
സ്വപ്നങ്ങളുടെ അര്‍ത്ഥം തേടിയുള്ള എന്റെ സഞ്ചാരങ്ങള്‍ എന്നും എന്നില്‍ അമ്പരപ്പ് മാത്രം അവശേഷിപ്പിക്കുന്ന അന്വേഷണങ്ങളുടെ ഒരു അപൂര്‍ണ്ണതയാണ്.സ്വപ്‌നങ്ങള്‍ യാത്ഥാര്‍ത്ഥ്യമാവുകയില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ?യഥാര്‍ത്ഥത്തില്‍ അവ സ്വപ്നങ്ങളോ അതോ ആറാം ഇന്ദ്രിയത്തിന്റെ കണ്‍കെട്ടുവിദ്യയോ?എന്ത് തന്നെയായാലും എന്റെ ഏകാന്ത നിമിഷങ്ങളില്‍ തികട്ടി വരുന്ന ചിന്തകളുടെ അര്‍ത്ഥമറിയാത്ത ചിത്രങ്ങളിലൊന്നാണ് എനിക്കിന്നീ സ്വപ്‌നങ്ങള്‍.
ചില സ്വപ്നങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നില്‍ അശാന്തി സൃഷ്ടിക്കാറുണ്ട്.കുഞ്ഞുനാളില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അപരിചിതമായ ഒരു നാലുകെട്ടും ,വലിയ നാഴികമണിയും,ആടിയുലഞ്ഞ് ആഞ്ഞുവീശി വഴിമുടക്കിയിരുന്ന ഭീമാകാരമായ പെന്‍റ്റുലവും,ഭ്രാന്തമായി എന്നെ ഓടിച്ചിരുന്ന വെളുത്ത പട്ടിയും ....പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മാമാങ്കത്തിന്റെ നാട്ടിലൊരു അജ്ഞാതവാസം.അന്നെനിക്ക് അഭയമേകിയത് പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു നാലുകെട്ടായിരുന്നു..അവിടെ കപടസ്നേത്തിന്റെ ചങ്ങലയില്‍ എന്നെ തളച്ചു വഴിമുടക്കിയ ,കണ്ണില്ലാത്ത ഹൃദയവും പേറി നടന്നൊരു മാന്യന്‍.ഒടുവില്‍ ചങ്ങല പൊട്ടിച്ചു നാട്ടിലെത്തിയപ്പോഴും വിടാതെ പിന്തുടര്‍ന്ന് എന്നെ ഓടിച്ചുകൊണ്ടിരുന്ന സ്വാര്‍ത്ഥതയുടെ ധാര്‍ഷ്ട്യം.
ഒരിക്കല്‍ സ്വപ്നത്തില്‍ ഞാനൊരു പുഴയോരം കണ്ടു.രാവേറെ വൈകിയിരിക്കുന്നു.അരണ്ട നിലവെളിച്ചത്തില്‍ തിരിച്ചറിഞ്ഞു, ഞാനവിടെ തനിച്ചല്ല...തണുത്ത കാറ്റേറ്റ് വിറപൂണ്ട് കുറെ ഈറന്‍ രൂപങ്ങള്‍.ആരുടേയും മുഖം വ്യക്തമല്ല.എങ്കിലും ഒരു മുഖം ഞാന്‍ തിരിച്ചറിഞ്ഞു,അച്ഛന്റെ ജ്യേഷ്ഠസഹോദരന്റ്റെ മകള്‍.നേരം പുലര്‍ന്നിട്ടും സ്വപ്നം എന്നില്‍ നിറച്ച അകാരണമായ അശാന്തി വിട്ടൊഴിയാതെ പീഡിപ്പിച്ചു കൊണ്ടിരുന്നു.ഒടുവില്‍ കുഞ്ഞെട്ടനോട് സ്വപ്നം എന്നില്‍ തീര്‍ത്ത കനത്ത മ്ലാനതയെ കുറിച്ചു സൂചിപ്പിച്ചു."ഹും,തൊടങ്ങി അവളുടെ ...എന്തിനാടോ വെറുതെ ഓരൊന്നാലോചിച്ചു കൂട്ടി ഇല്ലാത്ത ടെന്‍ഷന്‍ ഉണ്ടാക്കുന്നേ?വിട്ടുകള..."ഒന്നും മിണ്ടാതെ കനം തുങ്ങിയ മനസ്സുമായി മുറിയിലേയ്ക്ക്.അടുത്ത ദിവസം എല്ലാവരെയും ഉണര്‍ത്തിയത് കോളിങ്ങ് ബെല്ലിന്റെ സ്വരമാണ്.മുറ്റത്ത് നാട്ടില്‍ നിന്നും അച്ഛന്റെ അനിയത്തിയുടെ മകന്‍.."കണ്ണന്‍ വല്യച്ചന്‍ പോയി...മിനിയാന്ന് ...രാത്രി തന്നെ എല്ലാം..."തളര്‍ന്നിരിക്കുന്ന അച്ഛന്‍.കൂടപ്പിറപ്പിന്റെ മരണം സൃഷ്‌ടിച്ച ആഘാതത്തിനപ്പുറം ,വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടും വീടും വിട്ടു കുടുംബത്തോടൊപ്പം എവിടെ എത്തപ്പെട്ട ഈ അനിയന്റെ വരവിനായി ആരും കാത്തുനിന്നില്ലെന്ന സത്യം ... അതിനിടയില്‍ ഞെട്ടിക്കുന്ന
തിരിച്ചറിവ്...മിനിയാന്ന് രാത്രി...സ്വപ്നത്തില്‍ ചേച്ചിയുടെ വിളറിയ മുഖം..അവിടെ വല്യച്ഛന്റെ ചിതയെരിയുമ്പോള്‍ ഞാന്‍ അര്ത്ഥമറിയാ സ്വപ്നത്തിന്റെ പൊരുള്‍ തേടുകയായിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍ എനിയ്ക്ക് മരണത്തിന്റെ നിസ്സഹായതയും,ജീവിതത്തിന്റെ മാധുര്യവും പകര്‍ന്നു തന്നുകൊണ്ടിരിക്കുന്നു...കാളകൂടവിഷത്തിന്റെ കയ്പ്പും പറന്ന് അകലുന്ന ജീവന്‍ തോണ്ടയിലവശേഷിപ്പിക്കുന്ന വരള്‍ച്ചയും കണ്ണില്‍ നിറഞ്ഞൊഴുകുന്ന നിസ്സഹായതയും എനിയ്ക്ക് കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു...അഥവാ അറിയിച്ചുകൊണ്ടേയിരിക്കുന്നു.ഞെട്ടിയുണര്‍ന്ന് , വിഷാദത്തോടെ ,നനഞ്ഞ മിഴിയിണകള്‍ വലിച്ചു തുറക്കുമ്പോള്‍ ഉള്ളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ തംബുരു മീട്ടുന്നു.ഒരു ജന്മത്തിന്റെ നിറഞ്ഞ ആഹ്ലാദമായി...
കണ്ടറിഞ്ഞ സ്വപ്നങ്ങള്‍ക്ക് മേല്‍ യാത്ഥാര്‍ത്ത്യത്തിന്റെ തൂവല്‍ സ്പര്ശമേല്ക്കുമ്പോള്‍ സ്വപ്നം എന്ന വാക്കിന് പുതിയ അര്‍ത്ഥവും വ്യാഖ്യാനവും തേടാന്‍ ഞാന്‍ പ്രെരിതയാവുകയാണ് എല്ലാമറിയുന്ന മനസ്സ് പ്രാര്ത്ഥിയ്ക്കുന്നു,സ്വപ്‌നങ്ങള്‍ കാണാതിരിയ്ക്കാന്‍..
കാണുന്നതെല്ലാം സത്യമാവാതിരിയ്ക്കാന്‍...
സത്യമായവ വെറുമൊരു സ്വപ്നമാവാന്‍..
സങ്കല്‍പ്പമാവാന്‍...
അപ്പോഴും പിടികിട്ടാത്ത സത്യങ്ങളായി സ്വപ്നദര്‍ശനങ്ങള്‍ എന്നില്‍ നിറയുകയാണ്...