക്ഷ്യമായ 5 കി മി പിന്നിടുമ്പോഴെയ്ക്കും സമയം 9.20 കഴിഞ്ഞിരിയ്ക്കും.ഇവിടുന്നങ്ങോട്ട് ആഞ്ഞു പിടിച്ചു ഓടി അടുത്ത ബസ്സ് പിടിച്ചാലും നേരത്തിനു എത്തുന്ന കാര്യം കടം തന്നെ.കൂടെ ചുവടുപിടിക്കുന്ന സ്ത്രീജനങ്ങള്‍ക്കൊപ്പം മത്സരിച്ചോടി നിരനിരയായി നിര്‍ത്തിയിട്ട ഓട്ടോ യില്‍ ഒന്നിലെയ്ക്ക് ശരീരം വലിച്ചിട്ടു കണ്ണടച്ച് ഒരു ഇരിപ്പാണ്."വണ്ടി നേരെ ആശ്രമത്തിലേയ്ക്ക് വിട്ടോളൂ".
വിശാലമായ മൈതാനം താണ്ടി പിന്നാമ്പുറത്തുള്ള ഹയര്‍ സെക്കന്ററി ബ്ലോക്കിലെ പടികള്‍ ഓടി കയരുംപോഴെയ്ക്കും പ്രാര്ത്ഥന തുടങ്ങിയിരിക്കും..".............നല്ലതേ തോന്നാവൂ ,നല്ലതേ ചെയ്യാവൂ ,നല്ലതേ ചൊല്ലാവൂ നിന്‍ കൃപയാല്‍..."പിന്നെ ഒരു പടയോട്ടം...ക്ലാസ്സുകളില്‍ നിന്നും ക്ലാസ്സുകളിലെയ്ക്ക്...ആംഗലേയ സാഹിത്യം..നാടകം..സിനിമ ..കവിത...കഥ...മണിക്കൂറുകള്‍ നീളുന്ന സാരോപദേശം...പര്യാലോചന...ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളില്‍ സ്റ്റാഫ് റൂമിലെ കലാമൂലയിലെ കവിതലാപനങ്ങളും വിഷയദാരിദ്ര്യമില്ലാത്ത നീണ്ട ചര്‍ച്ചകളും.4.30 കഴിഞ്ഞു ...
സംഭവ ബഹുലമായ ഒരു അധ്യയന ദിനത്തിന് താല്കാലികവിരാമം.
ഇനി മടക്കയാത്ര...
നേരം കടന്നുപോയ്ക്കൊണ്ടിരുന്നു...
വഴിതെറ്റിവരുന്ന ബസ്സിനായ് അനന്തമായ കാത്തിരിപ്പ്...
10 കി മി അപ്പുറത്തുള്ള വീട് മറ്റൊരു സൂര്യനായ് മാറുന്നു........
നഗര വികസനത്തിനൊരു രക്തസാക്ഷി കൂടി...
മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സമയനിഷ്ഠ പാലിക്കുന്നതില്‍ ഇളവുനല്‍കാനായി നല്കിയ ദയാഹരജിയിന്മെല് തീര്‍പ്പുകല്‍പ്പിക്കുന്നതും കാത്തു നിമിഷങ്ങളെണ്ണി കാത്തുനില്‍ക്കുകയാണ് ഞാന്‍.
ബസ്സ്-സ്റ്റോപ്പ് ഏതാണ്ട് ശൂന്യമായി തുടങ്ങി.
ഒജിന്‍ ബയിക്സ് നു മുന്നില്‍ 'വട്ടം കറങ്ങണ കോയീനെ' കാണാന്‍ ആകാംഷയോടെ നിന്ന കുട്ടികളും മടങ്ങി കഴിഞ്ഞു ...
തീരം വിട്ടൊഴിഞ്ഞ തിരമാല കണക്കെ ക്ഷീണവും തളര്‍ച്ചയും വീണ്ടു അലയടിച്ചുയരാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു...
"....ഇവറ്റകള്‍ക്കൊന്നും മനസ്സില്ലേ...ആ പെങ്കൊച്ച് കുഞ്ഞിനെയും കൊണ്ടു കേറീട്ട് അറിഞ്ഞ ഭാവം കാണിക്കുന്നുണ്ടോന്നു നോക്ക്...." രോഷാകുലനായ ആ മനുഷ്യന്റെ സ്വരം ഉള്ളില്‍ പ്രതിധ്വനിക്കുന്നു...അറിയാതെയെങ്കിലും എനിക്ക് വേണ്ടി പ്രതികരിച്ച ചെറുപ്പക്കാരനെ അലിവോടെ തിരിഞ്ഞു നോക്കി കൊണ്ടു ഞാന്‍ ബസ്സിറങ്ങി..ഓട്ടോ ഒന്നും കാണുന്നില്ല...നടന്നു താണ്ടാന്‍ മൈലുകള്‍ ഇനിയും ബാക്കി.ഒപ്പം എനിക്കൊപ്പം ചുവടുവെച്ചു എന്റെ ഭ്രാന്തന്‍ ചിന്തകളും..
സഹോദരാ ..
എന്റെ മൗനം കുറ്റസമ്മതം ആയിരുന്നില്ല..
അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞു ന്യായീകരിക്കണം...എന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവുമോ?
ഒന്നു മാത്രം അറിയുക...ഞാന്‍ നിങ്ങള്‍ കരുതുന്നത് പോലെ അത്രയ്ക്ക് ഹൃദയശൂന്യയല്ല ...
നിങ്ങള്‍ അറിയുക ...ദിനാന്തത്തില്‍ ,കൂടണഞ്ഞാലും കാത്തിരിക്കുന്ന മൂന്നാംഘട്ട ജോലികള്‍...ഇതിനെല്ലമിടയ്ക്കു , ലോട്ടറി പോലെ,ഭാഗ്യം കടാക്ഷിച്ചാല്‍ മാത്രം കിട്ടുന്ന അല്‍ഭുതമാണ് ഇത്തരത്തിലൊരു സീറ്റ്..പലപ്പോഴും പലര്‍ക്കും എഴുനേറ്റു കൊടുക്കണമെന്ന മനസ്സിന്റെ ആഗ്രഹതിനോട് ശരീരം സമ്മതം പ്രകടിപ്പിക്കാറില്ല...ഞാനും എന്നെപോലെ മറ്റുപലരും ഊര്‍ജ്ജസ്വലതയുടെയും പുഞ്ചിരിയുടെയും മൂടുപടതിനുള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന തളര്‍ച്ച നിങ്ങള്‍ കാണാതെ പോകുന്നതില്‍ ഞങ്ങള്ക്ക് പരിഭവമില്ല...എങ്കിലും ..എങ്കിലും...ഞങ്ങളെ ഹൃദയമില്ലാത്തവര്‍ എന്ന് വിളിക്കരുതേ എന്നൊരപേക്ഷ മാത്രം..
ഇതൊരു കുമ്പസാരമല്ല...
വെറുതെ..വെറുതെ ഒന്നു ചിന്തിയ്ക്കാന്‍ മാത്രം..
എന്നെ പോലെ ,ഇതുപോലുള്ള കൂര്‍ത്ത വാക്കുകളുടെ ശരശയ്യയില്‍ വീണു രക്തം വാര്‍ന്നു തളരുന്ന ഒരുപാടു സ്ത്രീകള്‍ക്ക് വേണ്ടി..വിദ്യാഭ്യാസത്തിന്റെ ഭാരം മുതുകില്‍ പേറുന്ന ,സീറ്റ് ഉണ്ടെങ്കിലും ഇരിക്കാന്‍ അര്‍ഹതയില്ലാത്ത,എങ്ങാനും ഇരുന്നുപോയാല്‍ പരിഹാസ ശരങ്ങളേറ്റു പിടയുന്ന ,ലക്ഷകണക്കിന് കുഞ്ഞു മനസ്സുകള്‍ക്ക് വേണ്ടി...