
നിലാവും മുല്ലപ്പൂകളും എന്നോളം തന്നെ എനിയ്ക്ക് പ്രിയപ്പെട്ടതാണെന്ന് ആദ്യമായ് ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്.
കടുത്ത വേനല്‍ പകലുകളുടെ താപശരങ്ങളേറ്റ് മുറിഞ്ഞ മനസ്സുമായ് വേദനയോടെ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച ആ ദിവസം.നിറഞ്ഞമിഴികളോടെ , അനന്തമായ ആകാശത്തിലേയ്ക്ക് കുതിയ്ക്കനായ് വെമ്പലോടെ ഓടിച്ചെന്നപ്പോള്‍ അന്ന് പെയ്ത നിലാമഴ എന്നില്‍ പകര്‍ന്ന പുതു ജീവന്‍..
"നീയാണ് സത്യം..നീ മാത്രം..തളരരുത്..."
ഉള്ളിലിരുന്നു ആരോ പറഞ്ഞുകൊണ്ടേയിരുന്നു.നീറുന്ന കൈത്തലങ്ങള്‍ തഴുകിയ രശ്മികള്‍ രക്തവര്‍ണ്ണമായ് മാറി.എന്റെ മിഴികളിലെ ആഴത്തിലേയ്ക്ക് ഊളിയിട്ടു നക്ഷത്രകുഞ്ഞുങ്ങള്‍ പറഞ്ഞു..
"നീ എത്രമാത്രം നിന്നെ പ്രണയിക്കുന്നെന്ന സത്യം എന്തെ നീ തിരിച്ചറിയാതെ പോയി?ആര്ക്കും നിന്നോളം നിന്നെ പ്രണയിക്കാനാവില്ലാ."
അതെ...അവന്‍ എനിക്ക് ചുറ്റും നെയ്തത് സ്വാര്‍ത്ഥതയുടെ ചിലന്തിവലകളാണെന്നു ഞാനിന്നറിയുന്നു.വലയ്ക്കുള്ളിലെന്നെ കുടുക്കി നിര്‍ത്തി പുറത്ത് ഇരകളുമായ് രമിക്കുന്ന കൂറ്റന്‍ ചിലന്തികളെ ഞാന്‍ കാണുന്നു. അതിനെക്കാള്‍ എത്റയോ ഉയരെയാണ് എന്റെ ഈ ജന്മമെന്നു ഞാനിന്നറിയുന്നു.നിന്റെ മൌനം എന്റെ ഹൃദയത്തില്‍ നിറച്ച വേദന,നിന്റെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും വിളിച്ചോതിയ സത്യങ്ങള്‍...ഞാനറിയാതെ എന്നെ തേടി വന്ന ശാപവചനങ്ങള്‍..
നീ നീയും,ഞാന്‍ ഞാനുമായി ദേഹം വിട്ടൊഴിഞ്ഞിട്ടു മാസങ്ങളാകുന്നു.ഇനിയൊരിക്കലും നീയെന്ന പ്രതീക്ഷ ഈ മുല്ലവള്ളിയില്‍ പൂ വിടര്‍ത്തില്ല.ഈ ഉറച്ച മണ്ണില്‍ പ്രണയത്തിന്റെ നാമ്പ് മുളപൊട്ടില്ല .നിന്റെ വാക്കുകള്‍ ഇനിയൊരിക്കലും ഒരു തെന്നലായ് എന്റെ ചിന്തകളില്‍ ഒഴുകില്ലാ....
പച്ചപുക്കൊടിതുമ്പിലെ മഞ്ഞുതുള്ളിയില്‍ തെളിയുന്ന മഴവില്ലുകളേക്കാള്‍ ,കരിഞ്ഞ പുല്‍നാമ്പിലെ ഇനിയും നശിക്കാത്ത പ്രതീക്ഷകളുടെ പച്ചപ്പ് ഇന്നെന്നെ മോഹിപ്പിയ്ക്കുന്നു.
എന്റെ ആകാശത്തില്‍ ഇനി നീയെന്ന സുര്യനില്ല...
ഞാനെന്ന നിലാവ് മാത്രം..ഒപ്പം എന്റെ നക്ഷത്രകുഞ്ഞുങ്ങളും ,മുല്ലപൂക്കളുടെ സുഗന്ധവും..
ഞാനിപ്പോള്‍ എന്നെ ഒരുപാടു പ്രണയിക്കുന്നു...